സഞ്ജു പുറത്താണ്, ഇനിയൊരു പരീക്ഷണത്തിന് ടീം ഇന്ത്യ മുതിരില്ല, തുറന്നടിച്ച് ഇന്ത്യന്‍ താരം

Image 3
Cricket

മലയാളി താരം സഞ്ജു സാംസണിനെ ഇനി ഇന്ത്യയുടെ ഓപ്പണിംഗ് സ്ഥാനത്തേയ്ക്ക് പരിഗണിക്കില്ലെന്ന വിലയിരുത്തലുമായി മുന്‍ ഇന്ത്യന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ ആകാശ് ചോപ്ര. ഓപ്പണിംഗ് സ്ഥാനത്തേയ്ക്ക് ഈ വര്‍ഷം ഇന്ത്യ ഒരുപാട് പരീക്ഷണങ്ങള്‍ നടത്തി കഴിഞ്ഞെന്നും സഞ്ജുവിനെ ഇനി ഓപ്പണിംഗ് സ്ഥാനത്തേയ്ക്ക് പരിഗണിക്കില്ലെന്നും ആകാശ് ചോപ്ര പറയുന്നു.

‘സഞ്ജു സാംസണ്‍ രണ്ട് മത്സരങ്ങളില്‍ ഇന്ത്യക്കായി ഓപ്പണര്‍ ചെയ്തിട്ടുണ്ട്, 95 റണ്‍സ് നേടാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അടുത്ത മത്സരത്തിലൊക്കെ അദ്ദേഹം സെലക്ഷനിലുണ്ട്. എന്നാല്‍ സൂര്യയെ ആദ്യ മത്സരത്തില്‍ ഓപ്പണിങ് ഇറക്കിയ ഇന്ത്യ എല്ലാ മത്സരത്തിലും ഓപ്പണര്‍മാരെ മാറ്റുമെന്ന് ഞാന്‍ കരുതുന്നില്ല. സാംസണ്‍ ഓപ്പണര്‍ ആകാനുള്ള മത്സരത്തില്‍ ഏകദേശം പുറത്തായി,’ ചോപ്ര പറഞ്ഞു.

തന്റെ യൂറ്റിയൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര. സഞ്ജുവിന്റെ ട്വന്റി-20 കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 77 റണ്‍സ് നേടിയത് ഓപ്പണിങ് ഇറങ്ങിയിട്ടായിരുന്നു.

നിലവില്‍ വെസ്റ്റിന്‍ഡീസ് പര്യടനത്തിലാണ് സഞ്ജു അടങ്ങുന്ന ടീം ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. ആദ്യ ട്വന്റി-20യിലും ഇന്ത്യ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. നായകന്‍ രോഹിത് ശര്‍മയുടെ കൂടെ സൂര്യകുമാര്‍ യാദവായിരുന്നു ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങിത്.