ക്യാപ്റ്റനായി ഞെട്ടിച്ചു, വേണ്ട സമയത്ത് വേണ്ടത് വിവേകപൂര്‍വം ചെയ്ത് രഹാന

സഞ്ജീവ് വാസുദേവന്‍

ആഡം ഗില്‍ക്രിസ്റ്റ് ഒരു ഇന്റര്‍വ്യൂയില്‍ പറഞ്ഞു കണ്ടിട്ടുണ്ട്, ഒരു വൈസ് ക്യാപ്റ്റന്റെ റോള്‍ ടീമിന്റെ ക്യാപ്റ്റനും മറ്റു അംഗങ്ങളും തമ്മിലുള്ള അകലം കുറക്കുക എന്നതാണ്. ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റിലും മികച്ച രണ്ടു ക്യാപ്റ്റന്‍മാരുടെ ഒപ്പം വൈസ് ക്യാപ്റ്റന്‍ റോള്‍ ചെയ്ത ഗില്‍ക്രിസ്റ്റിന്റെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയെന്നു തോന്നിയത് രഹാനെയുടെ ക്യാപ്റ്റന്‍സി കണ്ടപ്പോഴാണ്.

2017 ലെ ധര്‍മശാല ടെസ്റ്റില്‍ കുല്‍ദീപ് യാദവിനെ നന്നായി ഉപയോഗിച്ച, സീരീസ് നേടിയ, അതേ ക്യാപ്റ്റന്‍സി തന്നെയാണ് ബോക്‌സിങ് ഡേ ടെസ്റ്റിലെ ആദ്യദിനത്തില്‍ കണ്ടത്. എല്ലാ ക്യാപ്റ്റന്‍മാരും ഇതൊക്കെ ചെയ്യുന്നുണ്ടാവും പക്ഷെ രഹാനെ അല്‍പം വ്യത്യസ്ഥനാണ്. ഇവിടെ നായകത്വം പങ്കുവെക്കുന്ന രീതിയാണ് കണ്ടത്.

ഒരു കരിസ്മാറ്റിക് ഫിഗര്‍ ആയ വിരാട് കോഹ്ലിയുടെ അഭാവത്തില്‍ ടീമില്‍ ഒന്നിലധികം ‘ക്യാപ്റ്റന്‍മാരുടെ’ ഒത്തിണക്കം ഇന്ന് കണ്ടു. ഹര്‍ഷ ഭോഗ്‌ളെ കമന്ററിയില്‍ പറഞ്ഞതും അതു തന്നെയാണ്. മിക്കപ്പോഴും ടീമിലെ അംഗങ്ങളെ ഒന്നിച്ചു നിര്‍ത്തി ഫീല്‍ഡിങ് പ്ലാന്‍ ചെയ്തു.

ഫാസ്റ്റ് ബൗളിംഗിന്റെ മേല്‍നോട്ടം ഭുംറയെ ഏല്പിച്ചു സ്പിന്‍ ബൗളിംഗ് അശ്വിനും. തങ്ങളുടെ മേഖലയില്‍ അവര്‍ മികച്ച കളിക്കാരാണെന്ന് അംഗീകരിക്കുന്നതോടൊപ്പം അവരില്‍ നിന്ന് ഫീല്‍ഡിങ് ന് വേണ്ട ആശയങ്ങള്‍ സ്വീകരിക്കുക കൂടി ചെയ്തു. നേരത്തെ പറഞ്ഞ വൈസ് ക്യാപ്റ്റന്‍ റോള്‍ മനസിലാക്കിയത് കൊണ്ടാവണം രഹാനെക്ക് അത് സാധിച്ചതും.

കളിയുടെ പത്താമത്തെ ഓവറിനു ശേഷം സ്പിന്‍ കൊണ്ട് വന്നു. ആദ്യ സെഷനില്‍ മൂന്നു വിക്കറ്റുകള്‍ ഓസ്‌ട്രേലിയക്ക് നഷ്ടമായി. ആദ്യ സെഷനിലെ പകുതി ഓവറുകള്‍ അശ്വിന്‍ തന്നെയാണ് ചെയ്തതും, സ്മിത്തിന്റെ അടക്കം രണ്ടു വിക്കറ്റുകളും കിട്ടി. ഒരു ബൗളറും ദൈര്ഘ്യമുള്ള സ്‌പെല്‍ ചെയ്തിട്ടില്ല അത് കളിക്കാരുടെ ക്ഷീണം കുറക്കുന്നതില്‍ സഹായിച്ചു എന്ന് തന്നെ വേണം കരുതാന്‍.

മൂന്ന് ബൗളര്‍മാര്‍ 15 ല്‍ കൂടുതല്‍ ഓവറുകള്‍ ചെയ്തിട്ടുണ്ട് എങ്കിലും പന്തെറിയുന്ന കൃത്യതയില്‍ കാര്യമായ വ്യത്യാസം കണ്ടിരുന്നില്ല. പിച്ചിലെ ഈര്‍പ്പം നന്നായി ഉപയോഗിച്ചു, അശ്വിനെ രണ്ട് എന്‍ഡില്‍ നിന്നും ബൗള്‍ ചെയ്യിപ്പിച്ചു. ഏഴ് വിക്കറ്റ് പോയ ശേഷം വീണ്ടും ഭുംറ, ടെയ്ല്‍ എന്‍ഡേഴ്‌സ്‌നെതിരേ എന്നും മികച്ച ബൗളിംഗ് ആണ് ഭുംറ കാഴ്ച വെച്ചിട്ടുള്ളത്. സ്റ്റാര്‍ക്കും ലിയോണും അതില്‍ വീണു. വേണ്ട സമയത്ത് വേണ്ടത് വിവേകപൂര്‍വം ചെയ്ത് രഹാനെ നല്ലൊരു നായകന്‍ ആയി.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like