ഇന്ത്യന്‍ ടീമില്‍ രക്ഷയില്ല, ഇംഗ്ലണ്ട് ടീമിലേക്ക് ചേക്കേറി ഇന്ത്യന്‍ സൂപ്പര്‍ താരം

മുന്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും മുംബൈ നായകനുമായ അജിങ്ക്യ രഹാനെ വീണ്ടും കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് വിമാനം കയറുന്നു. ഈ സീസണില്‍ ലെസ്റ്റര്‍ഷെയറിനായി കളിക്കാനാണ് രഹാനയുടെ തീരുമാനം. ഐപിഎല്ലിന് ശേഷം ജൂണിലായിരിക്കും രഹാനെ ടീമിനൊപ്പം ചേരുക.

ലെസസ്റ്ററിനായി കളിക്കാനായി കാത്തിരിക്കുകയാണെന്നും പുതിയ ടീം അംഗങ്ങള്‍ക്കും ലെസസ്റ്ററിനായി കളിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്നും രഹാനെ പറഞ്ഞു.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമാണ് രഹാനെ. കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ എട്ട് മത്സരങ്ങളിലും റോയല്‍ ലണ്ടന്‍ കപ്പ് ഏകദിന ടൂര്‍ണമെന്റിലും രഹാനെയ്ക്ക് കളിക്കാനാവും. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ലക്ഷ്യമിട്ടാണ് രഹാനയുടെ കൗണ്ടി പ്രവേശനം.

2019ല്‍ രഹാനെ കൗണ്ടി ടീമായ ഹാംഷെയറിന് വേണ്ടി കളിച്ചിരുന്നു. ഹാംഷെയറിന് വേണ്ടി കളിച്ച ആദ്യ ഇന്ത്യന്‍ താരവുമാണ് രഹാനെ. ഈ രഞ്ജി സീസണില്‍ മുംബൈയെ നയിച്ച രഹാനെ 500ലേറെ റണ്‍സടിച്ചെങ്കിലും മുംബൈ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത് തിരിച്ചടിയായിരുന്നു.

34കാരനായ രഹാനെ ടെസ്റ്റില്‍ 12 സെഞ്ച്വറികളോടെ 38.52 ശരാശരിയില്‍ 4931 റണ്‍സും ഏകദിനത്തില്‍ 2962 റണ്‍സും ഇന്ത്യക്കായി നേടിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് താരം.

You Might Also Like