ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്നത് ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ നടപടി, ഇവാനും കുരുങ്ങും

ബെംഗളൂരുവിനെതിരെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മത്സരം ഉപേക്ഷിച്ച് മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ കാത്തിരിക്കുന്നത് വലിയ നടപടി. പ്ലേ ഓഫ് മത്സരത്തിലാണ് ഛേത്രിയുടെ ഗോൾ റഫറി അനുവദിച്ചതിൽ പ്രതിഷേധമുയർത്തി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ടീം വിട്ടത്. ഇതോടെ മത്സരത്തിൽ ബെംഗളൂരു വിജയിച്ചു.

മത്സരം ഉപേക്ഷിച്ചു പോകുന്നത് വലിയ കുറ്റമാണെന്നിരിക്കെ ബ്ലാസ്റ്റേഴ്‌സിനെതിരെ നടപടി ഉണ്ടാകുമെന്ന വാർത്തകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. അതിനിടയിൽ ആരാധകരുടെ പ്രതിഷേധം കാരണം നടപടി പരിശീലകന് മാത്രമായി ഒതുക്കാനുള്ള സാധ്യതകളും ഉണ്ടായിരുന്നു. എന്നാൽ രണ്ടു പേർക്കുമെതിരെ നടപടി ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ പിഴശിക്ഷ ഉണ്ടാകാനാണ് സാധ്യത. അഞ്ചു മുതൽ ഏഴു കോടി രൂപ വരെയാണ് ബ്ലാസ്റ്റേഴ്‌സ് പിഴയായി അടക്കേണ്ടി വരികയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത്രയും തുക പിഴയായി വന്നാൽ ഇന്ത്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും ഉയർന്ന തുകക്കുള്ള നടപടി ആയിരിക്കുമിത്.

അതിനു പുറമെ ഇവാനെതിരെ നടപടി ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ വിലക്കാനുള്ള സാധ്യതയാണ് കൂടുതൽ കാണുന്നത്. വിലക്കിന്റെ കാലാവധി അറിയില്ലെങ്കിലും സൂപ്പർകപ്പിനു മുൻപ് വിലക്കിയാൽ ടൂർണമെന്റിൽ ടീമിനെ നയിക്കാൻ അദ്ദേഹമുണ്ടാകില്ല.

ഇന്ത്യൻ ഫുട്ബോളിലെ വലിയൊരു പോരായ്‌മ ചൂണ്ടിക്കാണിക്കാൻ വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ കളിക്കളം വിട്ടത്. അതിനു പിന്നാലെ അടുത്ത സീസണിൽ വീഡിയോ റഫറിയിങ് സംവിധാനം കൊണ്ടുവരാനുള്ള നീക്കങ്ങൾ എഐഎഫ്എഫ് നടത്തുന്നുണ്ട്. എന്നാൽ ഈ പ്രതിഷേധത്തിന് വലിയ വിലയാണ് ബ്ലാസ്റ്റേഴ്‌സ് നൽകേണ്ടി വന്നത്.

You Might Also Like