അന്‍വര്‍ അലിയ്ക്ക് മറ്റൊരു വന്‍ വാഗ്ദാനവുമായി ഫുട്‌ബോള്‍ ഫെഡറേഷന്‍

ഗുരുദര ഹൃദ്രോഗത്തെ തുടര്‍ന്ന് ഫുട്‌ബോള്‍ കരിയര്‍ തുടക്കത്തിലേ ഉപേക്ഷിക്കേണ്ടി വരും എന്ന് ഉറപ്പായ യുവ ഫുട്‌ബോള്‍ താരം അന്‍വര്‍ അലിയ്ക്ക് മറ്റൊരു കരിയര്‍ വാഗ്ദാനം ചെയ്ത് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. അന്‍വര്‍ അലിയ്ക്ക് കോച്ചിംഗ് ജോലിയോ ഫുട്‌ബോള്‍ അഡ്മിനിട്രേറ്റീവ് ജോലിയോ നല്‍കാമെന്നാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ വാഗ്ദാനം.

‘അവന്റെ ഹൃദയത്തിന്റെ അവസ്ഥ അറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കെല്ലാം വലിയ ഷോക്കായിരുന്നു. വളരെ സങ്കടകരമാണത്. അവന്റെ ജീവന്‍ വെച്ച് റിസ്‌ക് എടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. നിരവധി ഡോക്ടര്‍മാരില്‍ നിന്ന് ഇതുസംബന്ധിച്ച് കൃത്യമായ അഭിപ്രായം ഞങ്ങള്‍ക്ക് ലഭിച്ചു. അദ്ദേഹത്തെ ഫുട്‌ബോള്‍ കളിപ്പിക്കുന്നത് അവന്റെ ജീവന്‍ തന്നെ അപകടത്തിലാക്കും. അവനെ കളിപ്പിക്കുക എന്നത് അവനെ കൊല്ലുന്നതിന് തുല്യമാണ്’ എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പറയുന്നു.

‘അന്‍വറിന് മറ്റൊരു കരിയര്‍ വാഗ്ദാനം ചെയ്യുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. യുവതാരങ്ങളെ കണ്ടെത്തുന്നതിന് അവന് പെട്ടെന്ന് കഴിയും. അവന് കോച്ചിംഗ് ലൈസന്‍സ് വളരെ എളുപ്പത്തില്‍ ലഭിക്കുന്നതിനും ഞങ്ങള്‍ക്ക് സഹായിക്കാനാകും. ഇതില്‍ ഏത് വേണമെന്നത് അവന് തീരുമാനിക്കാം’ ജനറല്‍ സെക്രട്ടറി പറയുന്നു.

മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് താരമായ അന്‍വര്‍ കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയനായിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടുകള്‍ ക്ലബ് ഫെഡറേഷന് അയച്ചു കൊടുത്തു. ഡോ. വീസ് പെയ്‌സ് തലവനായ സ്‌പോര്‍ട്‌സ് മെഡിക്കല്‍ കമ്മിറ്റിയാണ് അന്‍വര്‍ കളി തുടരുന്നത് അപകടമാണെന്നു നിര്‍ദേശം നല്‍കിയത്.

മുന്‍പു ഫ്രാന്‍സില്‍ പോയി നടത്തിയ പരിശോധനയില്‍ അന്‍വറിനു രോഗം സ്ഥിരീകരിച്ചിരുന്നു. പഞ്ചാബ് താരമായ അന്‍വര്‍ ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പ് ടീമില്‍ സ്ഥിരാംഗമായിരുന്നു.

You Might Also Like