ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വസിക്കാം, തിരിച്ചടികൾക്കിടയിൽ പ്രതീക്ഷയുടെ നാളം തെളിയുന്നു

ചങ്കു പറിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിനെ സ്നേഹിക്കുന്ന നിരവധി ആരാധകർക്ക് തിരിച്ചടി നൽകിയ മറ്റൊരു സീസൺ കൂടി കടന്നു പോയി. ഐഎസ്എല്ലിൽ നിലവിൽ കളിക്കുന്ന ടീമുകളിൽ ഇതുവരെ കിരീടം നേടാത്ത ക്ലബായി ഇപ്പോൾ അവശേഷിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും മാത്രമാണ്. അതുകൊണ്ടു തന്നെ അടുത്ത സീസണിൽ കിരീടാവരൾച്ചക്ക് അവസാനം കുറിക്കാനുള്ള പ്രയത്നത്തിലാണ് ക്ലബ് നേതൃത്വം.

അതിനിടയിലാണ് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ എഐഎഫ്എഫ് വിധിച്ച പിഴശിക്ഷക്കെതിരെ ക്ലബും പരിശീലകനും നൽകിയ അപ്പീൽ തള്ളിയത്. രണ്ടാഴ്‌ചക്കുള്ളിൽ പിഴ അടക്കണമെന്ന നിർദ്ദേശവും അവർ നൽകിയിട്ടുണ്ട്. നാല് കോടി രൂപയാണ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ നിന്നും ഇറങ്ങിപ്പോയതിന്റെ ഭാഗമായി ബ്ലാസ്റ്റേഴ്‌സ് അടക്കേണ്ടത്. ഇവാൻ വുകോമനോവിച്ച് അഞ്ചു ലക്ഷവും നൽകണം.

ഇത്രയും വലിയൊരു തുക പിഴയായി ലഭിച്ചതിനാൽ തന്നെ അത് നൽകുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ട്രാൻസ്‌ഫർ പദ്ധതികളെ ബാധിക്കുമോയെന്ന സംശയം ആരാധകർക്ക് ഉണ്ടായിരുന്നു. എന്നാൽ അത്തരത്തിലുള്ള ആശങ്ക വേണ്ടെന്നാണ് ട്രാൻസ്‌ഫർ എക്സ്പെർട്ടായ മാർക്കസ് മെർഗുലാവോ റിപ്പോർട്ട് ചെയ്യുന്നത്. ഈ പിഴ നൽകേണ്ടി വരുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിട്ടുള്ള താരങ്ങളെ ടീമിലെത്തിക്കുന്നതിനു തടസമാകില്ലെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം ഒരു ആരാധകനു മറുപടിയായി പറഞ്ഞത്.

ഇതുവരെ രണ്ടു സൈനിംഗുകളാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിലേക്കായി നടത്തിയത്. ഓസ്‌ട്രേലിയൻ താരം ജോഷുവ, കഴിഞ്ഞ സീസണിൽ ബെംഗളൂരുവിൽ കളിച്ച പ്രബീർ ദാസ് എന്നിവർ ക്ലബിലെത്തി അതേസമയം കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന ആറു താരങ്ങൾ ക്ലബ് വിട്ടിട്ടുണ്ട്. ഈ താരങ്ങൾക്ക് മികച്ച പകരക്കാരെ കണ്ടെത്താതെ ബ്ലാസ്റ്റേഴ്‌സിന് അടുത്ത സീസണിൽ കിരീടമെന്ന ലക്‌ഷ്യം നേടാൻ കഴിയില്ല.

You Might Also Like