കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി, ക്ലബ്ബിന്റെയും പരിശീലകന്റെയും അപ്പീലുകൾ തള്ളി

അടുത്ത സീസണിലേക്ക് ടീമിനെ ഒരുക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചടിയായി ക്ലബും പരിശീലകനും നൽകിയ അപ്പീൽ എഐഎഫ്എഫ് തള്ളിക്കളഞ്ഞു. ബെംഗളൂരു എഫ്‌സിയോട് നടന്ന പ്ലേ ഓഫ് മത്സരത്തിനിടെ ഛേത്രി നേടിയ ഗോളിൽ പ്രതിഷേധിച്ച് കളിക്കളം വിട്ടതിനെതിരെയുള്ള ശിക്ഷാനടപടി പിൻവലിക്കാൻ ആവശ്യപ്പെട്ടുള്ള അപ്പീലാണ് എഐഎഫ്എഫ് തള്ളിക്കളഞ്ഞത്.

പ്ലേ ഓഫ് മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിലാണ് വിവാദസംഭവം ഉണ്ടായത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയ്യാറെടുക്കും മുൻപ് ഛേത്രി ഫ്രീകിക്ക് എടുത്ത് ഗോളാക്കി മാറ്റി. റഫറി അത് അനുവദിക്കുകയും ചെയ്‌തു. ഇതിനെതിരെ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ അപ്പോൾ തന്നെ പ്രതിഷേധം ഉയർത്തിയിരുന്നു. തുടർന്ന് പരിശീലകൻ താരങ്ങളെ തിരിച്ചു വിളിക്കുകയും ചെയ്‌തു.

സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബിന് നാല് കോടി രൂപയാണ് എഐഎഫ്എഫ് പിഴയായി ചുമത്തിയത്. ഇതിനു പുറമെ പരിശീലകൻ വുകോമനോവിച്ചിന് പത്ത് മത്സരങ്ങളിൽ വിലക്ക്, അഞ്ചു ലക്ഷം രൂപ പിഴ എന്നിവയും നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവർ അപ്പീൽ നൽകിയത്. എന്നാൽ ഇത് എഐഎഫ്എഫ് അപ്പീൽ കമ്മിറ്റി തള്ളുകയായിരുന്നു.

അപ്പീൽ തള്ളിയതിനു പിന്നാലെ രണ്ടാഴ്‌ചക്കകം പിഴത്തുക അടക്കണമെന്ന് എഐഎഫ്എഫ് വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്‌. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിഷേധം വലിയ വിവാദമായതിനെ തുടർന്ന് വീഡിയോ റഫറിയിങ് അടുത്ത സീസണിൽ ഏർപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ടീമിനും പരിശീലകനും തിരിച്ചടി തുടരുകയാണ്.

You Might Also Like