ദ്രാവിഡ് ഇങ്ങനെ കരയുമെന്ന് കരുതിയില്ല, തുറന്ന് പറഞ്ഞ് ഇന്ത്യന്‍ താരം

Image 3
CricketTeam IndiaWorldcup

2024 ടി20 ലോകകപ്പിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ നിമിഷങ്ങളിലൊന്ന് ട്രോഫിയും കെട്ടിപ്പിടിച്ച് കരയുന്ന രാഹുല്‍ ദ്രാവിഡിന്റെ ചിത്രമായിരുന്നുവെന്ന് ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. 11 വര്‍ഷത്തെ ഇന്ത്യയുടെ ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിച്ചാണ് ദ്രാവിഡ് ടീം ഇന്ത്യയെ 2024 ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചത്.

കളിക്കാരനെന്ന നിലയിലോ ക്യാപ്റ്റനെന്ന നിലയിലോ ഒരു കിരീടം പോലും നേടാന്‍ സാധിക്കാതിരുന്ന ദ്രാവിഡിന് ഒടുവില്‍ ഇന്ത്യന്‍ ടീം പരിശീലകനെന്ന നിലയിലുള്ള അവസാന ടൂര്‍ണമെന്റില്‍ കിരീടത്തോടെ മടങ്ങാനായി.

അശ്വിന്റെ വാക്കുകള്‍

‘വിരാട് കോലി (ലോകകപ്പ് വിജയത്തിന് ശേഷം) രാഹുല്‍ ദ്രാവിഡിനെ വിളിച്ച് അദ്ദേഹത്തിന് ട്രോഫി നല്‍കിയ നിമിഷമാണ് എന്നെ സംബന്ധിച്ച് ഏറ്റവും ഹൃദയസ്പര്‍ശിയായത്. അദ്ദേഹം ആ ട്രോഫിയും കെട്ടിപ്പിടിച്ച് അലറി കരയുന്നത് ഞാന്‍ കണ്ടു. അദ്ദേഹം അത് ആസ്വദിക്കുന്നതും കണ്ടു.’ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ അശ്വിന്‍ പറഞ്ഞു.

ദ്രാവിഡിന്റെ സമര്‍പ്പണം

ദ്രാവിഡിന്റെ ആസൂത്രണത്തെയും ടീമിനോടുള്ള പ്രതിബദ്ധതയെയും കുറിച്ചും അശ്വിന്‍ വാചാലനായി. ടീമിന്റെ സമീപനം മാറ്റാന്‍ അദ്ദേഹം ഒരുപാട് പരിശ്രമിച്ചിട്ടുണ്ടെന്നും ഓരോ കളിക്കാരനും ദ്രാവിഡിന്റെ പ്രത്യേക ശ്രദ്ധ കിട്ടിയിട്ടുണ്ടെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

വീട്ടില്‍ ഇരിക്കുമ്പോള്‍ പോലും ടീമിനായി ഓരോ കാര്യങ്ങളും എങ്ങനെ ചെയ്യണമെന്ന് പ്ലാന്‍ ചെയ്യുന്നയാളാണ് ദ്രാവിഡെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞ ദ്രാവിഡ് വിവിധ ഐപിഎല്‍ ഫ്രാഞ്ചസികളുമായി ചര്‍ച്ചയിലാണ്.