വാരിക്കുഴിയിലെ കൊലപാതകം, ഇംഗ്ലണ്ട് വീണ്ടും പുറത്ത്, ഡിന്നറാകും മുമ്പേ വീണത് 17 ബാറ്റ്‌സ്മാന്‍മാര്‍

ഇംഗ്ലണ്ടിനെതിരെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഒന്നര ദിവസം പിന്നിട്ടപ്പോഴേക്കും ഇന്ത്യ വിജയലക്ഷ്യം കുറിച്ചു. കേവലം 48 റണ്‍സാണ് നിര്‍ണായക ടെസ്റ്റ് വിജയിക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടത്. പതിവ് പോലെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കുരുതി നടത്തിയപ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ വീണത് കേവലം 81 റണ്‍സിനാണ്.

ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ നേടിയ 33 റണ്‍സ് ലീഡ് കൂടി കുറച്ചതോടെയാണ് ഇംഗ്ലണ്ടിന്റെ കാര്യം കൂടുതല്‍ പരിതാപകരം ആയത്.

15 ഓവറില്‍ 32 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ പട്ടേലും 15 ഓവറില്‍ 48 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിനുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്ത്. കേവലം നാല് പന്തെറിഞ്ഞ സുന്ദര്‍ ഒരു റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. ഇതോടെ അശ്വിന്‍ ടെസ്റ്റില്‍ 400 വിക്കറ്റ് തികയ്ക്കുന്ന താരമായി മാറി. അക്‌സറാകട്ടെ കരിയറിലാദ്യമായി 10 വിക്കറ്റ് നേട്ടവും സ്വന്തമാക്കി.

ഇംഗ്ലണ്ടിനായി 25 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സ് ആണ് ടോപ് സ്‌കോറര്‍. ജോറൂട്ട് (19), പോപ്പ് (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ഇംഗ്ലീഷ് താരങ്ങള്‍. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിന് പിന്നീടൊരു തിരിച്ചുവരവ് ഉണ്ടായില്ല.

നേരത്തെ മൂന്നിന് 99 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 46 റണ്‍സ് കൂട്ടിചേര്‍ക്കുമ്പോഴേക്കും അവസാന ഏഴ് വിക്കറ്റും നഷ്ടമാകുകയായിരുന്നു. 6.2 ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജോ റൂട്ടും 20 ഓവറില്‍ 54 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ജാക്ക് ലീച്ചുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.

ഇന്ത്യയ്ക്കായി 66 റണ്‍സെടുത്ത രോഹിത്ത് ശര്‍മ്മയാണ് ടോപ് സ്‌കോര്‍. 17 റണ്‍സെടുത്ത് അശ്വിനും 10 റണ്‍സെടുത്ത് ഇഷാന്ത് ശര്‍മ്മയും പിടിച്ച് നിന്നു. രഹാന (ഏഴ്), പന്ത് (ഒന്ന്), വാഷിംഗ്ടണ്‍ സുന്ദര്‍ (0), അക്‌സര്‍ പട്ടേല്‍ (0), ജസ്പ്രിത് ഭുംറ (1) എന്നിങ്ങനെയാണ് ഇന്ന് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന.

നേരത്തെ കോഹ്ലി (27), ഗില്‍ (11) എന്നിവര്‍ പിടിച്ച് നിന്നപ്പോള്‍ പൂജാര പൂജന്യനായി പുറത്തായി. ആദ്യ ഇ്‌നിംഗ്‌സില്‍ ഇംഗ്ലണ്ട് 112 റണ്‍സിന് പുറത്തായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ പട്ടേലിന്റെ മികവിലായിരുന്നു ഇന്ത്യ ഇംഗ്ലണ്ടിനെ 112ന് പുറത്താക്കിയത്.

You Might Also Like