ടീമിലില്ലെങ്കിലും അഗ്യൂറോ ഇനിയും ‘തിളങ്ങും’ സിറ്റിയുടെ കുപ്പായത്തിൽ

മാഞ്ചസ്റ്റർ സിറ്റി പുതിയ പ്രീമിയർ ലീഗ് സീസണിനായി ഒരുങ്ങുന്നത് പ്യൂമ ഒരുക്കിയ പുതുപുത്തൻ ജേഴ്സിയുമായാണ്. സിറ്റി ആദ്യമായി പ്രീമിയർലീഗ് കിരീടം ചൂടിയതിന്റെ പത്താംവാർഷികത്തിൽ ഇറക്കുന്ന ജേർസിക്ക് പ്രത്യേകതകൾ ഏറെ.

ലോകത്തെ ഏറ്റവും ആരാധകരുള്ള ക്ലബുകളിൽ ഒന്നാണ് ഇന്ന് സിറ്റി. എന്നാൽ, പത്തുവർഷം മുൻപ് അങ്ങനെയായിരുന്നില്ല. അലക്സ് ഫെർഗൂസന്റെ കീഴിൽ മാഞ്ചസ്റ്റർ ‘യുണൈറ്റഡ്’ അടക്കിഭരിച്ചിരുന്ന കാലം. ‘ശബ്‌ദക്കാരായ അയൽക്കാർ’, എണ്ണ ക്ലബ് (അറേബിയൻ പണം സിറ്റിയിൽ വന്നതിനെ പരിഹസിക്കുന്നത്), എംപ്റ്റി-ഹാദ് (സിറ്റിയുടെ സ്പോൺസറായ ഇഹ്തിഹാദിനെ കളിയാക്കിയും, സിറ്റി കപ്പൊന്നും നെടിയിട്ടില്ലെന്നും ഓർമ്മിപ്പിക്കാൻ) എന്നൊക്കെയായിരുന്നു സിറ്റിയുടെ വിളിപ്പേര്.

2010 – 2011 സീസണിലാണ് ഈ ചീത്തപ്പേര് ആദ്യമായി സിറ്റി മാറ്റിയെടുത്തത്. അന്ന് അക്ഷരാർത്ഥത്തിൽ ഫൈനലായി മാറിയ പ്രീമിയർലീഗ് കലാശപ്പോരാട്ടത്തിൽ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ അഗ്യൂറോ നേടിയ ഗോളിലാണ് സിറ്റി ചാമ്പ്യന്മാരായത്. ‘മാഞ്ചസ്റ്റർ നീലയായ രാത്രി’യെന്നാണ് കാവ്യാത്മകമായി ആ രാവിനെ ഫുട്ബോൾ ലോകം വിശേഷിപ്പിക്കാറ്.

പിന്നീടിങ്ങോട്ട് മാഞ്ചസ്റ്ററിൽ യുണൈറ്റഡിന്റെ പതനവും, സിറ്റിയുടെ അപ്രമാദിത്വവുമാണ് വ്യക്തമായത്. കഴിഞ്ഞ അഞ്ചുസീസണുകളിൽ നാലിലും ചാമ്പ്യന്മാരായ സിറ്റി കഴിഞ്ഞ സീസണിൽ രണ്ടാമതായി ഫിനിഷ് ചെയ്‌തു. 44 വര്ഷം നീണ്ട കിരീടാവരൾച്ചക്ക് വിരാമമിട്ട് ആദ്യമായി കപ്പ് നേടിയതിന്റെ ഓർമ്മയുമായി പത്താം വാർഷികത്തിൽ പോരിനിറങ്ങുമ്പോൾ ഒന്നാം സ്ഥാനത്തിൽ കുറഞ്ഞതൊന്നും സിറ്റി പ്രതീക്ഷിക്കുന്നില്ല.

സിറ്റിക്ക് ആദ്യമായി കിരീടം നേടിക്കൊടുത്ത അഗ്യൂറോ ഇത്തവണ സിറ്റിക്കൊപ്പം ഇല്ല എന്നതാണ് പ്രത്യേകത. എന്നാൽ അഗ്യൂറോ വിജയഗോൾ നേടിയ 93:20 എന്ന സമയം ജേഴ്സിയിൽ പ്രിന്റ് ചെയ്തിട്ടുണ്ട്. ഇത് തീർച്ചയായും കളിക്കാരെ പ്രചോദിപ്പിക്കും എന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

മൂന്ന് വർഷത്തോളം നീണ്ട റിസേർച്ചിനൊടുവിലാണ് പുതിയ കിറ്റ് നിർമ്മിക്കപ്പെട്ടത്. എത്ര നേരം കളിച്ചാലും കളിക്കാർക്ക് ചൂട് തോന്നാത്തവിധം നൂതന ടെക്‌നോളജിയടക്കം ഉപയോഗിച്ചാണ് കിറ്റിന്റെ നിർമാണം.

You Might Also Like