ഞങ്ങൾ ഒരു വൃദ്ധദമ്പതികളെപ്പോലെയാണ്, അര്ജന്റീനക്കൊപ്പം മെസിയുമായുള്ള സുഹൃത്ബന്ധത്തെക്കുറിച്ച് അഗ്വേറൊ

സൂപ്പർതാരം ലയണൽ മെസിയുടെ അടുത്ത സുഹൃത്താണ് സിറ്റി സൂപ്പർതാരം സെർജിയോ അഗ്വേറൊ. 2006 മുതൽ അർജന്റീനിയൻ ടീമിലെ സ്ഥിരസാന്നിധ്യമായ ആഗ്വേറോയും മെസിയും മികച്ച സുഹൃത്ത് ബന്ധമാണ് വെച്ചുപുലർത്തുന്നത്. അർജന്റീനക്കായി ഇന്റർനാഷണൽ ഡ്യൂട്ടിയിലുള്ളപ്പോൾ ഇരുവരും ഒരുമിച്ചാണ് ചെലവഴിക്കാറുള്ളത്.

അതുകൊണ്ടു തന്നെ ആ സന്ദർഭത്തെ കുറിച്ചു ആഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് അഗ്വേറോ. തങ്ങൾ ഒരു വൃദ്ധദമ്പതികളെപ്പോലെയാണ് ഒരു റൂമിൽ സമയം ചെലവഴിക്കുന്നതെന്നാണ് അഗ്വേറൊ തമാശരൂപേണ വെളിപ്പെടുത്തിയത്. മെസിക്ക് എപ്പോഴും പരാതിപ്പെടാനേ സമയമുള്ളൂവെന്നും അഗ്വേറൊ ചൂണ്ടിക്കാണിക്കുന്നു. രസകരമായ സുഹൃത്ബന്ധത്തെക്കുറിച്ചാണ് അഗ്വേറൊ അഭിമുഖത്തിൽ പരാമർശിച്ചിരിക്കുന്നത്.

” അവനെപ്പോഴും പരാതിപ്പെടാനേ സമയമുള്ളൂ. ഞങ്ങൾ ഒരു വൃദ്ധദമ്പതികളെപ്പോലെയാണ്.” ‘സാന്റോ സബാടോ’ എന്ന പ്രോഗ്രാമിൽ അഗ്വേറൊ തമാശരൂപേണ പറഞ്ഞു. “ഞാനെപ്പോഴും ടീവി ഓണാക്കി ഉറങ്ങിപ്പോവാറാണ് പതിവ്. പിന്നെന്നു രാവിലെ എണീറ്റാൽ അവനു പരാതി പറയാനേ സമയമുള്ളൂ.”

“ഹോട്ടലിൽ വന്നാൽ അവൻ വേഗം കുളിക്കാൻ കേറും. ആ സമയം ഞാൻ മൊബൈലിൽ സംസാരിക്കുകയായിരിക്കും. പിന്നെ അവൻ വന്നു നമുക്ക് ഡിന്നറിനു പോണമെന്നും തീരെ സമയമില്ലെന്നും എന്നെ ഓർമിപ്പിക്കും.” അഗ്വേറൊ പ്രോഗ്രാമിനായി വ്യക്തമാക്കി. നിലവിലെ പരിക്കു മൂലം കളിക്കളത്തിന് പുറത്താണ് അഗ്വേറൊയുള്ളത്. അതിനാൽ ബൊളീവിയക്കെതിരായ മത്സരത്തിൽ താരത്തിനു കളിക്കാനായിരുന്നില്ല. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീന വിജയം നേടിയിരുന്നു.

You Might Also Like