അവസാനം സിറ്റിയുടെ സ്വന്തം അഗ്വേറോയും പടിയിറങ്ങുന്നു, ആദരാണാർഹം എത്തിഹാദിൽ പ്രതിമ ഉയർന്നേക്കും

മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കറായ സെർജിയോ അഗ്വേറോ എത്തിഹാദിൽ നിന്നും ഈ സീസൺ അവസാനം പടിയിറങ്ങുമെന്ന് ഔദ്യോഗികമായി ക്ലബ്ബ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2011ൽ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും സ്വന്തമാക്കിയ അഗ്വേറോ സിറ്റിക്കായി 384 മത്സരങ്ങളിൽ നിന്നും 257 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ടെന്നത് പ്രശംസാവഹമായ വസ്തുതയാണ്. പ്രീമിയർലീഗിന്റെ തന്നെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ നാലാമതുള്ള താരമെന്നത് അഗ്വേറോയെ സിറ്റിയുടെ ഇതിഹാസസമാനമായ താരമാക്കി മാറ്റുന്നു.

അഗ്വേറോയുടെ സീസൺ അവസാനത്തിലെ വിടവാങ്ങലിനു മുൻപ് തന്നെ താരത്തിന്റെ ക്ലബ്ബിനു നൽകിയ സംഭവനകൾക്ക് ആദരവെന്നോണം എത്തിഹാദ് സ്റ്റേഡിയത്തിനു മുൻപിലായി മറ്റു ഇതിഹാസതാരങ്ങളായ മധ്യനിരതാരം ഡേവിഡ് സിൽവയുടെയും വിൻസെന്റ് കോമ്പനിയുടെയും പ്രതിമകൾക്കൊപ്പം അര്ജന്റീനിയന്റെയും പ്രതിമ സ്ഥാപിക്കുമെന്ന് സിറ്റി ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ മൂന്നു ഇതിഹാസങ്ങളാണ് സിറ്റിയുടെ 2012ലെ പ്രശസ്തമായ പ്രീമിയർ ലീഗ് കിരീടനേട്ടത്തിൽ വലിയ പങ്കു വഹിച്ചത്.

ലീഗിലെ ക്വീൻപാർക്ക്‌ റേഞ്ചേഴ്സിനെതിരായ അവസാനമത്സരത്തിൽ അവസാനമിനുട്ടിൽ നേടിയ ഗോളിലാണ് സിറ്റിക്ക് കിരീടം സ്വന്തമാകുന്നത്. നഗരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്നു നേടിയ ആ പ്രീമിയർ ലീഗ് കിരീടം സിറ്റി ആരാധകരെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണ്. 44 വർഷങ്ങൾക്കു ശേഷമാണ് അഗ്വേറോ ഗോളിലൂടെ സിറ്റി പ്രീമിയർലീഗ് കിരീടം സ്വന്തമാക്കുന്നത്.

സിറ്റിയിൽ ഇതുവരെ അഗ്വേറോക്ക് സ്വന്തമാക്കാൻ കഴിയാത്തത് പ്രീമിയർലീഗ് കിരീടം മാത്രമാണ്. നിലവിൽ ക്വാർട്ടർ ഫൈനലിലുള്ള സിറ്റിക്കൊപ്പം ചാമ്പ്യൻസ്‌ലീഗ് നേടാനുള്ള അവസരവും ആഗ്വേറോക്ക് മുന്നിലുണ്ട്. 2012ലെ ചരിത്രപ്രധാനമായ കിരീടവിജയത്തിന് ശേഷം സിറ്റിക്കായി മൂന്നു പ്രീമിയർ ലീഗ് കിരീടവും ഒരു എഫ്എ കപ്പും അഞ്ചു ലീഗ് കപ്പുകളും നേടിക്കൊടുക്കാൻ അഗ്വേറോക്കു സാധിച്ചിട്ടുണ്ട്. ഈ സീസണിൽ നാലു കിരീടങ്ങളും സിറ്റിക്ക് നേടിക്കൊടുക്കുകയെന്ന പ്രധാന കടമയാണ് സീസൺ അവസാനം വരെ ഇനി അഗ്വേറോക്ക് മുന്നിലുള്ളത്.

You Might Also Like