അതൊരു മോശം തീരുമാനമായിരുന്നു, ചെൽസിക്കെതിരെ പെനാൽറ്റി പാഴാക്കിയതിനു ക്ഷമ ചോദിച്ച് അഗ്വേറോ

Image 3
EPLFeaturedFootball

പ്രീമിയർ ലീഗ് കിരീടം ഉറപ്പിക്കാമായിരുന്ന ചെൽസിക്കെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അപ്രതീക്ഷിത തോൽവി രുചിക്കേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസി മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ജയം നേടിയത്. സിറ്റിക്കായി സ്റ്റെർലിങ് ആദ്യപകുതിയിൽ ലീഡ് നേടിയപ്പോൾ ചെൽസിക്കായി രണ്ടാം പകുതിയിൽ ഹാകിം സിയെച്ചും ഇഞ്ചുറി ടൈമിൽ മാർക്കസ് അലോൺസോ വിജയഗോളും സ്വന്തമാക്കുകയായിരുന്നു.

എന്നാൽ മത്സരത്തിൽ സിറ്റിക്ക് ലീഡ് നേടിക്കൊടുക്കാൻ പറ്റിയ അവസരമായി ലഭിച്ച പെനാൽറ്റി സെർജിയോ അഗ്വേറോ പാഴാക്കിയിരുന്നു. വ്യത്യസ്തമായ രീതിയിൽ പനെങ്ക കിക്കിലൂടെ ഗോൾ നേടാനുള്ള ശ്രമമാണ് പാഴായിപ്പോയത്. നേരിട്ട് അത് ചെൽസി ഗോൾകീപ്പർ മെൻഡിയുടെ കൈകളിലെത്തുകയായിരുന്നു.

മത്സരശേഷം പെപ്‌ ഗാർഡിയോള ഇക്കാര്യത്തിൽ അഗ്വേറോയെ വിമർശിച്ചില്ലെങ്കിലും താരം തന്നെ ക്ഷമാപണവുമായി രംഗത്തെത്തുകയായിരുന്നു. ട്വിറ്ററിലൂടെയാണ്‌ താരം തന്റെ മോശം തീരുമാനത്തെ പറ്റി സ്വയം വിമർശനം നടത്തിയത്.

“പെനാൽറ്റി പാഴാക്കിയതിൽ എന്റെ സഹതാരങ്ങളോടും സ്റ്റാഫുകളോടും ആരാധകരോടും ഞാൻ ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുകയാണ്. അതൊരു മോശം തീരുമാനമായിരുന്നു. ഞാൻ അതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു.” അഗ്വേറോ ട്വിറ്ററിൽ കുറിച്ചു. ഇതോടെ ഈ സീസണിൽ ഏറ്റവും കൂടുതൽ പെനാൽറ്റി പഴക്കുന്ന ടീമായി മാറിയിരിക്കുകയാണ് സിറ്റി.