കെട്ടുകഥയല്ലിത്, അവഗണിക്കപ്പെട്ട ഇന്ത്യന്‍ ഹീറോയായിരുന്നു അവന്‍

Image 3
CricketCricket News

ധനേഷ് ദാമോദരന്‍

191 ഏകദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ ലോകത്തില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയത് 333 വിക്കറ്റെടുത്ത ബ്രെറ്റ് ലീയും രണ്ടാമന്‍ 307 വിക്കറ്റുകള്‍ നേടിയ വഖാര്‍ യൂനുസും ആണെന്നു പറയുമ്പോള്‍ അതില്‍ അതിശയോക്തി തോന്നാനേ വഴിയില്ല. എന്നാല്‍ മൂന്നാമന്‍ 288 വിക്കറ്റെടുത്ത ഒരു ഇന്ത്യക്കാരന്‍ പേസര്‍ ആണെന്നറിയുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ഒന്നു ഞെട്ടാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഒരു സ്‌പോര്‍ട്‌സ് താരത്തിന് പ്രതീക്ഷിക്കുന്ന ശരീരഭാഷ തീരെ ഇല്ലാത്ത അജിത് അഗാര്‍ക്കര്‍ ആകുമ്പോള്‍ ഞെട്ടല്‍ ഒന്നുകൂടി കൂടിയേക്കാം.

18 വയസ്സുവരെ തികച്ചും ബാറ്റ്‌സ്മാന്‍ ആയിരുന്ന ഒരാള്‍ക്ക് തന്റെ ആദ്യ 19 കളിയില്‍ 1 ലും രണ്ടുവിക്കറ്റ് എങ്കിലും നേടാന്‍ പറ്റി എന്നതും ഒരു അപൂര്‍വത ആയി തോന്നിയേക്കാം . ഏകദിന ക്രിക്കറ്റില്‍ 12 തവണ നാലു വിക്കറ്റ് നേട്ടം കൈവരിച്ച അഗാര്‍ക്കര്‍ അക്കാര്യത്തിലും ഇതിഹാസങ്ങളായ കുംബ്‌ളെക്കും ശ്രീനാഥിനും സഹീര്‍ ഖാനും മുന്നില്‍ ആണെന്നതും കൗതുകകരമായ വസ്തുത ആയി തോന്നിയേക്കാം. പുതിയ പന്തിനേയും പഴയ പന്തിനെയും ഒരു പോലെ സ്വിങ് ചെയ്യിപ്പിക്കുന്ന വൈഭവത്തോടൊപ്പം തന്നെ ബാറ്റുകൊണ്ട് അപ്രതീക്ഷിത പ്രകടനങ്ങളും നടത്തിയിരുന്ന അഗാര്‍ക്കറ്റിന്റെ കരിയറിലുടനീളം ഒരു ധൃതി കണ്ടേക്കാം.

ഏറ്റവും വേഗത്തില്‍ 50, 150, 200 ,250 വിക്കറ്റുകള്‍ നേടുന്നതില്‍ കാണിച്ച ധൃതി 21 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ പ്രകടനത്തിനും അയാള്‍ കാണിച്ചു. ഡെന്നിസ് ലില്ലിയെ പിന്നിലാക്കി അതിവേഗം 50 വിക്കറ്റുകള്‍ വീഴ്ത്തിയ അതെ ആള്‍ തുടര്‍ച്ചയായി 5 തവണ പൂജ്യത്തിന് പുറത്തായി അയാളുടെ ഓരോ ചലനങ്ങളിലും ധൃതി കാണിച്ചു. 21ാം വയസ്സില്‍ ടീമിലെത്തി 29ാം വയസ്സില്‍ അവസാന മത്സരവും കളിച്ച് പിന്നിലേക്ക് മറഞ്ഞപ്പോള്‍ അതിലും ഒരു ധൃതി കണ്ടതായി തോന്നിയേക്കാം .

മെലിഞ്ഞു കൊലുന്നനെയുള്ള ക്രിക്കറ്റ് എന്നല്ല ഒരു കായിക വിനോദത്തിനും പറ്റിയ ശരീരഭാഷ ഇല്ലാത്ത പയ്യന്‍ 1996 ല്‍ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിനെതിരെ ഏഴര മണിക്കൂര്‍ ക്രീസില്‍ നിന്ന് 345 റണ്‍സെടുത്ത ശേഷം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വളരെ പെട്ടെന്ന് യാദൃശ്ചികമായാണ് ബൗളറിലേക്കുള്ള വേഷപ്പകര്‍ച്ച ആടിയത്.

മറ്റനേകം പ്രതിഭകളുടെ മിന്നലാട്ടങ്ങള്‍ വളരെ പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞ മാസ്റ്റര്‍ ബ്‌ളാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയാണ് അഗാര്‍ക്കറിലെ ബൗളറേയും കണ്ടെത്തിയത്. സ്‌കൂള്‍ ടീമിന്റെ നായകന്‍ കൂടിയായ പയ്യന്‍ അത്യാവശ്യം മാത്രമേ ബോള്‍ ചെയ്യാറുണ്ടായിരുന്നുള്ളൂ. കാംഗ ലീഗില്‍ സച്ചിന്‍ ടീമില്‍ കളിക്കുന്ന സമയത്ത് പ്രധാന ബൗളര്‍ ഇല്ലാതിരുന്നപ്പോള്‍ അതുവരെ മൂന്നാം സീമറും നാലാം സീമറും മാത്രമായി പന്തെറിഞ്ഞ അഗാര്‍ക്കറിന് ആദ്യമായി ന്യൂ ബോള്‍ എറിയേണ്ടി വന്നു .

2 വിക്കറ്റുകള്‍ കിട്ടിയതിന് പുറമെ വളരെ നല്ല സ്വിംഗും ബൗണ്‍സര്‍ എറിയാന്‍ ഉള്ള കഴിവും കണ്ടതോടെ സച്ചിന്‍ ബൗളിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ അവനോട് പറഞ്ഞു. കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കുകയും കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തതോടെ അടുത്ത സീസണില്‍ 96 /97 ല്‍ ബോംബെ ടീമിനു വേണ്ടി ഗുജറാത്തിനെതിരെ രഞ്ജി ട്രോഫിയില്‍ അയാള്‍ക്ക് അരങ്ങേറ്റം കുറിക്കാന്‍ പറ്റി .

അതിനിടെ 1994 ല്‍ ഫ്‌ളിന്റോഫ് അടക്കം ഉള്‍പ്പെട്ട ഇംഗ്ലണ്ട് അണ്ടര്‍-17 നെതിരെ അഞ്ചാമനായി ബാറ്റ് ചെയ്ത് മികച്ച പ്രകടനം കാഴ്ചവെച്ചതിന് പുറമെ 1997ല്‍ സംഗക്കാര ഉള്‍പ്പെടെയുള്ള ശ്രീലങ്കന്‍ ടീമിനെതിരെ അണ്ടര്‍ 19 പര്യടനത്തില്‍ അഗാര്‍ക്കര്‍ താരപരിവേഷത്തിലെത്തി. അന്‍ഷുമന്‍ ഗെയ്ക്ക് വദ് കോച്ചായ ഇന്ത്യന്‍ ടീമിന് വേണ്ടി 3 മാച്ചുകളില്‍ 16 വിക്കറ്റുകളും ഒരു സെഞ്ച്വറിയും നേടിയ അഗാര്‍കര്‍ പരമ്പര വിജയത്തിലെ മിന്നും താരമായി. പിന്നീട് തൊട്ടടുത്ത ഇന്ത്യന്‍ A ടീമിന്റെ പാക് പര്യടനത്തില്‍ കറാച്ചിയില്‍ 9 വിക്കറ്റുകള്‍ വീഴ്ത്തി നിര്‍ണായകമായ ബൗളിങ്ങ് പ്രകടനങ്ങള്‍ കാഴ്ചവെച്ചതോടെ ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ കളിക്കാനുള്ള അയാളുടെ കഴിവ് വ്യക്തമായി .

സച്ചിന്റെയും കാംബ്‌ളിയുടെയും അതേ ഗുരുവായ അച്ഛരേക്കറിന്റെ ശാരദാശ്രമം സ്‌കൂളില്‍ നിന്നും ബാറ്റിംഗ് പാഠങ്ങള്‍ പഠിച്ച് അഗാര്‍ക്കറിന് പക്ഷേ ബൗളിങ്ങില്‍ ഒരു ആദ്യഗുരു ഇല്ല. അച്ഛരെക്കര്‍ ബാറ്റിംഗ് പരിശീലിപ്പിച്ച ഒരു മുംബൈക്കാരന്‍ കരിയര്‍ അവസാനിപ്പിച്ചത് ഇന്ത്യയുടെ മികച്ച ഒരു ബൗളറായാണ് എന്നത് വിരോധാഭാസമായി തോന്നാം. ഔട്ട് സ്വിംഗര്‍ എന്ന ആയുധത്തെ തേച്ചു മിനുക്കിയെടുക്കാന്‍ പറ്റിയതോടെ അഗാര്‍ക്കര്‍ ഒരു മിന്നുന്ന ബൗളറായി. കുട്ടിക്കാലത്ത് ബാറ്റ് ചെയ്ത് തൊട്ടടുത്ത വീടിന്റെ ജനല്‍ ചില്ലുകള്‍ തകരുന്നത് പതിവായതോടെയാണ് രക്ഷിതാക്കള്‍ പയ്യന്റെ കഴിവ് തിരിച്ചറിഞ്ഞതും ക്രിക്കറ്റ് മൈതാനത്തിലേക്ക് കൈപിടിച്ചു കൊണ്ടു പോകുന്നത്.

സന്ദീപ് പാട്ടിലാണ് ശാരദാശ്രമം സ്‌കൂളിലേക്കും അഛരേക്കറുടെ പരിശീലനത്തിനും നിര്‍ദേശിച്ചത്. എന്നാല്‍ പയ്യന്‍ വളരെ ചെറുതാണെന്നും ക്രിക്കറ്റിന് പറ്റിയ ശരീരപ്രകൃതി ഇല്ലെന്നും സംശയം പ്രകടിപ്പിച്ച അച്ചരേക്കര്‍ക്ക് പക്ഷെ പയ്യന്‍ ബാറ്റ് കൈയിലെടുത്തതോടെ തരക്കേടില്ലെന്ന് മനസ്സിലായി. കപിലിനേയും ബോതമിനെയും ഡൊണാള്‍ഡിനേയും ഹാഡ്‌ലിയും ആരാധനാപാത്രമാക്കിയ പയ്യനും മികച്ച ഓള്‍റൗണ്ടറിലേക്കുള്ള യാത്ര തുടങ്ങിയിരുന്നു.

1998 ല്‍ കൊച്ചിയില്‍ അരങ്ങേറ്റം കുറിച്ച ഇന്ത്യ ജയിച്ച ഏകദിനത്തില്‍ ആദം ഗില്‍ക്രിസ്റ്റിന്റെ സ്വപ്ന വിക്കറ്റുമായി തുടങ്ങിയ അഗാര്‍ക്കര്‍ക്കിന്റെ കരിയറിന് നല്ല തുടക്കം കിട്ടി. അതേവര്‍ഷം ആദ്യ ടെസ്റ്റും കളിക്കാന്‍ പറ്റി . വെറും 23 മത്സരങ്ങള്‍ കൊണ്ട് 50 വിക്കറ്റ് തികച്ച് ലോകറെക്കോഡ് സ്ഥാപിച്ചപ്പോള്‍ പിന്നില്‍ ആക്കപ്പെട്ടത് ഡെനിസ് ലില്ലി ആയിരുന്നു. 20ാം വയസ്സില്‍ ശ്രീലങ്കയ്‌ക്കെതിരെ കൊക്കോകോള ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യ മാന്‍ ഓഫ് ദ മാച്ച് നേടിയ അഗാര്‍ക്ക് ഒരു ഘട്ടത്തില്‍ ” രണ്ടാം കപില്‍ ‘ എന്ന വിളിപ്പേരു പോലും ലഭിച്ചു. 2008 ല്‍ അജന്ത മെന്‍ഡിസ് തകര്‍ക്കുന്നതു വരെയും അതിവേഗ 50 വിക്കറ്റുകളുടെ റെക്കോര്‍ഡ് അഗാര്‍ക്കറുടെ പേരില്‍ ആയിരുന്നു.

23 ഏകദിനങ്ങളിള്‍ 50 വിക്കറ്റുകള്‍, 97 മാച്ചുകളില്‍ 150 , 133 മാച്ചുകളില്‍ 200, 163 മച്ചില്‍ 250 വിക്കറ്റുകള്‍ .അഗാര്‍ക്കറുടെ നേട്ടങ്ങള്‍ അതിവേഗതയിലായിരുന്നു. അതൊക്കെ ഇന്നും ഇന്ത്യന്‍ റെക്കോര്‍ഡുകളും. അതിനിടയില്‍ 59 മച്ചില്‍ 100 വിക്കറ്റുകള്‍ നേടിയ ഇര്‍ഫാന്‍ പത്താന്‍ മാത്രമാണ് ഒരു വ്യത്യസ്തന്‍ .

2000 ല്‍ രാജ്‌കോട്ടില്‍ സിംബാബ്‌വെക്കെതിരെ 7 ഫോറുകളും 4 സിക്‌സറുമടക്കം എട്ടാമനായി ഇറങ്ങി 25 പന്തില്‍ 67 റണ്‍സടിച്ച ഇന്നിങ്‌സില്‍ 21 പന്തില്‍ നേടിയ അര്‍ധ സെഞ്ച്വറി അഗാര്‍ക്കിലെ ഹാര്‍ഡ് ഹിറ്ററെ കാണിച്ചുതന്നു. ബദനി 77ഉം സോധി 53 റണ്‍സും നേടിയ മത്സരത്തില്‍ 1983 22 പന്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ കപില്‍ദേവ് സൃഷ്ടിച്ച റെക്കോര്‍ഡ് ആയിരുന്നു അഗര്‍ക്കര്‍ മറികടന്നത്. സച്ചിന്‍, സെവാഗ് , യുവരാജ് എന്നിങ്ങനെ പലരും ദീര്‍ഘകാലം കളിച്ചിട്ടും അതിവേഗ അര്‍ധ സെഞ്ച്വറിയുടെ ഇന്ത്യന്‍ റെക്കോര്‍ഡ് ഇന്നും അഗര്‍ക്കറുടെ പേരില്‍ തന്നെ നിലനില്‍ക്കുന്നു. അന്ന് 8.4 ഓവര്‍ എറിഞ്ഞ് 26 ന് 3 വിക്കറ്റുമെടുത്ത അഗാര്‍ക്കര്‍ തന്നെയായിരുന്നു മാന്‍ ഓഫ് ദ മാച്ചും .

മികച്ച ബാറ്റിംഗ് മികവ് ഉണ്ടായിട്ടും 1999/2000ല്‍ ഓസ്‌ട്രേലിയക്കെതിരെ തുടര്‍ച്ചയായ അഞ്ചു ഡക്കുകള്‍ ‘ബോംബെ ഡക്ക്’ എന്ന നാണക്കേടാണ് അഗര്‍ക്കറിന് സമ്മാനിച്ചത്. തൊട്ടടുത്ത മാച്ചില്‍ സൗത്ത് ആഫ്രിക്കക്കെതിരെ പുറത്താകാതെ 41 റണ്‍സ് നേടി ആറാമത്തെ തവണ അപമാനത്തില്‍ നിന്ന് രക്ഷപ്പെട്ടുവെങ്കിലും 2001 ആസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മുംബൈയില്‍ വീണ്ടും രണ്ട് പൂജ്യത്തിന് പുറത്തായതോടെ ഓസ്‌ട്രേലിയക്കെതിരെ ഏഴ് തവണ പൂജ്യത്തിനു പുറത്തായി വീണ്ടും നാണക്കേടിലെത്തി . ആദ്യ 5 പൂജ്യത്തില്‍ അവസാന 4 തവണയും ഗോള്‍ഡന്‍ ഡക്ക് ആയതുകൊണ്ട് ഫലത്തില്‍ 5 പന്തില്‍ 5 തവണയാണ് അഗാര്‍ക്കര്‍ സംപൂജ്യനായത് .

അതേ അഗാര്‍ക്കര്‍ തന്നെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ 2002 ലെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ വലിയ സ്‌കോര്‍ ചെയ്‌സ് ചെയ്ത സമയത്ത് എട്ടാമനായി ഇറങ്ങി 190 പന്തില്‍ പുറത്താകാതെ 109 റണ്‍സ് അടിച്ചത് എന്നത് തന്നെ അയാളുടെ അസ്ഥിരതയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ അയാള്‍ നേടിയ സെഞ്ച്വറി അത്രക്ക് മനോഹരമായിരുന്നു. സച്ചിനും ലക്ഷ്മണും അടങ്ങുന്ന അനവധി ഇതിഹാസ താരങ്ങള്‍ക്ക് ലോര്‍ഡ്സില്‍ അപ്രാപ്യമായ സെഞ്ച്വറി ആയിരുന്നു അഗാര്‍ക്കര്‍ നേടിയത്. ദ്രാവിഡിന് പോലും അഗാര്‍ക്കറിന്റെ പ്രകടനത്തിനും 9 വര്‍ഷം കഴിഞ്ഞാണ് ക്രിക്കറ്റിന്റെ മെക്കയില്‍ ഒരു സെഞ്ച്വറി നേടാന്‍ പറ്റിയത് .

നാലാം ഇന്നിംഗ്‌സില്‍ 8ാം നമ്പറില്‍ ഇറങ്ങി സെഞ്ച്വറി നേടിയ ലോകത്തിലെ ആദ്യത്തെ താരമായ അഗാര്‍ക്കറിന് ശേഷം പിന്നീട് ആ നേട്ടം കൈവരിച്ചത് 2009ല്‍ ഡാനിയല്‍ വെട്ടോറിയും 2013ല്‍ മാറ്റ് പ്രയറും മാത്രമാണ് . 2002 തന്നെ വെസ്റ്റിന്‍ഡീസിനെതിരെ നമ്പര്‍ ത്രീ പൊസിഷനില്‍ ഇറങ്ങി ജാംഷഡ്പൂരില്‍ നേടിയ 95 റണ്‍സ് പ്രകടനവും അഗാര്‍ക്കറ്റിന്റെ മറക്കാനാകാത്ത ബാറ്റിംഗ് പ്രകടനമാണ്. ഒരുപാട് സാധ്യതകള്‍ ഉണ്ടായിട്ടും ബാറ്റിംഗില്‍ പെരുമ ഉണ്ടാക്കാന്‍ അജിത്തിന് പറ്റിയില്ല. 2003 CB സീരീസിലെ ആദ്യ ഫൈനലില്‍ അഗാര്‍ക്കറിന്റെ എടുത്ത് പറയേണ്ട ഒരു ഇന്നിങ്‌സ് ഉണ്ടായിരുന്നു. അന്ന് 53 റണ്‍സ് നേടിയ അഗാര്‍ക്കറിന് പുറമേ ബദാനിയുടെ 62 ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റൊരു ഇന്ത്യക്കാരനും 25 റണ്‍സ് കൂടുതല്‍ തികച്ചിരുന്നില്ല .

2004ല്‍ ഒരു ഏകദിനത്തില്‍ സിംബാബ്വെക്കെതിരെ 19 പന്തില്‍ 40 റണ്‍സടിച്ച് അതിവേഗത്തില്‍ ചെയ്യാനുള്ള തന്റെ കഴിവ് ഒന്നുകൂടി കാണിച്ചുതന്നു. മരിലിയര്‍ മാജിക്കിലൂടെ പ്രശസ്തമായ ഫരീദബാദ് ഏകദിനത്തില്‍ ഇന്ത്യ തോറ്റത് കൊണ്ട് ആ പ്രകടനം മുങ്ങിപ്പോയി എന്ന് പറയേണ്ടി വരും .

2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ ഏറ്റവും സീനിയര്‍ മെമ്പര്‍ 29 കാരനായ അഗര്‍ക്കര്‍ ആയിരുന്നു എന്നത് ആ ടീമിന്റെ എത്രത്തോളം ചെറുപ്പമായിരുന്നു എന്നതിന്റെ തെളിവായിരുന്നു. 1998 മുതല്‍ 2007 വരെയുള്ള കാലം 191 ഏകദിന മത്സരങ്ങള്‍ കളിച്ച അഗാര്‍ക്കറിന് 26 ടെസ്റ്റുകള്‍ മാത്രമേ കളിക്കാന്‍ പറ്റിയുള്ളൂ. 288 ഏകദിന വിക്കറ്റുകളും 58 ടെസ്റ്റ് വിക്കറ്റുകളും നേടിയ അഗാര്‍ക്കര്‍ 2007 ടി20 ലോകകപ്പിനുശേഷം ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ കളിച്ചില്ല. ഇപ്പോഴും ഇന്ത്യക്കാരില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേട്ടത്തില്‍ നാലാമനും ലോകത്തില്‍ പതിമൂന്നാമനും ആയ അഗാര്‍ക്കര്‍ രണ്ട് തവണ അഞ്ചു വിക്കറ്റ് വീഴ്ത്തിയതടക്കം 12 തവണയാണ് നാലുവിക്കറ്റ് പ്രകടനങ്ങള്‍ നടത്തിയത്.ആ നേട്ടത്തിലാകട്ടെ ഇന്ത്യക്കാരില്‍ ഒന്നാമനും .

ഓസ്‌ട്രേലിയക്കെതിരെ ബാറ്റിങ്ങില്‍ നാണക്കേടുണ്ടാക്കിയെങ്കിലും അഗാര്‍ക്കറുടെ മികച്ച ബൗളിങ് സ്‌പെല്ലുകള്‍ കണ്ടതും അവര്‍ക്കെതിരെ തന്നെയായിരുന്നു . 2004 ല്‍ യുഎഇയില്‍ ഓസ്‌ട്രേലിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ 42 റണ്‍സ് ആറ് വിക്കറ്റ് വീഴ്ത്തിയ അഗാര്‍ക്കര്‍ 2003 ലോകകപ്പില്‍ 23 റണ്‍സിന് 6 വിക്കറ്റ് വീഴ്ത്തിയ നെഹ്‌റക്കു ശേഷം വിദേശമണ്ണില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ബൗളറാണ്. വിദേശബൗളര്‍മാരില്‍ ഓസ്‌ട്രേലിയയിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവും അഗാര്‍ക്കറിന്റേത് തന്നെ.

2003 അഡ്ലൈഡ് ടെസ്റ്റില്‍ 41 റണ്‍സിന് 6 വിക്കറ്റ് വീഴ്ത്തിയ അഗാര്‍ക്കര്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ അതേ വേദിയില്‍ 106 റണ്‍സിന് 8 വിക്കറ്റ് വീഴ്ത്തിയ കപില്‍ ദേവിന്റെ മാത്രം പിറകിലാണ്. ഏകദിന ക്രിക്കറ്റിലെ പ്രകടനം ടെസ്റ്റിലേക്ക് രൂപപ്പെടുത്തിയെടുക്കാന്‍ പല കാരണങ്ങള്‍ കൊണ്ടും അജിത്തിന് സാധിച്ചില്ല. മികച്ച ബൗളിങ് പ്രകടനം കാഴ്ച വച്ച സമയത്ത് പറ്റിയ പരിക്കുകള്‍ അദ്ദേഹത്തിന് വിനയായി. ഓസ്‌ട്രേലിയക്കെതിരെ ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച ടെസ്റ്റ ടീമിനെതിരെ ആയിരുന്നു അഗര്‍ക്കറുടെ മേല്‍ പറഞ്ഞ ഏറ്റവും മികച്ച ടെസ്റ്റ് പ്രകടനവും കണ്ടത്. ഇടംകൈയ്യന്‍ ബാറ്റ്‌സ്മാര്‍ക്കെതിരെ ഔട്ട് സ്വിംഗറുകള്‍ എറിയുന്നതില്‍ സവിശേഷ സാമര്‍ത്ഥ്യം കാണിച്ചിരുന്ന അഗര്‍ക്കറിന്റെ ‘ബണ്ണി ‘ ആയതാകട്ടെ ജസ്റ്റിന്‍ ലാംഗര്‍ എന്ന ടെസ്റ്റ് സ്‌പെഷലിസറ്റും . അഞ്ചില്‍ കൂടുതല്‍ തവണയാണ് ലാംഗര്‍ അഗര്‍ക്കറിന് മുന്നില്‍ വീണത്.

2003 ല്‍ ചരിത്രത്തിലിടം നേടിയ അഡലെയ്ഡ് ടെസ്റ്റ് അഗര്‍ക്കറിന് ഒരിക്കലും മറക്കാന്‍ സാധിക്കില്ല .1999 ല്‍ 3-0ന് തോറ്റ ഇന്ത്യ 2003 ല്‍ പൊരുതിക്കളിച്ച പ്രകടനമാണ് കാഴ്ചവച്ചത്. തന്റെ കളി ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമായി അഗര്‍ക്കര്‍ കാണുന്നതും ആ ടെസ്റ്റിനെ തന്നെയാണ്. 20 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ അന്ന് ഓസ്‌ട്രേലിയയില്‍ ഒരു ടെസ്റ്റ് ജയിച്ചത് . 41 റണ്‍സിന് 6 വിക്കറ്റ് വീഴ്ത്തിയ അഗര്‍ക്കറുടെ ഏക അഞ്ച് വിക്കറ്റ് പ്രകടനവും അന്നാണ് പിറന്നത് . അന്ന് ആദ്യദിനം 5 വിക്കറ്റിന് 400 റണ്‍സ് എടുത്തിട്ടും ആസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ അസാമാന്യ പ്രകടനമായിരുന്നു .ആ ടെസ്റ്റ് ഇന്ത്യ വിജയിക്കുമ്പോള്‍ വിന്നിങ്ങ് ഷോട്ട് അടിച്ച് ദ്രാവിഡിനൊപ്പം ഉണ്ടായിരുന്നത് അഗാര്‍ക്കര്‍ ആയിരുന്നു .ആ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയശില്പികളായ രണ്ടുപേരും ആണ് ചരിത്ര നിമിഷത്തില്‍ ഉണ്ടായിരുന്നു എന്നതും ഒരു ചരിത്ര നീതി ആയിരുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അഗര്‍ക്കറിന്റെ അക്കൗണ്ടില്‍ 3 സെഞ്ച്വറികള്‍ ഉണ്ട് . ഇന്ത്യന്‍ A ക്ക് വേണ്ടി പെഷവാറില്‍ പുറത്താകാതെ നേടിയ 109 , 2009 ല്‍ ഹിമാചല്‍പ്രദേശ് എതിരെ മുംബെയ്ക്ക് വേണ്ടി പുറത്താകാതെ 102, 2013 ല്‍ സര്‍വീസസിനെതിരെ മുംബൈയ്ക്ക് വേണ്ടി തന്നെ നേടിയ 145 റണ്‍സ്.

മികച്ച ബാറ്റിംഗ് കഴിവുണ്ടായിട്ടും ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ പേരെടുക്കാന്‍ പറ്റാത്തതില്‍ അഗര്‍ക്കറിന് ദുഃഖമില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് . എട്ടാമതും ഒന്‍പതാമതും മാത്രം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത് കൊണ്ടും ബൗളിങ്ങില്‍ ഒരുപാട് അധ്വാനം വേണ്ടി വന്നതിനാല്‍ ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാഞ്ഞതെന്നും മാത്രമല്ല ഒരു ബൗളര്‍ എന്ന നിലയില്‍ മാത്രമായിരുന്നു തന്റെ ടീമിലെ സ്ഥാനം എന്നതിനെ പറ്റി വ്യക്തമായ ബോധം തനിക്കുണ്ടായിരുന്നു എന്നതായിരുന്നു അഗര്‍ക്കറിന്റെ പക്ഷം .

2007ന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച അഗര്‍ക്കര്‍ 2010 ലെ രഞ്ജി ട്രോഫി കണ്ട ഏറ്റവും ആവേശകരമായ ഒരു ഫൈനലില്‍ മൈസൂരില്‍ കര്‍ണാടകയ്‌ക്കെതിരെ അവസാന വിക്കറ്റ് വീഴ്ത്തി മുംബൈയെ വിജയത്തിലെത്തിച്ചപ്പോള്‍ എതിര്‍ ടീം വെറും 6 റണ്‍ മാത്രം അകലെയായിരുന്നു .ആ ഇന്നിങ്‌സില്‍ 81 റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തിയ അഗാര്‍ക്കറിന്റെ പ്രകടനം നിര്‍ണായകമായിരുന്നു .

2012 വിജയ് ഹസാരെ ടൂര്‍ണമെന്റും 2013ലെ രഞ്ജി ട്രോഫിയും മുംബൈ നേടിയപ്പോള്‍ നായകന്‍ കൂടിയായിരുന്നു അഗാര്‍ക്കര്‍. 2011ലെ ഒറീസക്കെതിരായ മത്സരത്തില്‍ മുംബെയില്‍ നിന്നും സ്ഥാനം നഷ്ടപ്പെട്ടതിനുള്ള മധുരപ്രതികാരം ആയിരുന്നു അഗാര്‍ക്കറിന്റെത്. മുംബെയുടെ 40 ആമത്തെ രഞ്ജിട്രോഫി കിരീട ജയത്തോടെ അഗാര്‍ക്കര്‍ തന്റെ ക്രിക്കറ്റ് കരിയറും അവസാനിപ്പിച്ചു .

21ാം വയസ്സില്‍ തുടങ്ങി 30 ആം വയസ്സില്‍ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ ശ്രീനാഥിന് ശേഷം ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളറായ അഗാര്‍ക്കര്‍ക്ക് മത്സരങ്ങള്‍ കുറവ് കളിച്ചിട്ടും സഹീര്‍ ഖാനേക്കാള്‍ കൂടുതല്‍ വിക്കറ്റിന് ഉടമയായിരുന്നു . ലോര്‍ഡ്‌സിലെ പ്രസിദ്ധമായ ബോര്‍ഡില്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയിലും തന്റെ പേര് കൊത്തിവെക്കാന്‍ അഗാര്‍ക്കറിന് പറ്റി.

ഏകദിന ക്രിക്കറ്റില്‍ 200 വിക്കറ്റുകളും 1000 റണ്‍സും ഏറ്റവും വേഗത്തില്‍ നേടിയ നേട്ടത്തില്‍ അഗാര്‍ക്കര്‍ മറികടന്നത് ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആയ ഷോണ്‍ പൊള്ളോക്കിനെയായിരുന്നു എന്നത് അതിശയകരമായി തോന്നിയേക്കാം .അസ്ഥിരതയില്‍ ഏറ്റവും കൂടുതല്‍ സ്ഥിരത പുലര്‍ത്തി എന്നത് ഒഴിച്ചാല്‍ അഗാര്‍ക്കര്‍ പരിമിത ഓവര്‍ ക്രിക്കറ്റിന് ഏറ്റവും യോജിച്ച ഒരു പാക്കേജ് തന്നെയായിരുന്നു എന്നതില്‍ യാതൊരു സംശയവുമില്ല .

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍