സുവാരസിന്റെ ഭാവി മെസിയുടെ കൈയ്യില്‍, താരം കാത്തിരിക്കുകയാണെന്ന് ഏജന്റ്

സൂപ്പർതാരം ലയണൽ മെസി ബാഴ്സലോണ വിടാൻ ആലോചിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് സുവാരസിനെ ബാഴ്സ ഒഴിവാക്കാൻ ശ്രമിച്ച രീതിയായിരുന്നു. സുവാരസിനെ ഒഴിവാക്കാനുള്ള ബാഴ്സയുടെ ശ്രമം മെസ്സിക്ക് ഒട്ടും ഇഷ്ടപ്പെടാത്ത ഒന്നായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാലിപ്പോൾ മെസ്സിയുടെ ബാഴ്സയിലെ ഭാവിയെ അനുസരിച്ചായിരിക്കും സുവാരസിന്റെ തീരുമാനങ്ങളെന്ന പ്രസ്താവനയുമായി മുന്നോട്ടു വന്നിരിക്കുകയാണ് സുവാരസിന്റെ ഏജന്റ് ആയ അലെജാൻഡ്രോ ബാൽബി. കഴിഞ്ഞ ദിവസം ടിവൈസി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

” മെസിയുടെ തീരുമാനങ്ങൾക്ക് സുവാരസിന്റെ ബാഴ്സയിലെ ഭാവിയെ സ്വാധീനിക്കാൻ കഴിയും. എന്തെന്നാൽ അവർ രണ്ടുപേരും ഉറ്റസുഹൃത്തുക്കളാണ്.അവർ രണ്ട് പേരും സഹോദരൻമാരെ പോലെയാണ് ഇഷ്ടപ്പെടുന്നത്. എപ്പോഴും ഒന്നിച്ചു നിൽക്കാൻ ആഗ്രഹിക്കുന്ന, പിരിയാൻ ആഗ്രഹിക്കാത്ത രണ്ട് സുഹൃത്തുക്കളാണവർ”ബാൽബി വ്യക്തമാക്കി.

2014ലാണ് ലൂയിസ് സുവാരസ് ലിവർപൂളിൽ നിന്നു ബാഴ്‌സയിലേക്ക് ചേക്കേറുന്നത്. പിന്നീട് മെസി-നെയ്മർ-സുവാരസ് ത്രയത്തിന്റെ ജൈത്രയാത്രയായിരുന്നു. എന്നാൽ നെയ്മർ പിന്നീട് പിഎസ്‌ജിയിലേക്ക് കൂടുമാറിയതും മെസിക്ക് ഇഷ്ടക്കേടുണ്ടാക്കി. അതിനു പുറമെ സുവാരസിനെ കൂടെ ഒഴിവാക്കുന്നതാണ് മെസ്സിക്ക് അതൃപ്തിയുണ്ടാക്കിയിരിക്കുന്നത്. ഏതായാലും മെസിയുടെ ബാഴ്സയിലെ ഭാവിയെ ആശ്രയിച്ചിരിക്കും സുവാരസിന്റെ അടുത്ത നീക്കം.

You Might Also Like