കൂട്ടീഞ്ഞോ ബാഴ്‌സ വിടുമോ? അതോ തുടരുമോ? ഏജന്റ് വ്യക്തമാക്കുന്നു

ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോയെ ബാഴ്സ വിൽക്കാതെ തിരിച്ചു വിളിക്കാനുള്ള കാരണം ഒരുപക്ഷെ ബാഴ്സക്കെതിരെ ഇരട്ടഗോളുകൾ നേടിയതിനാലാവാമെന്ന് താരത്തിന്റെ ഏജന്റ് വെളിപ്പെടുത്തി. ടോക്സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ഏജന്റ് കിയ ജൂർബഷിയാൻ കൂട്ടീഞ്ഞോയെക്കുറിച്ച് സംസാരിച്ചത്.

പുതിയ പരിശീലകൻ റൊണാൾഡ് കൂമാന് കീഴിൽ കൂട്ടീഞ്ഞോ ബാഴ്സയിൽ തന്നെ തുടരുമെന്നും ഏജന്റ് ഉറപ്പ് നൽകുന്നു. 160 മില്യൺ യുറോക്കായിരുന്നു കൂട്ടീഞ്ഞോയെ ബാഴ്സ ടീമിൽ എത്തിച്ചത്. എന്നാൽ ആദ്യസീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാതിരുന്ന താരത്തെ ബയേണിലേക്ക് ലോണിൽ വിടുകയായിരുന്നു. എന്നാൽ ബയേണിനൊപ്പമുള്ള ചാമ്പ്യൻസ്‌ലീഗ് വിജയത്തിനു ശേഷം കൂമാൻ അദ്ദേഹത്തെ തിരിച്ചു വിളിക്കുകയായിരുന്നു.

“നിങ്ങൾക്ക് ഒരു ജോലി ലഭിച്ചാലത്‌ വൃത്തിയായി ചെയ്യാനാണ് നിങ്ങൾ ശ്രമിക്കുക. അത്‌ തന്നെയാണ് അദ്ദേഹം ചെയ്തതും. അദ്ദേഹത്തെ ഏല്പിച്ച ജോലി അദ്ദേഹം ബാഴ്സയ്ക്കെതിരെ ഭംഗിയായി ചെയ്തു. ഒരുപക്ഷെ അത്‌ കൊണ്ടായിരിക്കാം ബാഴ്‌സ അദ്ദേഹത്തെ തിരിച്ചു വിളിച്ചതും. ചാമ്പ്യൻസ് ലീഗ് വിജയത്തിന് ശേഷം കൂമാൻ കൂട്ടീഞ്ഞോയെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ പദ്ധതികളിൽ കൂട്ടീഞ്ഞോക്ക് വ്യക്തമായ സ്ഥാനമുണ്ടെന്ന് പറഞ്ഞിരുന്നു.”

“താരത്തോട് മടങ്ങി വരാനും ആവിശ്യപ്പെട്ടു. അത്കൊണ്ട് തന്നെ കൂട്ടീഞ്ഞോ കൂമാന് കീഴിൽ ബാഴ്സയിൽ തുടരും. സെപ്റ്റംബർ ഏഴിനായിരുന്നു കൂട്ടീഞ്ഞോയോട് ബാഴ്സയിലേക്കു തന്നെ തിരികെയെത്താൻ ആവശ്യപ്പെട്ടത്. എന്നാൽ താരം അതിന് മുമ്പ് തന്നെ ടീമിനൊപ്പം ചേർന്നു. താരത്തിന് ശാരീരികക്ഷമത നിലനിർത്തേണ്ടത് അത്യാവശ്യമായിരുന്നു. താരം ബാഴ്സയിൽ തന്നെ തുടരും.” ജൂർബഷിയാൻ വ്യക്തമാക്കി.

You Might Also Like