വരാനെയും ബെന്‍സിമയുമില്ല; ഫ്രാന്‍സ് ക്യാപ്റ്റനാകാന്‍ എംബാപെ

പാരീസ്: ലോകകപ്പിന് പിന്നാലെ ഫ്രാന്‍സ് ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ഹ്യൂഗോലോറിസ് ദേശീയടീമില്‍ നിന്ന് വിരമിച്ചതോടെ ക്യാപ്റ്റന്‍സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന പ്രധാന താരം റാഫേല്‍ വരാനെയായിരുന്നു. എന്നാല്‍ ഇന്നലെ അപ്രതീക്ഷിതമായി പ്രതിരോധതാരം വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ഇനിയാര് എന്ന ചോദ്യമാണ് ഫ്രാന്‍സ് ഫുട്‌ബോള്‍ ഫെഡറേഷന് മുന്നിലുള്ളത്. നിലവില്‍ കൂടുതല്‍ സാധ്യത സൂപ്പര്‍താരം കിലിയന്‍ എംബാപെക്കാണെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


ലോകകപ്പ് ഫൈനലിലടക്കം ഫ്രാന്‍സിനായി മിന്നും പ്രകടനം നടത്തുകയും മെസിയെ മറികടന്ന് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുകയും ചെയ്ത എംബാപെയെ നായകസ്ഥാനത്ത് കൊണ്ടുവന്ന് വരാനിരിക്കുന്ന യൂറോകപ്പ് യോഗ്യതാമത്സരങ്ങളില്‍ ഇറങ്ങാനാകും ഫ്രഞ്ച് ടീമിന്റെ ശ്രമം. 24 വയസ് മാത്രമാണ് എംബാപെയുടെ പ്രായമെങ്കിലും അന്താരാഷ്ട്ര തലത്തിലെ പരിചയം മുതല്‍കൂട്ടാകും. ഫ്രഞ്ച് ക്ലബ് പി.എസ്.ജി അടുത്തിടെ വൈസ് ക്യാപ്റ്റനായും യുവതാരത്തെ തീരുമാനിച്ചിരുന്നു.

അതേസമയം, എംബാപെയുടെ കളിക്കളത്തിന് പുറത്തെ നിലപാടുകള്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ ഫെഡറേഷനെ മാറിചിന്തിപ്പിക്കാന്‍ ഇടയാക്കിയേക്കും. പരസ്യങ്ങളുടെ കാര്യത്തിലും മാധ്യമങ്ങളെ കാണുന്നതിലുമെല്ലാം നിലപാടുള്ള എംബാപെയെ പ്രധാന സ്ഥാനത്ത് കൊണ്ടുവരുന്നത് വലിയ തിരിച്ചടിയാകുമെന്ന വിമര്‍ശനവും ശക്തമാണ്.

എന്നാല്‍ സീനിയര്‍താരങ്ങളെല്ലാം കൂടൊഴിഞ്ഞതോടെ യുവതാരങ്ങള്‍ക്ക് പ്രാധാന്യമുള്ള ടീമില്‍ എംബാപെക്ക് മുകളില്‍ മറ്റാരെയെങ്കിലും കൊണ്ടുവന്നാല്‍ കളിക്കാര്‍തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടാകുമോയെന്നതും ടീം നേരിടുന്ന പ്രശ്‌നമാണ്. നേരത്തെ സിനദന്‍ സിദാനെതിരെ ഫ്രാന്‍സ് ഫുട്‌ബോള്‍ ഫെഡറേഷന്‍ വിമര്‍ശനമുന്നയിച്ചപ്പോള്‍ എംബാപെ അതിനെതിരെ രംഗത്തുവരികയുണ്ടായി. 2012 മുതല്‍ ഹ്യൂഗോ ലോറിസാണ് ക്യാപ്റ്റന്‍ സ്ഥാനം വഹിച്ചിരുന്നത്. 2018ല്‍ ഫ്രാന്‍സ് ലോകചാമ്പ്യന്‍മാരാകുമ്പോള്‍ ലോറിസായിരുന്നു നായകസ്ഥാനത്ത്.

You Might Also Like