ഓസീസിന്റെ നെഞ്ചടിപ്പ് കൂട്ടി നടരാജനും ടെസ്റ്റ് ടീമിലേക്ക്

ഓസ്ട്രേലിയന്‍ പര്യടനത്തിലെ അവശേഷിക്കുന്ന മത്സരങ്ങളിലേക്ക് ഇന്ത്യന്‍ ടീമിലേക്ക് തമിഴ്നാട് പേസര്‍ ടി നടരാജനെ കൂടി പരിഗണിയ്ക്കുന്നു. പേസര്‍ ഉമേശ് യാദവിന് ഏറ്റ പരിക്കാണ് നടരാജനെ ടീം ഇന്ത്യയിലേക്ക് പരിഗണിക്കാനുളള സാധ്യത തെളിയുന്നത്.
ഇതോടെ ടി20, ഏകദിന പരമ്പരയ്ക്ക് ടെസ്റ്റില്‍ കൂടി അരങ്ങേറാനുളള അവസരമാണ് നടരാജനെ തേടിയെത്തുന്നത്. ആദ്യം നെറ്റ് ബൗളറായും പിന്നീട് പരിക്കേറ്റ വരുണ്‍ ചക്രവര്‍ത്തിയുടെ പകരനായും ദേശീയ ടീമിലെത്തിയ നടരാജന് ഏകദിന, ടി20 പരമ്പരകളില്‍ ഉജ്ജ്വല ബൗളിങ് കാഴ്ചവച്ചിരുന്നു.
ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ശേഷിച്ച രണ്ടു ടെസ്റ്റുകളില്‍ നടരാജന് ഇന്ത്യക്കു വേണ്ടി കളിച്ചേക്കുമെന്നാണ് ഒരു ഇംഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ പേസര്‍ ഉമേഷ് യാദവിനു മൂന്നാം ടെസ്റ്റില്‍ കളിക്കാനാവുമോയെന്ന കാര്യം ഉറപ്പായിട്ടില്ല. മൂന്നാംദിനം ബൗള്‍ ചെയ്യവെ പരിക്കേറ്റു പിന്മാറിയ ഉമേഷിനു തുടര്‍ന്നു കളിക്കാനായിരുന്നില്ല.
പരിക്ക് അത്ര നിസാരമല്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഉമേഷിന്റെ സ്കാനിങ് റിപ്പോര്‍ട്ട് വന്നു കഴിഞ്ഞതായും മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ കഴിയില്ലെന്നുമാണ് ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കുന്ന സൂചന.
അങ്ങനെയെങ്കില്‍ മൂന്നാം ടെസ്റ്റ് ഉമേഷിനു നഷ്ടമാവും. പകരക്കാരനായി ടീം മാനേജ്മെന്റ് കണ്ടു വച്ചിരിക്കുന്നത് നടരാജനെയാണ്. നെറ്റ്സില്‍ സഹതാരങ്ങള്‍ക്കെതിരേ മികച്ച ബൗളിങ് പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. മാത്രമല്ല നേരത്തേ നടന്ന ഏകദിന, ടി20 പരമ്പരകളിലെ പ്രകടനത്തിലൂടെ നടരാജന് മികവ് തെളിയിക്കുകയും ചെയ്തു കഴിഞ്ഞു.
ഓസീസിനെതിരേ ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തിലൂടെയായിരുന്നു നടരാജന്റെ അരങ്ങേറ്റം. ഇന്ത്യ ജയിച്ച കളിയില്‍ പേസര്‍ 70 റണ്‍സിന് രണ്ടു വിക്കറ്റെടുക്കുകയും ചെയ്തു. ഇതോടെ തുടര്‍ന്നു നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും നടരാജന് പ്ലെയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി. മൂന്നു കളികളില്‍ നിന്നും 6.92 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകള്‍ താരം വീഴ്ത്തുകയും ചെയ്തു.