കൂപ്പര്‍ മാത്രമല്ല, മറ്റൊരു പ്രീമിയര്‍ ലീഗ് താരത്തെ കൂടി ടീമിലെത്തിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ്

Image 3
FootballISL

ഇംഗ്ലീഷ് താരം ഗാരി കൂപ്പര്‍ക്ക് പിന്നാലെ മറ്റൊരു വിദേശ സ്‌ട്രൈക്കറെ കൂടി സ്വന്തമാക്കാനൊരുങ്ങി ഐഎസ്എല്‍ കേരള ബ്ലാസ്റ്റേഴ്‌സ്. ഗാരി കൂപ്പര്‍ക്ക് സമാനമായ രീതിയില്‍ പ്രീമിയര്‍ ലീഗില്‍ അനുഭവ സമ്പത്തുളള കളിക്കാരന്‍ തന്നെയാണ് സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതെന്നാണ് സൂചന. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കായിക മാധ്യമമായ ദ ബ്രിഡ്ജിന്റെ എഡിറ്റര്‍ സാഗ്നിക്ക് കുണ്ടുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ താരം ആരെന്ന് വെളിപ്പെടുത്താന്‍ സാഗ്നിക്ക് തയ്യാറായില്ല. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ഗ്രൂപ്പുകളില്‍ ചൂടുളള ചര്‍ച്ചയാണ് ഇതേകുറിച്ച് നടക്കുന്നത്.

അതെസമയം സാഗ്നിക്ക് കുണ്ടു സൂചിപ്പിച്ച കളിക്കാരനുമായി കരാര്‍ നടക്കാന്‍ സാധ്യത വളരെ കുറവാണെന്നാണ് മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോയും ഇത്തരമൊരു അഭിപ്രായമാണ് ഇക്കാര്യത്തെ കുറിച്ച് പറയുന്നത്. കൂപ്പര്‍ വിദേശ സ്‌ട്രൈക്കറായി ഉണ്ടായിരിക്കെ അതെനിലവാരത്തിലുളള മറ്റൊരു സ്‌ട്രൈക്കറെ കൂടി ടീമിലെത്തിക്കാന്‍ മാനേജുമെന്റ് തയ്യാറാകുമോ എന്ന് കണ്ട് തന്നെ അറിയണം.

കഴിഞ്ഞ ദിവസമാണ് ഗാരി കൂപ്പറുമായി ആറ് മാസത്തെ കരാര്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒപ്പിട്ടത്. ഒരു കോടി എണ്‍പത് ലക്ഷം രൂപയ്ക്കാണ് കൂപ്പറെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുന്നത്. നിലവില്‍ ഓസീസ് എ ലീഗ് വെല്ലിംഗ്ടണ്‍ ഫീനിക്‌സില്‍ നിന്നാണ് കൂപ്പറെ ബ്ലാസ്റ്റേഴ്‌സിലെത്തിക്കുന്നത്.