ഇനി പണത്തിന് പിന്നാലെ കുറച്ച് ഞാനോടട്ടെ, വിരമിക്കാനൊരുങ്ങി സ്റ്റാര്‍ക്ക്

Image 3
CricketCricket NewsFeatured

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റെഡേഴ്‌സിനായി കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ക്രിക്കറ്റ് കരിയറില്‍ വഴിത്തിരിവ് തീരുമാനത്തിനൊരുങ്ങി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം മിച്ചല്‍ സ്റ്റാര്‍ക്ക്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിന്റെ ഭാഗമായി ക്രിക്കറ്റിന്റെ ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാനാണ്് സ്റ്റാര്‍ക്ക് ആലോചിക്കുന്നത്. ഏറെ നാളുകള്‍ ഫ്രാഞ്ചസി ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന ശേഷമാണ് സ്റ്റാര്‍ക്ക് ഈ ഐപിഎല്‍ കളിക്കാന്‍ തീരുമാനിച്ചത്.

വിരമിക്കുകയാണെങ്കില്‍ അത് ഏകദിന ക്രിക്കറ്റായിരിക്കാനാണ് സാധ്യതയെന്നും സ്റ്റാര്‍ക്ക് പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനാണ് ഞാന്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയത്. ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കാനും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവിടാനുമായി ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്ന് പലപ്പോഴും പിന്‍മാറിയിട്ടുണ്ട്. ഇനി മുന്നോട്ട് പോകുമ്പോള്‍ കരിയറിന്റെ അവാസനത്തോട് അടുക്കുന്ന ഞാന്‍ ഏതെങ്കിലും ഒരു ഫോര്‍മാറ്റ് ഉപേക്ഷിക്കാനാണ് സാധ്യത’ സ്റ്റാര്‍ക്ക് പറഞ്ഞു.

‘ഏകദിന ലോകകപ്പ് ഏറെ ദൂരെ ആയതിനാല്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ആലോചിക്കുന്നത്യ അതോടെ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ കളിക്കാന്‍ കൂടുതല്‍ സമയം ലഭിക്കും’ ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ കിരീടനേട്ടത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്റ്റാര്‍ക്ക് പറഞ്ഞു.

ഐപിഎല്ലില്‍ കളിച്ചത് ടി20 ലോകകപ്പിനുള്ള മികച്ച മുന്നൊരുക്കമായെന്നും ലോകകപ്പില്‍ കളിക്കുന്ന മറ്റ് ടീമുകളിലെ കളിക്കാര്‍ക്കും ഐപിഎല്ലില്‍ കളിച്ചത് വലിയ ഗുണം ചെയ്യുമെന്നും സ്റ്റാര്‍ക്ക് പറഞ്ഞു. അടുത്തവര്‍ഷത്തെ മത്സരക്രമത്തെക്കുറിച്ച് ഇപ്പോള്‍ അറിയില്ലെങ്കിലും കൊല്‍ക്കത്തക്കായി കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റാര്‍ക്ക് വ്യക്തമാക്കി.

ഫൈനലില്‍ 14 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത സ്റ്റാര്‍ക്ക് ബൗളിംഗില്‍ തിളങ്ങിയിരുന്നു. ഐപിഎല്‍ ലേലത്തില്‍ 24.75 കോടിയെന്ന റെക്കോര്‍ഡ് തുകക്ക് കൊല്‍ക്കത്ത ടീമിലെത്തിയ സ്റ്റാര്‍ക്കിന് സീസണിന്റെ തുടക്കത്തില്‍ മികവ് കാട്ടാനായിരുന്നില്ല. എന്നാല്‍ ഹൈദരാബാദിനെ ക്വാളിഫയറിലും ഫൈനലിലും മികവ് കാട്ടിയ സ്റ്റാര്‍ക്ക് നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. സീസണില്‍ 17 വിക്കറ്റാണ് സ്റ്റാര്‍ക്ക് കൊല്‍ക്കത്തക്കായി സ്വന്തമാക്കിയത്.