അഫ്ഗാന്‍ വിസ്മയം, ഓസീസിനെ അട്ടിമറിച്ച് പോരാളികളുടെ നാഗനൃത്തം

Image 3
CricketFeaturedWorldcup

ടി20 ലോകകപ്പില്‍ വമ്പന്‍ അട്ടിമറിയുമായി അഫ്ഗാനിസ്ഥാന്‍. കിരീടം ചൂടാനെത്തിയ ഓസ്‌ട്രേലിയയെയാണ് അഫ്ഗാനിസ്ഥാന്‍ തകര്‍ത്തത്. 21 റണ്‍സിന്റെ ആധികാരിക വിജയമാണ് അഫ്ഗാന്‍ പോരാളികള്‍ നേടിയെടുത്തത്്. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഓസ്‌ട്രേലി 19.2 ഓവറില്‍ 127 റണ്‍സിന് പുറത്താകുകയായിരുന്നു.

നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഗുല്‍ബാദിന്‍ നായിബും നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ നവീനുല്‍ ഹഖുമാണ് ഓസ്‌ട്രേലിയയെ എറിഞ്ഞിട്ടത്. അസമത്തുളള ഒമര്‍സായ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ഓസ്‌ട്രേലിയക്കായി അര്‍ധ സെഞ്ച്വറി നേടിയ ഗ്ലെന്‍ മാക്‌സ് വെല്‍ മാത്രമാണ് പൊരുതിയത്. മാക്‌സ് വെല്‍ 41 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 59 റണ്‍സ് നേടി. ട്രാവിസ് ഹെഡ് (0), വാര്‍ണര്‍ (3), മിച്ചല്‍ മാര്‍ഷ് (12), മാര്‍ക്കസ് സ്‌റ്റോണ്‍സ് (11), ടിം ഡേവിഡ് (2), മാത്യൂ വെയ്്ഡ് (5), പാറ്റ് കമ്മിന്‍സ് (3), അസ്ഗര്‍ അഗര്‍ (2), ആദം സാംപ (9) എന്നിങ്ങനെയാണ് മറ്റ് ഓസീസ് ബാറ്റര്‍മാരുടെ പ്രകടനം.

നേരത്തെ ആദ്യവിക്കറ്റില്‍ 118 രണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ അഫ്ഗാന്‍ പിന്നീട് നാടകീയമായി തകര്‍ന്നടിയുകയായിരുന്നു. ബംഗ്ലാദേശിന് പുറമെ അഫ്ഗാനെതിരേയും ഹാട്രിക്ക് നേടി പാറ്റ് കമ്മിന്‍സ് ആണ് അഫ്ഗാന്‍് സ്‌കോര്‍ 20 ഓവറില്‍ 148ല്‍ പിടിച്ച് നിര്‍ത്തിയത്. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങിയാണ് കമ്മിന്‍സന്റെ ഹാട്രിക്ക്.

അഫ്ഗാനായി റഹ്മത്തുളള ഗുര്‍ബാസ് 49 പന്തില്‍ നാല് ഫോറും നാല് സിക്‌സും സഹിതം 60ഉം ഇബ്രാഹിം സദിറാന്‍ 48 പന്തില്‍ ആറ് ഫോറടക്കം 51 റണ്‍സും എടുത്തു.

ജയത്തോടെ അഫ്ഗാനിസ്ഥാനും ഗ്രൂപ്പ് ഒന്നില്‍ സെമി പ്രതീക്ഷ സജീവമാക്കി. ബംഗ്ലാദേശിനെതിരെയാണ് അഫ്ഗാന്റെ അടുത്ത മത്സരം. ആ കളി ജയിക്കുകയും ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പിക്കുകയും ചെയ്്താല്‍ അഫ്ഗാന്‍ സെമിയിലെത്തു. രണ്ട് പേരും മത്സരം ജയിക്കുകയോ തോല്‍ക്കുകയോ ചെയ്താല്‍ റണ്‍റേറ്റാകും കാര്യങ്ങള്‍ തീരുമാനിക്കുക.