ക്രിക്കറ്റിനെ പിടിച്ച് കുലുക്കി വമ്പന്‍ അട്ടിമറി, ദക്ഷിണാഫ്രിക്കയെ തരിപ്പണമാക്കി അഫ്ഗാന്‍

Image 3
CricketCricket NewsFeatured

ഷാര്‍ജയില്‍ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം. ഷാര്‍ജയില്‍ നടന്ന 250ാം ഏകദിന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിനാണ് അഫ്ഗാന്‍ തകര്‍ത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ കേവലം 106 റണ്‍സിന് എറിഞ്ഞിട്ട അഫ്ഗാനിസ്ഥാന്‍ 26 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കായി അര്‍ധ സെഞ്ച്വറി നേയി വിയാന്‍ മുള്‍ഡര്‍ മാത്രമാണ് പിടിച്ച് നന്നത്. 84 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സാണ് മുള്‍ഡര്‍ നേടിയത്. 16 റണ്‍സെടുത്ത ഫോര്‍ച്യൂണും 10 റണ്‍സെടുത്ത വേരേണും 11 റണ്‍സെടുത്ത സോര്‍സിയും ആണ് മാര്‍ക്കരത്തിന്റെ ടീമില്‍ രണ്ടക്കം കടന്നത്.

ഏഴ് ഓവറില്‍ ഒരു മെയ്ഡിനടക്കം 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഫസല്‍ ഹഖ് ഫാറൂഖിയും 10 ഓവറില്‍ രണ്ട് മെയ്ഡിനടക്കം 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഗസ് നഫറുമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. റാഷിദ് ഖാന്‍ 8.3 ഓവറില്‍ 30 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിംഗില്‍ അഫ്ഗാന്റെ തുടക്കും തകര്‍ച്ചയോടെയായിരുന്നു. ഒരു ഘട്ടത്തില്‍ മൂന്നിന് 38ലേക്കും നാലിന് 60ലേക്കും അഫ്ഗാന്‍ തകര്‍ന്നെങ്കിലും അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അസ്മത്തുളള ഒമര്‍സായും ഗുല്‍ബദിന് നായിബും അഫ്ഗാനെ വിജയത്തിലെത്തിക്കുകയായിരുന്നു.

ഒമര്‍സായ് 36 പന്തില്‍ രണ്ട് ഫോറടക്കം പുറത്താകാതെ 25ഉം നായിബ് വെറും 27 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 34 റണ്‍സും നേടി. ഇരുവരും അഞ്ചാം വിക്കറ്റില്‍ നിര്‍ണായകമായി 47 റണ്‍സാണ് അഫ്ഗാന്‍ സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത്.

റഹ്മത്തുളള ഗുര്‍ബാസ് (0), റിയാസ് ഹസന്‍ (16), റഹ്്മത്ത് ഷാ (8), ഹഷ്മത്തുളള ഷാഹിദി (16) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ദക്ഷിണാഫ്രിക്കയ്ക്കായി ഫോര്‍ച്യൂണ്‍ രണ്ടും ലുങ്കു എങ്കിടിയും മാര്‍ക്കരവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.