വരുന്ന ടി-20 ലോകകപ്പില്‍ നിന്ന് അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ടീമിനെ പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. താലിബാന് പതാകയ്ക്ക് കീഴില്‍ കളിക്കണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടാലാണ് അഫ്ഗാന് ടീമിന് ലോകകപ്പ് നഷ്ടമാകുക. ഇക്കാര്യത്തില്‍ ഐസിസി അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട് കാത്തിരിക്കുകയാണ്. ഒക്ടോബര്‍ 17നാണ് ടി-20 ലോകകപ്പ് ആരംഭിക്കുക.
താലിബാന് പാതാകയ്ക്ക് കീഴില്‍ തന്നെ കളിക്കണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടാല്‍ ഐസിസി യോഗം ചേരും. യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയ്ക്ക് വെക്കുകയും വോട്ടെടുപ്പിലൂടെ അന്തിമ തീരുമാനം എടുക്കുകയും ചെയ്യും. നിലവില്‍ ഐസിസി ഒരു തീരുമാനവും എടുത്തില്ലെന്നാണ് വിവരം. 17 ബോര്‍ഡ് അംഗങ്ങളില്‍ 12 പേരെങ്കിലും അനുകൂലമായി വോട്ട് ചെയ്താലേ അഫ്ഗാനിസ്ഥാന് ലോകകപ്പ് കളിക്കാന്‍ കഴിയൂ.
ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഒക്ടോബര്‍ 17ന് ആരംഭിക്കും. ഒക്ടോബര്‍ 23 മുതലാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കുക. ഒക്ടോബര്‍ 24ന് ഇന്ത്യ-പാകിസ്താന് മത്സരം നടക്കും. നവംബര്‍ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും.
യോഗ്യതാ മത്സരങ്ങളില്‍ ഒമാന്‍-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. സ്കോട്ട്ലന്‍ഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകള്‍. ഗ്രൂപ്പ് എയില്‍ അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബര്‍ 22 വരെയാണ് യോഗ്യതാ മത്സരങ്ങള്‍. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ സൂപ്പര്‍ 12ല്‍ കളിക്കും.