അക്കാര്യം സമ്മതിച്ചു, അഫ്ഗാന്‍ ലോകകപ്പ് കളിയ്ക്കും

ടി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ കളിയ്ക്കും. അഫ്ഗാന്‍ പതാകയ്ക്ക് കീഴില്‍ കളിയ്ക്കാന്‍ ബോര്‍ഡ് തീരുമാനിച്ചതോടെയാണ് ഐസിസി വിലക്കില്‍ നിന്നും രക്ഷപ്പെട്ടത്. താലിബാന്‍ പതാകയ്ക്ക് കീഴില്‍ കളിക്കാന്‍ ടീം തീരുമാനിച്ചിരുന്നെങ്കില്‍ ലോകകപ്പില്‍ നിന്ന് ഐസിസി അഫ്ഗാനിസ്ഥാനെ വിലക്കുമായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 15നാന് താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തത്. ഇതോടെ അഫ്ഗാന്റെ കായിക ഭാവി തന്നെ അവതാളത്തിലായിരുന്നു. നേരത്തെ അഫ്ഗാനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഓസ്‌ട്രേലിയ പിന്മാറിയിരുന്നു. വനിത ക്രിക്കറ്റ് ടീമിന് താലിബാന്‍ അനുമതി നല്‍കാത്തത് ചൂണ്ടിക്കാട്ടിയാണ് ഓസ്‌ട്രേലിയ കടുത്ത തീരുമാനം എടുത്തത്.

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഒക്ടോബര്‍ 17ന് ആരംഭിക്കും. ഒക്ടോബര്‍ 23 മുതലാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കുക. ഒക്ടോബര്‍ 24ന് ഇന്ത്യ-പാകിസ്താന്‍ മത്സരം നടക്കും. നവംബര്‍ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും.

യോഗ്യതാ മത്സരങ്ങളില്‍ ഒമാന്‍-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. സ്‌കോട്ട്‌ലന്‍ഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകള്‍. ഗ്രൂപ്പ് എയില്‍ അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബര്‍ 22 വരെയാണ് യോഗ്യതാ മത്സരങ്ങള്‍. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ സൂപ്പര്‍ 12ല്‍ കളിക്കും.

സൂപ്പര്‍ 12 മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നില്‍ കളിക്കും. ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങള്‍ ആരംഭിക്കുക. അഫ്ഗാനിസ്ഥാന്‍, ന്യൂസീലന്‍ഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവര്‍ക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്. നവംബര്‍ 10, 11 തീയതികളില്‍ സെമിഫൈനലുകളും നവംബര്‍ 14ന് ഫൈനലും നടക്കും.

You Might Also Like