ഈ ടീമിനോട് വല്ലാത്ത മുഹബ്ബത്താണ്, അവരുടെ ഒരോ തോല്‍വിയും നമ്മളെ പോലും വേദനിപ്പിക്കുന്നു

കെ നന്ദകുമാര്‍പിള്ള

‘എന്തോ ഒരുപാട് ഇഷ്ടമാണ്’ ഇവരെ… പണ്ട് ഈ ഒരിഷ്ടം തോന്നിയിരുന്ന ടീം സിംബാബ്‌വെ ആയിരുന്നു. പരിമിതമായ സാഹചര്യങ്ങളില്‍ ജീവിച്ച്, പരിമിതമായ സൗകര്യങ്ങളില്‍ പ്രാക്ടീസ് നടത്തി, ജീവിക്കാനായി പല പല ജോലികള്‍ ചെയ്തിരുന്ന ഒരു കൂട്ടര്‍ ലോകകപ്പ് കളിയ്ക്കാന്‍ മാത്രമായി ഒരു ടീമെന്ന നിലയില്‍ വരുന്നു എന്ന അറിവ്, ഒരു അത്ഭുതമായിരുന്നു.

വല്ലാത്തൊരു സ്‌നേഹമായിരുന്നു അവരോട്. ഒരുപാട് ജയങ്ങളൊന്നും നേടാനായില്ലെങ്കിലും ഇടയ്ക്കിടെ അവര്‍ നടത്തിയിരുന്ന അട്ടിമറികളും, പോരാട്ട വീര്യവും അവരോടുള്ള സ്‌നേഹം വര്‍ധിപ്പിച്ചിരുന്നു.

ഏകദേശം ആ ഒരു ഇഷ്ടമാണ് ഇപ്പൊ അഫ്ഗാനികളോടും. ഒരു മനുഷ്യന്‍ ലോകത്തിന്റെ ഏതു കോണിലേക്ക് പോയാലും സ്വന്തം നാട്ടിലേക്ക്, കുടുംബത്തിലേക്ക് തിരിച്ചെത്താന്‍ വെമ്പുന്ന ഒരു മനസ് അവനുണ്ടാകും.

സമാധാനം കളിയാടുന്നൊരു നാടും സന്തോഷം നിറഞ്ഞ കുടുംബവും നല്‍കുന്ന പിന്തുണയാണ് ഒരുവന്റെ ഏറ്റവും വലിയ ശക്തി. സന്തോഷവും സമാധാനവും സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത ഒരു നാട്ടില്‍ നിന്ന് വരുന്ന ഒരു കൂട്ടം മനുഷ്യരാണ് ഇവര്‍ എന്ന് തോന്നുമോ അവര്‍ കളിക്കളത്തില്‍ കാഴ്ച്ച വെക്കുന്ന ആവേശം കാണുമ്പോള്‍? എന്തൊരു ഊര്‍ജമാണ് അവര്‍ക്ക്… മാന്യതയുടെ പരിധി വിടാതെയുള്ള വികാരപ്രകടനങ്ങള്‍…

എതിരാളികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയുള്ള പെരുമാറ്റം.. പക്ഷെ, എവിടെയോ ഒരു നഷ്ടബോധം അവരുടെ മുഖത്തു നിന്ന് നമുക്ക് വായിച്ചെടുക്കാന്‍ ആകും.(അതോ അവരുടെ അവസ്ഥ അറിയാവുന്നതു കൊണ്ട് അവര്‍ക്ക് നഷ്ടബോധം ഉണ്ട് എന്നത് നമ്മുടെ തോന്നലാണോ)

**ഒന്നേ ആഗ്രഹിക്കുന്നുള്ളു.. ഒരുപാട് വിജയങ്ങള്‍ നേടാനും ആ രാജ്യത്ത് ക്രിക്കറ്റ് കളി നിലനിര്‍ത്താനും ഇവര്‍ക്ക് സാധിക്കട്ടെ.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like