ഉസ്‌ബൈക്കിസ്ഥാനോടും നാണംകെട്ട് തോറ്റു, ദുരന്തമായി ബ്ലൂ ടൈഗേഴ്‌സ്

ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്ക് വീണ്ടും തോല്‍വി. ഉസ്‌ബൈക്കിസ്ഥാനോട് എതിരില്ലാത്ത മൂന്ന് ഗോളിന്റെ വമ്പന്‍ തോല്‍വിയാണ ഇന്ത്യ വഴങ്ങിയത്. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ വിജയമാണ് ഉസ്‌ബൈക്കിസ്ഥാന്‍ സ്്വന്തമാക്കിയത്.

നോക്ഔട്ട് റൗണ്ടിലേക്ക് എത്താനുള്ള ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ തോല്‍വി. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിന്റെ ആദ്യ പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യക്ക് ഇന്ന് ആ മികവിന്റെ നിഴല് പോലും അവര്‍ത്തിക്കാനായില്ല. മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു.

മത്സരത്തില്‍ പലപ്പോഴും ഉസ്ബെക്കിസ്ഥാന്‍ താരങ്ങളുടെ വേഗതക്കൊപ്പമെത്താന്‍ ഇന്ത്യക്കാവാതെ പോയി. പാസുകളും ഒട്ടും കൃത്യതയില്ലാതെയാണ് ഇന്ത്യന്‍ താരങ്ങള്‍ നടത്തിയത്.

മത്സരത്തിന്റെ നാലാമത്തെ മിനുട്ടില്‍ തന്നെ ഉസ്ബെക്കിസ്ഥാന്‍ ഇന്ത്യന്‍ ഗോള്‍ വല കുലുക്കി. അബ്ബോസ്‌ബെക്ക് ഫസയുളേവ് ആണ്‍ ഗോള്‍ നേടിയത്. തുടര്‍ന്ന് പതിനെട്ടാം മിനുട്ടില്‍ ഇഗോര്‍ സെര്‍ഗെയേവും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ നസ്‌റുളേവും ഗോളുകള്‍ നേടി മത്സരത്തില്‍ ഉസ്‌ബെക് ആധിപത്യം ഉറപ്പിച്ചു.

രണ്ടാം പകുതിയില്‍ മന്‍വീര്‍ സിങ്ങിന് പകരക്കാരനായി രാഹുല്‍ കെ.പിയെ ഇറക്കിയാണ് ഇന്ത്യ തുടങ്ങിയത്. രാഹുല്‍ ബേക്കേയുടെയും മഹേഷ് നെയ്റോമിന്റെയും ശ്രമങ്ങള്‍ ഉസ്ബെക് ഗോള്‍ കീപ്പര്‍ രക്ഷപെടുത്തിയതോടെ ഇന്ത്യയുടെ ഗോളിനായുള്ള കാത്തിരുപ്പ് വെറുതെയായി.

You Might Also Like