ഇത്രയും ആരാധകരുള്ള ടീമിന് ഒന്നും പേടിക്കാനില്ല, ഫുട്ബോളിന് മാത്രമായി ഒരു സ്റ്റേഡിയം നിർമിക്കാനാവശ്യപ്പെട്ട് എഎഫ്‌സി ജനറൽ സെക്രട്ടറി

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യത്തെ മത്സരം കൊച്ചിയിൽ വെച്ച് നടന്നപ്പോൾ കനത്ത മഴയെയും കൂസാതെ നിരവധി ആരാധകരാണ് എത്തിയത്. ഏതാണ്ട് മുപ്പത്തിയയ്യായിരം ആരാധകരുടെ പിൻബലത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടുകയുണ്ടായി. ആരാധകരെ സംബന്ധിച്ച് വളരെയധികം സന്തോഷം നൽകിയ മത്സരമായിരുന്നു ബെംഗളൂരുവിനെതിരെ നടന്നത്.

കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മത്സരം കാണാൻ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ മേധാവിയായ വിൻഡ്‌സർ ജോൺ എത്തിയിരുന്നു. മത്സരത്തിന് ശേഷം അദ്ദേഹം സ്റ്റേഡിയത്തിലെ സുരക്ഷാ പദ്ധതികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. സ്ത്രീകളും കുട്ടികളും എത്തുന്ന മത്സരമായതിനാൽ കൂടുതൽ സുരക്ഷാ ഏർപ്പെടുത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു ഫുട്ബാൾ ഒൺലി സ്റ്റേഡിയം വേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഒരു പുതിയ സ്റ്റേഡിയം നിർമ്മിക്കുമ്പോൾ ഇപ്പോഴുള്ള സുരക്ഷാ പദ്ധതികളെല്ലാം അതുപോലെ തന്നെ പുതിയതിലും നടപ്പിലാക്കാം. എന്നാൽ ഈ സ്റ്റേഡിയം പുനർനിർമ്മിക്കുകയാണെങ്കിൽ, നിങ്ങളുടെ ലൊക്കേഷൻ നഗരത്തിന്റെ കേന്ദ്രമായതിനാൽ ഇപ്പോഴുള്ളതിൽ കൂടുതലൊന്നും ചെയ്യാൻ കഴിയില്ല. അതിനാൽസുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടായിരിക്കും. ഫുട്‌ബോളിൽ സുരക്ഷക്കാണ് മുൻഗണന നൽകുന്നത്.” അദ്ദേഹം പറഞ്ഞു.

“അതേസമയം, നിങ്ങൾക്ക് വളരെയധികം ആരാധകപിന്തുണ ഉള്ളതിനാൽ അതിനു ചേരുന്ന സ്റ്റേഡിയം ഉണ്ടെങ്കിൽ അത് വളരെ മികച്ചതായിരിക്കും. നിങ്ങൾക്ക് ആവേശമുണ്ട്, ഇവിടെ മത്സരം പ്രമോട്ട് ചെയ്യേണ്ട കാര്യമില്ല. എല്ലാം തയ്യാറാണ്, എന്നാൽ ചില കാര്യങ്ങൾ കൃത്യമായി ചെയ്യേണ്ടതുണ്ട്. നിർഭാഗ്യവശാൽ, അവ പ്രധാനപ്പെട്ട കാര്യങ്ങളുമാണ്.” അദ്ദേഹം വ്യക്തമാക്കി.

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുന്ന കലൂർ സ്റ്റേഡിയം ഫുട്ബോളിന് മാത്രമുള്ളതല്ല. ക്രിക്കറ്റ് അടക്കമുള്ള മത്സരങ്ങളെ ഉദ്ദേശിച്ച് വിവിധ ആവശ്യങ്ങൾക്കായി നിർമിച്ച സ്റ്റേഡിയമാണത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീം രൂപീകരിച്ചതു മുതൽ അവരാണ് സ്റ്റേഡിയം ഉപയോഗിക്കുന്നത്. ഐഎസ്എൽ സ്റ്റേഡിയങ്ങളിൽ മികച്ച മൈതാനമുള്ള സ്റ്റേഡിയം കൂടിയാണ് കലൂർ.

You Might Also Like