ചാമ്പ്യന്‍സ് ലീഗില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ ക്ലബായി, ചരിത്രമെഴുതി എഫ്‌സി ഗോവ

ഇന്ത്യന്‍ ഫുട്‌ബോളില്‍ പുതുചരിത്രമെഴുതി ഐഎസ്എല്‍ ക്ലബായ എഫ്‌സി ഗോവ. എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ ക്ലബെന്ന നേട്ടമാണ് ഗോവന്‍ ക്ലബ് സ്വന്തമാക്കിയിരിക്കുന്നത്.

എഎഫ്‌സി ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ഡ്രോ കഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ പ്രതിനിധികളായി ചാംപ്യന്‍സ് ട്രോഫിക്ക് എത്തുന്ന ഗോവ ഗ്രൂപ്പ് ഇയില്‍ ആണ് ഉള്‍പ്പെട്ടിരിക്കുന്നത്. കടുത്ത എതിരാളികളെയാണ് ഗ്രൂപ്പ് ഇയില്‍ ഗോവ നേരിടേണ്ടത്.

കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ ഇറാനിയന്‍ ക്ലബ് പസേപുലസ് എഫ്‌സിയാണ് പ്രധാന എതിരാളി. ഖത്തര്‍ ക്ലബ് അല്‍ റയാന്‍ ആണു ഗ്രൂപ്പ് ഇയിലെ മറ്റൊരു ക്ലബ്. ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ എട്ട് തവണ വിജയികളായ ടീമാണ് അല്‍ റയാന്‍. യുഎഇ ക്ലബ് അല്‍ വഹ്ദയും ഇറാഖ് ക്ലബ് അല്‍ സാവ്റയും തമ്മിലുള്ള യോഗ്യതാ മത്സരത്തില്‍ വിജയിക്കുന്ന ക്ലബാണ് നാലാമതായി ഗ്രൂപ്പില്‍ ഇടം നേടുക.

ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്‌സി) സംഘടിപ്പിക്കുന്ന ചാംപ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ക്ലബ് യോഗ്യത നേടുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ ഇന്ത്യയിലെ ഒന്നാം നിര ക്ലബ് മത്സരമായി എഎഫ്‌സി കഴിഞ്ഞ വര്‍ഷം അംഗീകരിച്ചതോടെയാണ് ഒരു ഇന്ത്യന്‍ ക്ലബിന് എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ പ്രവേശനം ലഭിച്ചത്.

ഐഎസ്എല്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ ഒന്നാമത് എത്തുന്ന ടീമിനാണ് എഎഫ്‌സി ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജില്‍ പ്രവേശനം. കഴിഞ്ഞ സീസണില്‍ എഫ്‌സി ഗോവയായിരുന്നു ഗ്രൂപ്പ് സ്റ്റേജില്‍ ഒന്നാമത് എത്തിയത്. ഇതോടെ ആദ്യമായി എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ എത്തുന്ന ടീമായും എഫ്‌സി ഗോവ മാറി.

നേരത്തെ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ ടീമുകള്‍ ഏഷ്യന്‍ ക്ലബ് ചാംപ്യന്‍ഷിപ്പ് കളിച്ചിട്ടുണ്ടെങ്കിലും എഎഫ്‌സി ചാംപ്യന്‍സ് ലീഗ് ആദ്യമായാണ് ഒരു ഇന്ത്യന്‍ ക്ലബ് കളിക്കാന്‍ പോകുന്നത്.

ഗോവ ഉള്‍പ്പെടുന്ന വെസ്റ്റ് സോണ്‍ ഗ്രൂപ്പ് മത്സരങ്ങള്‍ ഏപ്രില്‍ 14 മുതല്‍ 30 വരെയാണു നടക്കുക. ഈസ്റ്റ് സോണ്‍ മത്സരങ്ങള്‍ ഏപ്രില്‍ 21 മുതല്‍ മേയ് 7 വരെയും നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഒരു മത്സര വേദിയില്‍ മാത്രമാണ് ഗ്രൂപ്പ് തല മത്സരങ്ങള്‍ നടക്കുക. ഇതിന്റെ തിരഞ്ഞെടുപ്പ് അടുത്ത ദിവസം നടക്കും.

You Might Also Like