ശാരീരികാവശതകളുടെ ഇടയിലും അയാൾ ടീമിനായി നൂറു ശതമാനം നൽകി, ലൂണയെ പ്രശംസിച്ച് ഇവാനാശാൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് പൊരുതിയാണ് സമനില നേടിയെടുത്തത്. ആദ്യ മിനുട്ടിൽ തന്നെ ഗോൾ വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഇരുപത്തിനാലു മിനുട്ട് പിന്നിടുമ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പിന്നിലായിരുന്നു. എന്നാൽ അവിടെ നിന്നും ഗംഭീരമായി പൊരുതിയ ബ്ലാസ്റ്റേഴ്‌സ് അറുപതു മിനുട്ട് പിന്നിടുമ്പോൾ തന്നെ രണ്ടു ഗോളുകൾ കൂടി തിരിച്ചടിച്ച് സമനില നേടി. മത്സരം വിജയിക്കാൻ കഴിയുമായിരുന്നു എങ്കിലും അവസരങ്ങൾ തുലച്ചത് ടീമിന് തിരിച്ചടിയായി.

അതേസമയം മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സ് നായകനായ അഡ്രിയാൻ ലൂണയെക്കുറിച്ച് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തന്റെ ശാരീരിക പ്രശ്‌നങ്ങളെ മറികടന്നാണ് അഡ്രിയാൻ ലൂണ ടീമിനായി മുഴുവൻ സമയവും മത്സരത്തിൽ കളിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. മത്സരത്തിൽ എൺപത്തിയെട്ടു മിനുട്ട് വരെ കളിച്ച താരത്തിനു പകരക്കാരനായി ഡൈസുകെയാണ് കളത്തിലിറങ്ങിയത്.

കഴിഞ്ഞ രണ്ടു ദിവസമായി അഡ്രിയാൻ ലൂണക്ക് പനിയാണെന്നാണ് ഇവാൻ വുകോമനോവിച്ച് മത്സരത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. താരം ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ഒരു പരിശീലന സെഷനിൽ പങ്കെടുക്കുകയും ചെയ്‌തിട്ടില്ല. എന്നാൽ അതൊന്നും അഡ്രിയാൻ ലൂണയുടെ പ്രകടനത്തെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നും അവസാനം വരെ ടീമിന്റെ വിജയത്തിനായി താരം പ്രയത്നിച്ചുവെന്നും വുകോമനോവിച്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കി.

മത്സരത്തിൽ ഒരു ഗോളിന് വഴിയൊരുക്കാൻ ലൂണക്ക് കഴിഞ്ഞിരുന്നു. പെപ്ര ടീമിനായി ആദ്യമായി നേടിയ ഗോളിനാണ് ലൂണ വഴിയൊരുക്കിയത്. മത്സരത്തിൽ പെപ്ര നൽകിയ ഒരു സുവർണാവസരം താരത്തിന് മുതലെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ആരാധകർ അതിൽ യാതൊരു പരാതിയും പറയുന്നില്ല. ലൂണയുടെ ആത്മാർത്ഥതയും ടീമിനോടുള്ള പ്രതിബദ്ധതയും നേരത്തെ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഒരു യഥാർത്ഥ നായകനാണ് താനെന്ന് വീണ്ടും തെളിയിക്കാൻ ബ്ലാസ്റ്റേഴ്‌സ് താരത്തിന് കഴിഞ്ഞു.

You Might Also Like