തോൽവികൾ തുടർക്കഥയായതോടെ ആരാധകർ കൈവിടുന്നു, അഡ്രിയാൻ ലൂണയെ കൂട്ടുപിടിച്ച് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം

മികച്ച ഫോമിലുണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർകപ്പിനു ശേഷം മോശം ഫോമിലേക്ക് വീണിരിക്കുകയാണ്. സൂപ്പർ കപ്പിലെ അവസാന രണ്ടു മത്സരങ്ങൾ അടക്കം തുടർച്ചയായ അഞ്ചു തോൽവികളാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്. ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ അഞ്ചാം സ്ഥാനത്താണ് നിൽക്കുന്നത്.

ബ്ലാസ്റ്റേഴ്‌സ് തുടർച്ചയായി തോൽവികൾ വഴങ്ങുന്നതിനാൽ ആരാധകരുടെ പ്രതിഷേധം ശക്തമായി ഉയരുന്നുണ്ട്. ഇത്രയും വർഷമായിട്ടും ഒരു കിരീടം പോലും സ്വന്തമാക്കാതിരുന്ന ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഈ സീസണിലെയും കിരീടപ്രതീക്ഷകൾ അവസാനിച്ചതോടെ മത്സരങ്ങൾ ഉപേക്ഷിക്കുമെന്നു പല ആരാധകരും പറയുന്നു. അടുത്ത മത്സരത്തിൽ സ്റ്റേഡിയത്തിൽ പിന്തുണ കുറയാനുള്ള സാധ്യത കൂടുതലാണ്.

അതേസമയം ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സ്റ്റേഡിയത്തിൽ എത്തിക്കാൻ അവരുടെ പ്രിയപ്പെട്ട താരമായ അഡ്രിയാൻ ലൂണയെ കൂട്ടുപിടിച്ചിരിക്കുകയാണ് ക്ലബ് നേതൃത്വം. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സിന്റെ പേജിലൂടെയും തന്റെ ഇൻസ്റാഗ്രാമിലൂടെയും താരം ആരാധകരോട് സ്റ്റേഡിയത്തിലെത്താൻ അഭ്യർത്ഥിച്ചു. നിങ്ങൾ കൂടെയില്ലെങ്കിൽ ഞങ്ങൾ ഒന്നുമല്ലെന്നാണ് താരം കുറിച്ചത്.

അഡ്രിയാൻ ലൂണയുടെ ഈ അഭ്യർത്ഥന ആരാധകരെ സ്റേഡിയത്തിലെത്തിക്കാൻ സഹായിക്കുമോയെന്നു വ്യക്തമല്ല. ടീമിന്റെ പ്രകടനത്തിൽ ആരാധകർ അത്രയധികം നിരാശരാണെന്നതാണ് വാസ്‌തവം. ഗോവക്കെതിരായ മത്സരത്തിൽ ടീമിന് വിജയിക്കാൻ കഴിഞ്ഞാൽ മാത്രമേ ആരാധകർക്ക് ഈ സീസണിൽ എന്തെങ്കിലും പ്രതീക്ഷിക്കാൻ കഴിയുമെന്ന തോന്നൽ വരികയുള്ളൂ.

You Might Also Like