ആ വിസ്‌മയഗോൾ മുൻപേ പ്ലാൻ ചെയ്‌തു നേടിയതോ, അഡ്രിയാൻ ലൂണ പറയുന്നു

ജംഷഡ്‌പൂരുമായി ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ മികച്ച വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ജംഷഡ്‌പുരിനെ തകർത്തതോടെ പോയിന്റ് നിലയിൽ വീണ്ടും മൂന്നാം സ്ഥാനത്തേക്ക് കുതിക്കാൻ കേരള ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞു. അടുത്ത മത്സരത്തിൽ മുംബൈ സിറ്റിയെ നേരിടാനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് ഈ വിജയം കൂടുതൽ ആവേശം നൽകുമെന്നുറപ്പാണ്. നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന മുംബൈ സിറ്റിയുമായി അഞ്ചു പോയിന്റ് മാത്രം വ്യത്യാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്.

ഇന്നലത്തെ മത്സരം കണ്ട ഏതൊരാൾക്കും ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാമത്തെ ഗോൾ മറക്കാൻ കഴിയില്ല. മനോഹരമായ ഫുട്ബോൾ മത്സരത്തിലുടനീളം കാഴ്‌ച വെച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാനത്തെ ഗോൾ മികച്ച പാസിംഗ് ഗെയിമിന്റെയും താരങ്ങൾ തമ്മിലുള്ള ഒത്തിണക്കത്തിന്റെയും ഉദാഹരണമായിരുന്നു. അഡ്രിയാൻ ലൂണയിൽ നിന്നും തുടങ്ങി മൂന്നു താരങ്ങൾക്കു കൈമാറി ഒടുവിൽ ലൂണ തന്നെയാണ് ഗോൾ കുറിച്ചത്. അഞ്ചു മത്സരങ്ങൾക്കു ശേഷമാണ് അഡ്രിയാൻ ലൂണ കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ഒരു ഗോൾ നേടുന്നത്.

ബ്ലാസ്റ്റേഴ്‌സ് പ്രതിരോധതാരത്തിൽ നിന്നും പന്ത് സ്വീകരിച്ചതിനു ശേഷം വലതു വശത്തുകൂടി ബോക്‌സിനരികിലേക്ക് പോയ ലൂണ ആദ്യം സഹലിനു പന്ത് കൈമാറി അത് തിരിച്ചു വാങ്ങി ദിമിക്കു നൽകി. ദിമി അത് ജിയാനുവിനു നൽകി. താരത്തിന്റെ ഒരു ബാക്ക്ഹീൽ പാസ് വീണ്ടും ലൂണയിലേക്ക്. യുറുഗ്വായ് താരത്തിന്റെ ഷോട്ട് വലക്കുള്ളിൽ. മൈതാനത്തിന്റെ വലതു വശത്തു നിന്നും നീക്കം തുടങ്ങി ഇടതുവശത്തു നിന്നും ഗോൾ നേടുന്നതിനു മുന്നോടിയായി നടത്തിയ നീക്കങ്ങളെല്ലാം വൺ ടച്ച് പാസുകളായിരുന്നു.

അതേസമയം അത് ട്രെയിനിങ് ഗ്രൗണ്ടിൽ പരിശീലിച്ച ഗോൾ അതുപോലെ കളിക്കളത്തിൽ നടപ്പിലാക്കിയതല്ലെന്നാണ് അഡ്രിയാൻ ലൂണ മത്സരത്തിനു ശേഷം പറഞ്ഞത്. വൺ ടച്ച് പാസുകളുമായുള്ള നീക്കങ്ങൾ നടത്തി മുന്നേറ്റങ്ങൾ ഉണ്ടാക്കുന്നത് പരിശീലിക്കാറുണ്ടെങ്കിലും ഇതങ്ങിനെയല്ലെന്നു താരം വ്യക്തമാക്കുന്നു. ഗോൾ നേടിയതിൽ സന്തോഷമുണ്ടെന്നും അടുത്ത വമ്പൻ പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിനാണ് ഇനി ശ്രദ്ധ കൊടുക്കേണ്ടതെന്നും ലൂണ പറഞ്ഞു.

സീസണിന്റെ തുടക്കത്തിൽ ഒന്നു പതറിയെങ്കിലും പിന്നീട് ശക്തമായ തിരിച്ചു വരവ് നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ എട്ടു മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും തോൽവി അറിഞ്ഞിട്ടില്ല. അതിൽ ഏഴെണ്ണത്തിലും വിജയം നേടാനും ടീമിന് കഴിഞ്ഞു. അടുത്ത മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ അവരുടെ മൈതാനത്ത് വിജയിക്കാൻ കഴിഞ്ഞാൽ പോയിന്റ് ടേബിളിൽ ഒന്നാമതെത്താനുള്ള സാധ്യത വർധിപ്പിക്കാനും ബ്ലാസ്‌റ്റേഴ്‌സിന് കഴിയും.

You Might Also Like