‘റോണോ ഉണ്ടായിരുന്നെങ്കില്‍ സിറ്റിയെ റയല്‍ തകര്‍ത്തേനെ, ഇനി അതിന് സാധിക്കില്ല’

Image 3
Champions LeagueFeaturedFootball

ഓഗസ്റ്റ് എട്ടിന് നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ്പ്രീ ക്വാര്‍ട്ടര്‍രണ്ടാം പാദ മത്സരത്തില്‍ റയല്‍ മാഡ്രിഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടാനൊരുങ്ങുകയാണ്. ആദ്യപാദത്തില്‍ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യുവില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തോല്‍വിയറിഞ്ഞ റയലിന് ഈ മത്സരം എതിരില്ലാത്ത രണ്ടു ഗോളിനെങ്കിലും വിജയിച്ചാലേ ക്വാര്‍ട്ടര്‍ ഫൈനലിലെത്താന്‍ സാധിക്കുകയുള്ളു.

എന്നാല്‍ സിറ്റിക്കെതിരെ ഗോള്‍ നേടുക എന്നത് എളുപ്പമാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍. മാഞ്ചസ്റ്റര്‍ സിറ്റിയുടെയും റയല്‍ മാഡ്രിഡിന്റെയും മുന്‍ താരമായ ഇമ്മാനുവെല്‍ അഡബായോറിനും ഇതേ അഭിപ്രായമാണുള്ളത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇപ്പോഴും ഉണ്ടായിരുന്നെങ്കില്‍ റയലിനു കാര്യങ്ങള്‍ എളുപ്പമാവുമായിരുന്നു എന്നാണ്.

 

‘രണ്ടു വര്‍ഷം മുമ്പാണ് നിങ്ങളീ ചോദ്യം ചോദിച്ചിരുന്നതെങ്കില്‍ ഞാന്‍ ഉറപ്പായും റയലിന് സിറ്റിയെ തോല്‍പ്പിക്കാനാവുമെന്നു പറഞ്ഞേനെ. ക്രിസ്റ്റിയാനോ ഉണ്ടായിരുന്നെങ്കില്‍ അവര്‍ തീര്‍ച്ചയായും ഫേവറിറ്റുകളാവും. അദ്ദേഹം ഒരു ഗോളടിയന്ത്രമാണ്. ഏത് നിമിഷവും കളിയുടെ ഗതി മാറ്റിമറിക്കാന്‍ ക്രിസ്റ്റിയാനോക്ക് സാധിക്കും. ഒരു സീസണില്‍ ഉറപ്പായും 50 ഗോളുകള്‍ നേടാന്‍ കെല്‍പ്പുള്ള താരമാണദ്ദേഹം.’

‘ഇപ്പോള്‍ ബെര്‍ണാബ്യുവില്‍ 2 1ന് പരാജയപ്പെട്ട് നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ എത്തിഹാദില്‍ പോയി വിജയിക്കുക എന്നത് വളരെ ശ്രമകരമാണ്. എന്നാലും അത് അസാധ്യമാണെന്ന് ഞാന്‍ പറയുന്നില്ല. കരീം ബെന്‍സീമ, മാഴ്‌സലോ തുടങ്ങിയ ഒരുപാട് പരിചയ സമ്പത്തുള്ള താരങ്ങള്‍ റയല്‍ മാഡ്രിഡിനുണ്ട്.’ പ്രമുഖ സ്പാനിഷ് മാധ്യമമായ എഎസിനു നല്‍കിയ ആഭിമുഖത്തില്‍ സിറ്റിയെ മറികടക്കാന്‍ റയലിനാവുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അഡബയോര്‍.