ഇറ്റലിയുടെ യുവവാഗ്ദാനത്തെ സ്വന്തമാക്കി എസി മിലാൻ, സ്വന്തമാക്കിയത് ചിരവൈരികളെ മറികടന്ന്

Image 3
FeaturedFootballSerie A

ഇറ്റാലിയൻ ക്ലബ്ബായ ബ്രെഷ്യയുടെ അത്ഭുതബാലനായി കണക്കാക്കുന്ന സാൻഡ്രോ ടോണാലിയെ ഇറ്റാലിയൻ വമ്പൻമാരായ എസി മിലാൻ സ്വന്തമാക്കി. ലോണടിസ്ഥാനത്തിലാണ് കരാറെങ്കിലും പിന്നീട് വാങ്ങാനുള്ള നിബന്ധന ബ്രെഷ്യയുമായുള്ള കരാറിലുണ്ട്. ലോൺ ഫീസും വാങ്ങാനുള്ള ഫീസും കൂട്ടി മുപ്പത് മില്യൺ യുറോക്ക് മുകളിലാണ് താരത്തിന് വേണ്ടി മിലാൻ നൽകേണ്ടി വരും.

അഞ്ച് വർഷത്തെ കരാറിലാണ് താരം മിലാനുമായി ധാരണയിൽ എത്തിയിരിക്കുന്നത്. താരത്തെ സ്വന്തമാക്കാൻ ചിരവൈരികളായ ഇന്റർമിലാനും രംഗത്തുണ്ടായിരുന്നുവെങ്കിലും ടോണാലിക്ക് താല്പര്യം എസി മിലാനിലായിരുന്നു. ഇരുപതുകാരനായ താരം എസി മിലാന്റെ വലിയ ആരാധകനാണ്. മിലാനിൽ എട്ടാം നമ്പർ ജേഴ്സിയായിരിക്കും താരത്തിനു കിട്ടുക. ഇറ്റലിക്ക് വേണ്ടി മൂന്ന് മത്സരങ്ങൾ കളിക്കാൻ ഈ യുവമധ്യനിരതാരത്തിനു സാധിച്ചിട്ടുണ്ട്.

എസി മിലാൻ സിഇഒ ആയ ഇവാൻ ഗാസിഡിസും ടെക്നിക്കൽ ഡയറക്ടർ ആയ പൌലോ മാൾഡിനിയും താരത്തെ സ്വാഗതം ചെയ്തു കൊണ്ട് പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്. “എസി മിലാനിലേക്ക് സാൻഡ്രോ ടോണാലിയെ ഞങ്ങൾ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. ഇന്റർനാഷണൽ ഫുട്‍ബോളിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളാണ് അദ്ദേഹം. ഈ ക്ലബ്ബിന്റെ മൂല്യങ്ങളെ മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളാണ് സാൻഡ്രോ. ഒരുമിച്ചു മുന്നേറാൻ അദ്ദേഹം ഞങ്ങളെ സഹായിക്കും. സ്വാഗതം സാൻഡ്രോ” മിലാൻ സിഇഒ കുറിച്ചു.

“ഞങ്ങൾ സന്തോഷത്തോടെ റോസനേരി കുടുംബത്തിലേക്ക് സാൻഡ്രോയെ സ്വാഗതം ചെയ്യുന്നു. ടീമിന്റെ നല്ല ഭാവിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ സംഭാവന ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. മികച്ച പ്രതിഭാപാടവമുള്ള ഒരു മധ്യനിരതാരമാ ണ് അദ്ദേഹം. ക്ലബ്ബിന്റെ മൂല്യങ്ങളെ കുറിച്ച് നന്നായി അറിവുള്ള താരമാണ് അദ്ദേഹം ” പൌലോ മാൾഡിനി കുറിച്ചു.