ഡീപേ ട്രാൻസ്ഫറിൽ ട്വിസ്റ്റ്‌! ബാഴ്‌സയെ പിന്തള്ളി ഇറ്റാലിയൻ വമ്പന്മാർ രംഗത്ത്

Image 3
FeaturedFootball

ഇത്തവണത്തെ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്‌സ പരിശീലകനായ റൊണാൾഡ് കൂമാൻ ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ചിരുന്നത് ലിവർപൂൾ താരം വൈനാൾഡം, അയാക്സിന്റെ താരമായിരുന്ന ഡോണി വാൻ ഡെ ബീക്ക്, ലിയോൺ താരമായ ഡീപേ എന്നീ മൂന്നു ഡച്ച് താരങ്ങളെയായിരുന്നു. എന്നാൽ വാൻ ഡെ ബീക്കിനെ യുണൈറ്റഡ് റാഞ്ചുകയും വൈനാൾഡം ലിവർപൂളിൽ തുടരാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ആക്രമണത്തിൽ ഇപ്പോഴും ഡീപേ കൂമാന്റെ പ്രതീക്ഷയാണ്.

എന്നിരുന്നാലും ഡീപേയെ വാങ്ങാനുള്ള പണം ബാഴ്സയുടെ പക്കൽ ഇല്ലെന്ന് ലിയോൺ പ്രസിഡന്റ്‌ ഓലസ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ നെൽസൺ സെമെഡോയെ വിറ്റു കൊണ്ട് കിട്ടുന്ന തുകക്ക് ഡീപേയെ വാങ്ങാനുള്ള പദ്ധതിയാണ് ബാഴ്സ നടത്തി കൊണ്ടിരിക്കുന്നത്. എന്നാൽ ബാഴ്സയെ പിന്തള്ളി ഡീപേക്കായി ഇറ്റാലിയൻ വമ്പൻമാരായ എസി മിലാനും രംഗത്തെത്തിയിരിക്കുകയാണ്.

ലിയോൺ നോട്ടമിട്ട എസി മിലാന്റെ ബ്രസീലിയൻ താരം ലൂക്കാസ് പാക്വിറ്റയുടെ ട്രാൻസ്ഫറിൽ ഡീപ്പേയെ ഉൾപ്പെടുത്താനാണ് മിലാൻ ശ്രമിക്കുന്നത്. സ്കൈ ഇറ്റാലിയ, ഡയാറിയോ എഎസ് എന്നീ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്യുന്നു. ഡീപേക്കായി 30 മില്യൺ യൂറോ ആണ് ലിയോൺ ഇട്ടിരിക്കുന്ന വില.

2021 ജൂലൈയിൽ ഡീപേയുടെ കരാർ അവസാനിക്കുമെങ്കിലും കരാർ പുതുക്കാൻ ഇതുവരെ താരം തയ്യാറായിട്ടില്ല. ലിയോൺ വിടണമെന്ന നിലപാടിലാണ് ഡീപേയുള്ളത്. അതിനാൽ തന്നെ ബാഴ്‌സ ട്രാൻസ്ഫർ നടന്നില്ലെങ്കിൽ താരം എസി മിലാനിലേക്ക് ചേക്കേറിയേക്കും. എന്നാൽ പാക്വിറ്റക്ക് 2023 വരെ കരാർ നിലവിലുണ്ട്. താരത്തിന്റെ മോശം പ്രകടനമാണ് കൈമാറ്റത്തിന് മിലാൻ തയ്യാറാവുന്നത്. എന്തായാലും ബാഴ്‌സക്ക് ഭീഷണിയായിരിക്കുകയാണ് മിലാൻ.