ബാഴ്സ യുവപ്രതിഭയെ റാഞ്ചാൻ എസി മിലാൻ, ജനുവരി ട്രാൻസ്ഫറിൽ താരത്തിനു വേണ്ടി ശ്രമിച്ചേക്കും

Image 3
FeaturedFootballLa Liga

ബാഴ്സയിൽ ബെഞ്ചിലിരുന്നു നശിക്കുന്ന ഒരു യുവപ്രതിഭയാരെന്നു ചോദിച്ചാൽ ഏതൊരു ബാഴ്സ ആരാധകരും ചൂണ്ടിക്കാണിക്കുന്ന പേരാണ് റിക്കി പുജ്‌. പുതിയ പരിശീലകൻ റൊണാൾഡ്‌ കൂമാനു കീഴിൽ തീരെ അവസരങ്ങൾ ലഭിക്കാതെ വന്ന റിക്കി പുജിന് ജനുവരിയിൽ ലോണിൽ ക്ലബ്ബ് വിടാനുള്ള സാഹചര്യമാണ് നിലവിൽ ഉയർന്നു വന്നിരിക്കുന്നത്.

സീസണിന്റെ തുടക്കത്തിൽ തന്നെ തന്റെ ബാഴ്സയിൽ സ്ഥാനമില്ലെന്ന് കൂമാൻ റിക്കി പുജിനോട് നിർദേശിച്ചിരുന്നു. എന്നാൽ താരം ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ നിലവിൽ താരത്തിനെ ഇറക്കില്ലെന്ന വാശിയിലാണ് കൂമാനുള്ളത്. ഡ്രസിങ് റൂമിലെ വിവരങ്ങൾ റിക്കി പുജ് പുറത്തുവിട്ടുവെന്നു കൂമാൻ കണ്ടെത്തിയതോടെയാണ് താരത്തിനു ബാഴ്സയിൽ അവസരങ്ങൾ കുറഞ്ഞതെന്ന റിപ്പോർട്ടുകളും ഉയർന്നു വന്നിരുന്നു.

ജനുവരി ട്രാൻസ്ഫറിൽ താരത്തെ ലോണിൽ പറഞ്ഞു വിടാനുള്ള നീക്കമാണ് നിലവിൽ നടന്നു കൊണ്ടിരിക്കുന്നത്. ഈ അവസരം മുതലെടുത്തു കൊണ്ട് ഇറ്റാലിയൻ വമ്പന്മാരായ എസി മിലാൻ രംഗത്തെത്തിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറ്റാലിയൻ മാധ്യമമായ സ്‌പോർട് ഇറ്റാലിയയുടെ ജേർണലിസ്റ്റായ കാർലോ പെല്ലെഗാറ്റിയുടെ റിപ്പോർട്ടുകൾ പ്രകാരം 22കാരന് വേണ്ടി മിലാൻ ആദ്യനീക്കം നടത്തിയെന്നാണ് അറിയാനാവുന്നത്.

മിലാൻ ഇത്തരത്തിലുള്ള ലോൺ ഡീലുകൾക്കാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. അതാണ് മിലാന്റെ സീരി എയിലെ മുന്നേറ്റത്തിന് വലിയ ഊർജ്ജം നൽകുന്നത്. റയൽ മാഡ്രിഡിന്റെ ബ്രാഹിം ഡയസും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡിയഗോ ഡാലോട്ടും ഇത്തരത്തിൽ ലോൺ ഡീലിൽ മിലാൻ സ്വന്തമാക്കിയ താരങ്ങളാണ്. മധ്യനിരയിൽ മികച്ച പ്രകടനവുമായി റിക്കി പുജ്ജിനും തിളങ്ങാനാവുമെന്നാണ് മിലാൻ പ്രതീക്ഷിക്കുന്നത്. മിലാനു പിന്നാലെ ആഴ്‌സണലും താരത്തിനായി ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്.