മാന്‍ ഓഫ് ദി മാച്ച് സര്‍പ്രൈസ്, ഞെട്ടിച്ചത് ബിസിസിഐ ഉന്നതരെ

Image 3
CricketIPL

ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിന് പിന്നിലെ പ്രധാന ശക്തി സ്രോതസ്സ് ഹൈദരാബാദ് താരം അമ്പാടി റായിഡുവായിരുന്നു. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് രാജ്യന്തര ക്രിക്കറ്റില്‍ നിന്നും തന്നെ വിരമിച്ച റായിഡുവിനെ ധോണിയും കൂട്ടരും ഇടപെട്ടാണ് കളിക്കളത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത്.

അവഗണനയുടെ ഉച്ചചൂടില്‍ വെന്ത താരം മാസങ്ങള്‍ക്ക് ശേഷം കളത്തിലിറങ്ങിയപ്പോള്‍ താനാരാണെന്ന് തെളിക്കുന്ന ഇന്നിംഗ്‌സ് തന്നെയാണ് പുറത്തെടുത്തത്. ഇതോടെ ഐപിഎല്‍ പതിമൂന്നാം സീസണിലെ ആദ്യ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും റായിഡുവിനെ തേടിയെത്തി.

നിര്‍ണ്ണായക ഘട്ടത്തില്‍ ക്രീസിലെത്തിയ റായിഡു ക്ഷമയോടെ ഇന്നിംഗ്‌സ് കെട്ടിപ്പടുത്തപ്പോള്‍ അത്് ചെന്നൈയുടെ വിജയത്തിന് അടിത്തറയായി മാറുകയായിരുന്നു. 48 പന്തില്‍ ആറ് ഫോറും മൂന്ന സിക്‌സും സഹിതം 71 റണ്‍സാണ് റായിഡു സ്വന്തമാക്കിയത്. ആറ് റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടപ്പെട്ട ചെന്നൈയെ വിജയതീരത്തിലെത്തിച്ചത് മൂന്നാം വിക്കറ്റില്‍ റായിഡുവിന്റേയും ഫാഫ് ഡുപ്ലെസിസിന്റേയും ക്ഷമയോടെയുളള ഇന്നിംഗ്‌സായിരുന്നു.

നേരത്തെ പല തവണ കഴിവ് തെളിയിച്ചിട്ടും ഇന്ത്യന്‍ ടീമില്‍ അനീതിയ്ക്ക് പാത്രമാകാറുളള താരമാണ് അമ്പാടി റായിഡു. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ പ്രതിഭാസനനായ ഈ താരത്തെ അവഗണിച്ച് വിജയ് ശങ്കറിനെയാണ് അന്നത്തെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ എംഎസ്‌കെ പ്രസാദും സംഘവും ഉള്‍പ്പെടുത്തിയത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം പ്രസാദ് ഇക്കാര്യത്തില്‍ തന്റെ ഖേദം പരസ്യമായി പറയുകയും ചെയ്തിരുന്നു.

ഏതായാലും ഒരൊറ്റ ഇന്നിംഗ്‌സിലൂടെ തന്നെ അവഗണിച്ച ബിസിസിഐ അധികാരികള്‍ക്ക് ചുട്ടമറുപടി നല്‍കാന്‍ അമ്പാടി റായിഡുവിന് ആയി. വരും ദിവസങ്ങളില്‍ റായിഡുവിന്റെ ബാറ്റില്‍ നിന്ന് റണ്‍സൊഴുകിയാല്‍ ഇന്ത്യയുടെ ലോകകപ്പ് തോല്‍വിയ്ക്ക് ഈ തീരുമാനം കാരണമായെന്ന് വിലയിരുത്തലാകും ആരാധകരില്‍ നിന്നും ഉണ്ടാകുക. ഇത് ഇന്ത്യന്‍ നായകന്‍ കോഹ്ലിയ്ക്ക് പോലും ചുട്ടുപൊള്ളുന്ന ചോദ്യങ്ങള്‍ അഭിമുഖീകരിക്കാന്‍ കാരണമായി തീര്‍ന്നേക്കാം.