അവന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ അവിഭാജ്യ ഘടകം, തുറന്ന് പറഞ്ഞ് സ്‌കിന്‍കിസ്

Image 3
FootballISL

മലയാളി താരം അബ്ദുല്‍ ഹക്കുവിനെ പ്രശംസകൊണ്ട് മൂടി കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ്. ഹക്കുവുമായുളള കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതിന് പിന്നാലെയാണ് മലയാളി താരത്തെ പ്രശംസിച്ച് ബ്ലാസ്റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടര്‍ രംഗത്തെത്തിയത്.

ഹക്കുവിന് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിരയില്‍ മുഖ്യസ്ഥാനം കൈകാര്യം ചെയ്യാന്‍ കഴിവുണ്ടെന്ന് പറഞ്ഞ സ്‌കിന്‍കിസ് കിബു വികൂനയുടെ പരിശീലനത്തിന് കീഴിയില്‍ കേരളത്തിലെ ഏറ്റവും മികച്ച താരമായി ഹക്കു മാറുമെന്നും വിലയിരുത്തുന്നു.

‘ക്ലബിന്റെ പ്രതിരോധ നിരയില്‍ മുഖ്യസ്ഥാനം കൈകാര്യം ചെയ്യുവാന്‍ അബ്ദുള്‍ ഹക്കുവിന് കഴിവുണ്ട്. അദ്ദേഹത്തിന്റെ കഴിവുകളില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. കളിക്കാരന്റെ ശക്തമായ ഇച്ഛാശക്തി, കഠിനാധ്വാനം, അര്‍പ്പണബോധം എന്നിവയോടൊപ്പം ഞങ്ങളുടെ പുതിയ ഹെഡ് കോച്ചിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍, അദ്ദേഹം സംസ്ഥാനത്തെ മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളായി വളരുകയും പരിണമിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ സ്‌കിന്‍കിസ് പറയുന്നു.

‘കേരളത്തില്‍ നിന്നുള്ള ഒരു ഫുട്ബോളറായതിനാല്‍ ഞങ്ങളുടെ ആരാധകരുടെ നിരന്തരമായ സ്നേഹവും പിന്തുണയും ഹക്കുവിന് ലഭിക്കുമെന്നും അത് അദ്ദേഹത്തെ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്‌കിന്‍കിസ് കൂട്ടിചേര്‍ത്തു.

താന്‍ കേരളത്തില്‍ നിന്നുള്ള കളിക്കാരനായതില്‍ ബ്ലാസ്റ്റേഴ്സ് തന്റെ കുടുംബമാണെന്നാണ് ഹക്കു കരാര്‍ വാര്‍ത്തയോട് പ്രതികരിച്ചത്. ക്ലബ് തന്നില്‍ വിശ്വാസം പ്രകടിപ്പിച്ചതില്‍ സന്തുഷ്ടനാണെന്്‌നും ബ്ലാസ്റ്റേഴ്‌സുമൊത്ത് മുന്നോട്ട് പോകുവാനും കൂടുതല്‍ ട്രോഫി നേടാനും കൊതിക്കുന്നതായും ഹക്കു കൂട്ടിചേര്‍ത്തു.