ഐപിഎല്‍ ഫൈനല്‍ ഇവര്‍ തമ്മിലാകും, വമ്പന്‍ പ്രവചനവുമായി എബിഡി

ഐപിഎല്ലില്‍ ആരെല്ലാം ഫൈനലിലെത്തുമെന്ന് പ്രവചിച്ച് ദക്ഷിണാഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്സ്. പ്ലേഓഫ് പോരാട്ടങ്ങള്‍ക്കു മുമ്പ് സ്വന്തം യൂട്യൂബ് ചാനലില്‍ ആരാധകരുമായി സംവദിക്കവെയാണ് അടുത്ത ഞായറാഴ്ച ആരൊക്കെ തമ്മിലാവും ഫൈനലെന്നു അദ്ദേഹം പ്രവചിച്ചത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാന് റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു എന്നിവരാണ് ഇപ്പോള്‍ ഐപിഎല്‍ ട്രോഫിക്കായി രംഗത്തുള്ളത്. ഈ നാലു ടീമുകളില്‍ രാജസ്ഥാന് റോയല്‍സും സണ്‍റൈസസ് ഹൈദരാബാദും ഫൈനലില്‍ കടക്കില്ലെന്നാണ് എബിഡി പറയുന്നത്. കെകെആറും തന്റെ മുന്‍ ടീമായ ആര്‍സിബിയും തമ്മിലായിരിക്കും ഇത്തവണത്തെ കലാശപ്പോരെന്നും അദ്ദേഹം പ്രവചിക്കുന്നു.
ആര്‍സിബിയും എസ്ആര്‍എച്ചും തമ്മിലാവുമോ, അതോ ആര്‍സിബിയും കെകെആറും തമ്മിലാവുമോ ഫൈനലെന്നാണ് ഒരു ആരാധകന് എബിഡിയോടു ചോദിച്ചത്. ആര്‍സിബിയും കെകെആറും തമ്മിലാവും ഫൈനലെന്ന് എബിഡി പറഞ്ഞു.
‘ആര്‍സിബിയും കെകെആറും തമ്മിലുള്ള ഫൈനലാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നു പറയാന്‍ കഴിയില്ല. സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെയും കളിക്കാരെ എനിക്കു ഇഷ്ടമാണ്. കാരണം അവിടെ ഒരുപാട് സൗത്താഫ്രിക്കന്‍ താരങ്ങളുണ്ട്. പക്ഷെ എനിക്കു തോന്നുന്നത് ഇപ്പോള്‍ ഏറ്റവും മികച്ച ഫോമിലുള്ള ആര്‍സിബിയും ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമായ കെകെആറും തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടുമെന്നാണ്’ എബിഡി പറഞ്ഞു.
‘ചെന്നൈയിലാണ് ഫൈനല്‍ നടക്കാനിരിക്കുന്നത്. അങ്ങനെയെങ്കില്‍ ആര്‍സിബിക്കെതിരേ മുന്‍തൂക്കം കെകെആറിനായിരിക്കും. അവരുടെ മികച്ച സ്പിന്‍ ബൗളിങ് നിരയാണ് ഇതിനു കാരണം. പക്ഷെ ആര്‍സിബിയില്‍ വിരാട് കോലിയുണ്ട്. അദ്ദേഹത്തിന്റെ അഗ്രഷനും ഫോമും വിജയത്തിനുള്ള അതിയായ ദാഹവുമെല്ലാം ആര്‍സിബിയെ ഫൈനലില്‍ ജയിക്കാന്‍ സഹായിക്കുമെന്നും എബിഡി വിശദമാക്കി.