എന്തിനായിരിക്കും ആ കടുംകൈ അവന്‍ ചെയ്തത്, ഒരെത്തും പിടിയും കിട്ടുന്നില്ല

Image 3
CricketIPL

കെ നന്ദകുമാര്‍പിള്ള

ആവേശഭരിതമായ മത്സരം. തുല്യ ശക്തികളുടെ പോരാട്ടത്തില്‍ ഒരു റണ്ണിന് ബാംഗ്ലൂരിന് ഡല്‍ഹിക്കു മേല്‍ വിജയം. ഋഷഭ് പന്ത് നന്നായി കളിച്ചു, കോഹ്ലിയുടെ ടീം ജയിച്ചു. ഇതായിരുന്നു ആഗ്രഹം. അത്, കോഹ്ലി ഫാനോ ബാംഗ്ലൂര്‍ ഫാനോ ആയതു ആയതു കൊണ്ടല്ല. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന് തന്റെ ഐപില്‍ ടീമിന് കപ്പ് എടുത്തു കൊടുക്കാന്‍ പറ്റിയില്ല എന്ന പേരുദോഷം മാറട്ടെ എന്ന ആഗ്രഹം കൊണ്ട്.

പക്ഷെ ഏറ്റവും സന്തോഷം തോന്നിയത് ഹര്‍ഷല്‍ പട്ടേലിന്റെ കാര്യത്തിലാണ്. ടൂര്‍ണമെന്റിലെ ടോപ് വിക്കറ്റ് ടേക്കര്‍ എന്ന പദവിയില്‍ വിരാജിക്കുമ്പോഴാണ് കഴിഞ്ഞ മത്സരത്തില്‍ രവീന്ദ്ര ജഡേജ ഹര്‍ഷലിനെ ഒരോവറില്‍ 37 റണ്‍സിന് ശിക്ഷിച്ചത്. ജഡേജയുടെ പ്രകടനത്തില്‍ സന്തോഷം തോന്നിയെങ്കിലും അത് ഹര്‍ഷലിന്റെ ആത്മവിശ്വാസം തകര്‍ക്കുമോ എന്നൊരു വിഷമം ഉണ്ടായിരുന്നു.

പക്ഷെ അത്തരം ആശങ്കകളെയെല്ലാം കാറ്റില്‍ പറത്തുന്ന പ്രകടനമാണ് ഹര്‍ഷല്‍ ഇന്ന് കാഴ്ചവെച്ചത്. പ്രായം 30 ആയതു കൊണ്ടും, ഇന്ത്യന്‍ ടീമില്‍ ബൗളേഴ്സിന്റെ ബാഹുല്യം ഉള്ളത് കൊണ്ടും, നീല ജേഴ്‌സി ഹര്‍ഷലിനു അപ്രാപ്യമായിരിക്കും. അതുകൊണ്ട് ഐപി എല്ലില്‍ എങ്കിലും നന്നായി കളിച്ച് പേര് നേടട്ടെ, പാവം.

എന്നാലും എന്തിനായിരിക്കും ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് വിരമിച്ചത്. ഒരെത്തും പിടിയും കിട്ടുന്നില്ല. ഹാ, മനുഷ്യ മനസ്സല്ലേ, എങ്ങനെയൊക്കെയാണ് ചിന്തകള്‍ പോകുക എന്ന് പറയാന്‍ ആകില്ലല്ലോ. ഇന്നത്തെ ഡിവില്ലിയേഴ്സിന്റെ ഇന്നിംഗ്‌സ് കണ്ട ആര്‍ക്കും സ്വാഭാവികമായി തോന്നാവുന്ന ഒരു കാര്യമാണ് ഇത്.

ഇന്റര്‍നാഷണല്‍ ലെവലില്‍ പേരു കേട്ട ബൗളേഴ്സ് കളിക്കുന്ന ഐപി എല്ലില്‍, 6 കളികളില്‍ നിന്ന് 17 വിക്കറ്റുമായി ഹര്‍ഷല്‍ പട്ടേല്‍ ഒന്നാമനായി നില്‍കുമ്പോള്‍, ആവേഷ് ഖാന്‍ എന്ന ബൗളര്‍ 6 കളികളില്‍ നിന്ന് 12 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്തു നില്‍ക്കുന്നു. കപില്‍ ദേവ്, ശ്രീനാഥ്, സഹീര്‍ ഖാന്‍ ഇവരൊക്കെ നല്ലൊരു പാര്‍ട്ണര്‍ ഇല്ലാതെ വിഷമിച്ചിരുന്ന കാലത്തു നിന്നും ആഭ്യന്തര ക്രിക്കറ്റില്‍ വരെ മികച്ച ഫാസ്റ്റ് ബൗളേഴ്സിനെ വാര്‍ത്തെടുക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. അഭിമാനിക്കാം നമുക്ക്.

താന്‍ ആരാണെന്നും, തന്റെ കഴിവുകള്‍ എന്താണെന്നും നാട്ടുകാരെ ബോധ്യപ്പെടുത്താനും സ്വയം ബോധ്യപ്പെടാനും ഹെട്‌മെയേറിനു സാധിച്ചു. 18 പന്തില്‍ 46 റണ്‍സ് വേണ്ടയിടത്തു നിന്ന് മത്സരം ഇത്ര ക്ലോസ് ആക്കിയത് ഹെട്‌മെയെരുടെ ഇന്നിംഗ്‌സ് ആയിരുന്നു. പന്ത് പതിവില്‍ നിന്ന് വ്യത്യസ്തമായി നിശ്ശബ്ദനായിരുന്നു. അപ്പുറത്ത് ഒരാള്‍ ഇത്ര മാരകമായി കളിക്കുമ്പോള്‍ ഒന്ന് കണ്ട്രോള്‍ ചെയാം എന്ന് കരുതിയതാകും ഡല്‍ഹി ക്യാപ്റ്റന്‍.

വരും ദിവസങ്ങളില്‍ ഇതുപോലെയുള്ള ആവേശകരമായ മത്സരങ്ങള്‍ ഇനിയും പിറക്കട്ടെ

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍