കോഹ്ലിയ്‌ക്കെന്താണ് സംഭവിക്കുന്നത്, ഞെട്ടല്‍ പരസ്യമാക്കി ഇന്ത്യന്‍ താരം

Image 3
CricketTeam India

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ സെഞ്ച്വറി വരള്‍ച്ച ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചവിഷമാണല്ലോ. രണ്ട് വര്‍ഷത്തിലേറെയായി കോഹ്ലി ഒരു സെഞ്ച്വറി നേടിയിട്ട്. കഴിഞ്ഞ ദിവസം വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തിലും കോഹ്ലി നിരാശപ്പെടുത്തി മടങ്ങിയിരുന്നു. 30 പന്തില്‍ 18 റണ്‍സാണ് കോഹ്ലി നേടിയത്.

ഇതോടെ കോഹ്ലിയ്ക്ക് സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര പറയുന്നത്. പഴയ നിലവാരത്തിന്റെ നിഴല്‍ മാത്രമായി കോഹ്ലി ഒതുങ്ങികഴിഞ്ഞെന്നും അദ്ദേഹം വിലയിരുത്തുന്നു.

‘വിരാട് കോഹ്ലിക്ക് എന്താണ് സംഭവിച്ചത്. അദേഹം വീണ്ടും റണ്‍സ് കണ്ടെത്തിയില്ല. എനിക്ക് കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയുന്നില്ല. അദേഹം തന്റെ മുന്‍കാല മികവിനുതന്നെ വില നല്‍കുകയാണ്. കോഹ്ലിയുണ്ടാക്കിയ അതേ ബാറ്റിംഗ് നിലവാരം വച്ചുതന്നെ നാം അദേഹത്തെ താരതമ്യം ചെയ്യുന്നു. കട്ടും കവര്‍ഡ്രൈവുമായി ഷോട്ടുകള്‍ കളിക്കാനുള്ള വ്യഗ്രത കോഹ്ലലി കഴിഞ്ഞ മത്സരത്തില്‍ കാണിച്ചിരുന്നു. എന്നാല്‍ ഒഡീന്‍ സ്മിത്തിന്റെ ഒരു പന്തില്‍ ഔട്ട്സൈഡ് എഡ്ജായി അദേഹം പുറത്തായി’ ആകാശ് ചോപ്ര പറഞ്ഞു.

71-ാം അന്താരാഷ്ട്ര സെഞ്ചുറിക്കായി നീണ്ട കാത്തിരിപ്പിലാണ് വിരാട് കോഹ്ലി. 2019 നവംബറിലാണ് കോലി അവസാനമായി ശതകം തികച്ചത്.

കോഹ്ലി ബാറ്റിംഗില്‍ പരാജയപ്പെട്ടെങ്കിലും വെസ്റ്റന്‍ഡീസിനെതിരായ രണ്ടാം ഏകദിനം 44 റണ്‍സിന് ഇന്ത്യ വിജയിച്ചു. ഇതോടെ പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 46 ഓവറില്‍ 193 റണ്‍സിന് ഓള്‍ഔട്ടായി. ഒമ്പതോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.