ധോണിയെ പുറത്താക്കിയ ശേഷം താരലേലത്തിലൂടെ ചെന്നൈ തിരിച്ച് പിടിക്കണമെന്ന് ഇന്ത്യന്‍ താരം

Image 3
CricketIPL

ധോണിയെ നിലനിര്‍ത്തുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാന്‍ ചെന്നൈ മാനേജുമെന്റിന് ബുദ്ധി ഉപദേശിച്ച് നല്‍കി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഐപിഎല്‍ മെഗാ താരലേലം നടക്കുകയാണെങ്കില്‍ ധോണിയെ ലേലത്തില്‍ വെക്കുകയും റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി ധോണിയെ വീണ്ടും ചെന്നൈ ടീമിലെത്തിക്കുകയുമാണ് ചെയ്യേണ്ടതെന്നും ആകാശ് ചോപ്ര പറയുന്നു.

ഇതോടെ ചെന്നൈ ടീമിന് കൂടുതല്‍ പണം ലാഭിക്കാമെന്നും അടുത്ത താരലേലത്തില്‍ മികവുള്ള കൂടുതല്‍ താരങ്ങളെ ടീമിലെത്തിക്കാമെന്നും ചോപ്ര വിലയിരുത്തുന്നു.

മെഗാ താരലേലത്തില്‍ മൂന്ന് വര്‍ഷമെങ്കിലും ടീമില്‍ തുടരാനിടയുള്ള താരങ്ങളെ മാത്രമെ വന്‍തുക നല്‍കി ടീമുകള്‍ നിലനിര്‍ത്താന്‍ തയാറാവു. എന്നാല്‍ ധോണിയെ നിലനിര്‍ത്തിയാല്‍ 2022ല്‍ നടക്കുന്ന താരലേലത്തില്‍ ചെന്നൈക്ക് 15 കോടി കുറവ് മാത്രമെ ലേലത്തുകയുണ്ടാകു. ഈ സാഹചര്യം ഒഴിവാക്കാന്‍ ധോണിയെ ലേലത്തില്‍ വെച്ച് റൈറ്റ് ടു മാച്ച് കാര്‍ഡിലൂടെ തിരിച്ചുപിടിക്കണമെന്നാണ് ചോപ്ര പറയുന്നത്.

അതെസമയം ചെന്നൈ ടീം ഒന്നാകെ ഉടച്ചുവാര്‍ക്കാനുള്ള തയാറെടുപ്പിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. വയസന്‍ താരങ്ങളെ ഒഴിവാക്കി യുവതാരങ്ങളെ ടീമിലെടുത്ത് ടീമിന്റെ മുഖച്ഛായ മാറ്റാനൊരുങ്ങുകയാണെങ്കിലും നായകന്‍ എം എസ് ധോണിയെ കൈവിടില്ലെന്ന് ചെന്നൈ ടീം മാനേജ്‌മെന്റ് നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത സീസണിലും ധോണി തന്നെയാവും ചെന്നൈയെ നയിക്കുകയെന്നും ചെന്നൈ വ്യക്തമാക്കിയിരുന്നു.

മെഗാ താരലേലം നടന്നാല്‍ മൂന്ന് കളിക്കാരെ മാത്രമാണ് ഒരു ടീമിന് നിലനിര്‍ത്താനാകുക. ഈ മൂന്ന് താരങ്ങളില്‍ ഒരാള്‍ എന്തായാലും ധോണിയാകുമെന്ന് ഉറപ്പാണ്.