ഈ ഫ്രാഞ്ചസി ലീഗ് ഐപിഎല്ലിന് വെല്ലുവിളിയാകും, മുന്നറിയിപ്പുമായി ഇന്ത്യന്‍ താരം
ക്രിക്കറ്റ് ലോകം അടക്കി വാഴുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു ക്രിക്കറ്റ് ലീഗിനെ കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരവും പ്രമുഖ കമന്റേറ്ററുമായ ആകാശ് ചോപ്ര. പുതുതായി ആരംഭിക്കാന്‍ പോകുന്ന യുഎഇ ലീഗ് ആണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആധിപത്യത്തെ വെല്ലുവിളിയ്ക്കാന്‍ സാധ്യതയുളള ലീഗായി ആകാശ് ചോപ്ര വിലയിരുത്തുന്നത്.
‘ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആധിപത്യത്തെ വെല്ലുവിളിക്കാന്‍ കഴിയുന്ന ഒരു ലക്ഷണമൊത്തൊരു പ്രതിയോഗിയാണ് യുഎഇ ലീഗ്. കളിക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന പണമാണ് അവരുടെ വിജയമന്ത്രം. ക്രിക്കറ്റ് കളിക്കാര്‍ അവിടത്തെ ചരക്കുകളാണ്. ലേല പ്രക്രിയയുടെ ഭാഗമാകാന്‍ എല്ലാവരും ആഗ്രഹിക്കുന്നു’ ആകാശ് ചോപ്ര പറയുന്നു.
‘ക്രിക്കറ്റിന്റെ കോര്‍പ്പറേറ്റുവല്‍ക്കരണം ഇപ്പോള്‍ വളരെ വേഗത്തിലാണ് സംഭവിക്കുന്നത്. ഒരു വര്‍ഷത്തില്‍ 365 ദിവസമുണ്ടെങ്കിലും 700 ദിവസത്തിന് തുല്യമായ ക്രിക്കറ്റാണ് ഇപ്പോള്‍ നടക്കുന്നത്. കളിക്കാരെ സൈന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയും യുഎഇയും തര്‍ക്കത്തിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് പിന്നിലേക്ക് പോകാന്‍ പോകുകയാണ്’ ചോപ്ര കൂട്ടിച്ചേര്‍ത്തു.
ഉദ്ദേശം മൂന്നര കോടിയിലധികം തുകയാണ് യുഎഇ ടി20 ലീഗിലെ നിലവിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ നിരവധി താരങ്ങളെ ഈ ലീഗ് ആകര്‍ശിക്കുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.
നേരത്തെ രവി ശാസ്ത്രി അടക്കമുളളവര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ കുറയ്ക്കണമെന്നും ഫ്രാഞ്ചസി ലീഗുകളില്‍ കളിക്കാരെ പരമാവധി വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഒരു വര്‍ഷം രണ്ട് ഐപിഎല്‍ വരെ നടത്തണമെന്നാണ് ശാത്രിയുടെ നിര്‍ദേശം.