ഡല്‍ഹി 5 പേരെ നിലനിര്‍ത്തും, ഇന്ത്യന്‍ താരത്തിന്റെ പ്രവചനം
ഐപിഎല്‍ 14ാം സീസണിന് മുന്നോടിയായി അഞ്ച് താരങ്ങളെ 13ാം സീസണിലെ ഫൈനലിസ്റ്റുകളായ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തുമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ാര്‍ക്കസ് സ്റ്റോയിനിസ്, കാഗിസോ റബാഡ എന്നീ താരങ്ങളെയാണ് ഡല്‍ഹി നിലനിര്‍ത്തുമെന്ന് ചോപ്ര പ്രവചിക്കുന്നത്.
‘ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, എന്നീ ഇന്ത്യന്‍ താരങ്ങളെ ഡല്‍ഹി നിലനിര്‍ത്തും. ഈ സീസണില്‍ മികച്ച പ്രകടനമല്ല പന്ത് പുറത്തെടുത്തത് എങ്കിലും അവനെ നിലനിര്‍ത്തുമെന്ന് എനിക്കുറപ്പാണ്. ഓസ്ട്രേലിയന്‍ താരം മാര്‍ക്കസ് സ്റ്റോയിനിസ്, ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ എന്നീ വിദേശതാരങ്ങളെയും വിട്ടുകൊടുക്കില്ല’ എന്നാണ് ചോപ്രയുടെ വാക്കുകള്‍.
താനുണ്ടെങ്കില്‍ താരലേലത്തില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ജെയെ സ്വന്തമാക്കാന്‍ ശ്രമിക്കും എന്നും ചോപ്ര വ്യക്തമാക്കി. സീസണില്‍ 22 വിക്കറ്റ് നോര്‍ജെ നേടിയിരുന്നു.
ഐപിഎല്‍ പതിമൂന്നാം സീസണില്‍ രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായിരുന്നു ഓപ്പണറായ ശിഖര്‍ ധവാന്‍(618 റണ്‍സ്). ഇരുപത്തിയഞ്ചുകാരനായ ശ്രേയസ് അയ്യരാവട്ടെ ബാറ്റിംഗ് സ്ഥിരത കാട്ടുകയും ടീമിനെ കന്നി ഫൈനലിലേക്ക് നയിക്കുകയും ചെയ്തു.
519 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ നാലാമതെത്തി അയ്യര്‍. സീസണിലെ പര്‍പ്പിള്‍ ക്യാപ്പ് 30 വിക്കറ്റ് നേടിയ കാഗിസോ റബാഡയ്ക്കായിരുന്നു. ഓള്‍റൗണ്ടറായ മാര്‍ക്കസ് സ്റ്റോയിനിസ് 352 റണ്‍സും 13 വിക്കറ്റും പേരിലാക്കി.