യുവതാരങ്ങൾക്ക് പൊന്നും വില; സൂപ്പർ താരങ്ങളെ എടുക്കാനാളില്ല, കാരണമിതാണ്.

ശനിയാഴ്ച്ച നടന്ന ഐപിഎൽ മെഗാ ലേലത്തിന്റെ ആദ്യദിനത്തിൽ പത്തു ഫ്രാഞ്ചൈസികൾ 74 താരങ്ങൾക്കായി മുടക്കിയ തുക ഏതാണ്ട് 388 കോടിയാണ്. ഇതിൽ തന്നെ 20 താരങ്ങൾ വിദേശകളിക്കാർ കൂടിയാണ് എന്നോർക്കുക. ഏഴരക്കോടിയിലധികം രൂപയ്ക്ക് വിറ്റുപോയത് ഇരുപത് താരങ്ങളാണ്.
അപ്പോഴും സുരേഷ് റെയ്‌നയടക്കം പല വമ്പൻ താരങ്ങളെയും ആരും ഏറ്റെടുക്കാൻ ഉണ്ടായിരുന്നില്ല എന്നതും കൗതുകമാണ്. പല യുവതാരങ്ങളും വമ്പൻ തുക പെട്ടിയിലാക്കുകയും, എന്നാൽ പ്രതീക്ഷിച്ച പല താരങ്ങളെയും ഏറ്റെടുക്കാൻ ആളില്ലാതെ വരികയുംചെയ്‌തത് എന്തുകൊണ്ടായിരിക്കും? പരിശോധിക്കാം.
ഇഷാൻ കിഷൻ എന്തുകൊണ്ട് 15.25 കോടിക്ക് വിറ്റുപോയി?
ഇന്ത്യൻ യുവതാരം, വമ്പനടികൾ നിറച്ച ഇന്നിങ്സിലൂടെ മത്സരം ഒറ്റക്ക് ജയിപ്പിക്കാൻ കഴിവുള്ള താരം. നാല് സൂപ്പർ താരങ്ങളെ നിലനിർത്താൻ വമ്പൻ തുക ചിലവഴിച്ച മുംബൈക്ക് ലേലത്തിൽ ചിലവിടാൻ ബാക്കിയുള്ളത് 48 കോടി മാത്രം. അതിനാൽ തന്നെ ഒരു ഇന്ത്യൻസൂപ്പർതാരത്തെ മാത്രമായിരിക്കും മുംബൈക്ക് കണ്ണുവയ്ക്കാൻ കഴിയുക. 24 വയസ്സ് മാത്രം പ്രായമുള്ള ഇഷാൻ ഭാവിയിൽ മുംബൈക്ക് വലിയ മുതൽക്കൂട്ടാകും എന്നുറപ്പാണ്. മത്സരം മുംബൈയിലെ വാങ്കഡെയിലാവുമ്പോൾ താരതമ്യേന ചെറിയ ബൗണ്ടറിയിൽ ഇഷാന്റെ വമ്പനടികൾ ഏതൊരു ബൗളറുടെയും ഉറക്കം കെടുത്തുകയും ചെയ്യും.
ദീപക് ചഹാറിനായി സിഎസ്‌കെ എന്തുകൊണ്ട് 14 കോടി ചിലവിട്ടു?
ബാറ്റും ബോളും ചെയ്യാൻ കഴിയുന്ന താരങ്ങൾ എന്ന നിലക്ക് പരിമിതമായ ബഡ്‌ജറ്റിൽ ദീപക് ചഹാറിനെ സ്വന്തമാക്കണോ? അതോ ശാർദൂൽ ഠാക്കൂറിനായി പിടിമുറുക്കണോ എന്നതാണ് ചെന്നൈയുടെ മുൻപിലുള്ള ചോദ്യം. പവർപ്ലെയിൽ വിക്കറ്റെടുക്കാൻ ദീപക് ചഹാറിനുള്ള കഴിവ് താരത്തിന് തുണയായെന്ന് വേണം കരുതാൻ.
നിക്കോളാസ് പൂരാനും, ജോണി ബെയ്‌സ്റ്റോയും വമ്പൻ തുക നേടിയപ്പോൾ, മാത്യു വെയ്‌ഡ് എങ്ങനെ എടുക്കാച്ചരക്കായി?
കഴിഞ്ഞ ഐപിഎലിൽ കാര്യമായി തിളങ്ങാനായില്ലെങ്കിലും ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച വമ്പനടിക്കാരിൽ ഒരാളായാണ് നിക്കോളാസ് പൂരാൻ വിലയിരുത്തപ്പെടുന്നത്. കൂടാതെ,മിക്ക ടീമുകൾക്കും വിക്കറ് കീപ്പർമാരെ ആവശ്യമുള്ള സാഹചര്യത്തിൽ വിശ്വസ്തനായ വിക്കറ്റ് കീപ്പറായും, ഫീൽഡറായും കഴിവ് തെളിയിച്ച താരത്തിന്റെ വില കുതിച്ചുയർന്നു.
ടി-20 ലോകകപ്പ് സെമിഫൈനലിൽ പാകിസ്ഥാനെതിരെ മികച്ച പ്രകടനം നടത്തിയെങ്കിലും, സ്പിന്നിന് അനുകൂലമായ പിച്ചുകളിൽ മാത്യു വേഡിന്റെ കാര്യക്ഷമത സംശയകരമാണ്. അതിനാൽ തന്നെ സ്പിന്നിനെ ഭേദപ്പെട്ട രീതിയിൽ കളിക്കുന്ന ബെയ്‌സ്റ്റോയുടെ പിന്നാലെയായി ടീമുകൾ.
കൊൽക്കത്ത ശ്രേയസ് അയ്യർക്കായി 12.25 കോടി മുടക്കാൻ കാരണം?
കൊൽക്കത്തക്ക് ലേലത്തിൽ വരുമ്പോൾ രണ്ട് പ്രധാന പ്രശ്നങ്ങളാണ് പരിഹരിക്കാനുണ്ടായിരുന്നത്. ഭാവിയിലേക്ക് മികച്ച ഒരു ക്യാപ്റ്റൻ, പിന്നെ ടോപ് ഓർഡറിൽ സ്ഥിരതയോടെ കളിക്കാൻ കഴിയുന്ന ഒരു ബാറ്സ്മാൻ. രണ്ടും ഒത്തിണങ്ങിയ അയ്യരെക്കാൾ മികച്ച അധികം യുവതാരങ്ങൾ ഇന്ത്യയിലില്ല എന്നത് താരത്തിന്റെ മൂല്യം വർദ്ധിപ്പിച്ചു.
ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, ഇഷാന്ത് ശർമ്മ
പൂജാര 103 ആമതായും, രഹാനെ 104 ആമതായുമാണ് ലേലം ചെയ്യപ്പെടുക. ഇഷാന്ത് ശർമ്മ 124 ആം സ്ഥാനത്താണ്. മൂന്നു പേരും ഞായറാഴ്ച ലേലത്തിൽ പങ്കെടുക്കുമെങ്കിലും മിക്ക ടീമുകളും താല്പര്യം പ്രകടിപ്പിച്ചേക്കില്ല എന്നാണ് റിപോർട്ടുകൾ. രഹാനെക്കായി ചെന്നൈ രംഗത്തുവരാൻ സാധ്യതയുണ്ട്.
സുരേഷ് റെയ്‌ന, സിദ്ധാർത്ഥ് കൗൾ, മൻദീപ് സിങ് തുടങ്ങിയ ഐപിഎൽ സ്പെഷ്യലിസ്റ്റുകൾക്ക് എന്ത് സംഭവിച്ചു?
സുരേഷ് റെയ്‌നയ്ക്ക് പ്രായം വില്ലനായെന്ന് വേണം കരുതാൻ. പരിമിതമായ ബഡ്ജറ്റിൽ താരമൂല്യമുള്ള ആദ്യ ഇലവൻ ടീമിനെ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് എല്ലാ ടീമുകളും അതിനാൽ തന്നെ ലേലത്തിന്റെ തുടക്കത്തിൽ മറ്റു താരങ്ങൾക്ക് സ്വാഭാവികമായും ആവശ്യക്കാർ ഏറെയുണ്ടാവില്ല.