എബിഡി ഗര്‍ജിച്ച രാവ്, ഇന്ത്യയ്ക്ക് ഇതെങ്ങനെ മറക്കാന്‍ കഴിയും!

സൂരജ് രാജേന്ദ്രന്‍

2015 ഒക്ടോബര്‍ 25

രണ്ട് പതിറ്റാണ്ടിലധികം കാലം സച്ചിന്‍…. സച്ചിന്‍… എന്ന ആര്‍പ്പുവിളികളാല്‍ മുഖരിതമായിരുന്ന വാങ്കഡെ സ്റ്റേഡിയം. എന്നാല്‍ ആ ദിനത്തിലെ 27ാം ഓവറില്‍. പരമ്പരയുടെ കണ്ടെത്തലായ ഡി കോക്ക് സെഞ്ചുറിയും പിന്നിട്ട കുതിക്കുകയായിരുന്നു, റൈനയെ സ്റ്റെപ് ഔട്ട് ചെയ്തു സിക്‌സ് നേടാനുള്ള ശ്രമത്തില്‍ ലോങ്ങ് ഓഫില്‍ ക്യാച്ച് നല്‍കി അയാള്‍ പുറത്തായി.

ഡി കോക്ക് ഡ്രസിങ് റൂമിലേക്ക് പതിയെ തിരിച്ചു നടക്കുമ്പോള്‍ പൊടുന്നനെ കാണികള്‍ ആര്‍ത്തിരമ്പി. ആ നിമിഷം മുംബൈയുടെ അന്തരീക്ഷത്തില്‍ ഉയര്‍ന്ന് കേള്‍ക്കാന്‍ കഴിയുന്നത് വെറും 3 അക്ഷരങ്ങള്‍ മാത്രം. ‘എ. ബി. ഡി!’. മത്സരം വീക്ഷിക്കാന്‍ മാസ്റ്റര്‍ ബ്ലാസ്റ്ററും ആ ആള്‍ക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഒരുപക്ഷെ സച്ചിനെയും, മുംബൈയുടെ സ്വന്തം രോഹിതിനെ പോലും അത്ഭുതപെടുത്തിയ നിമിഷം ആയിരുന്നു അത്. പക്ഷേ അവരേക്കാള്‍ ഏറെ അത്ഭുതം തോന്നിയത് ഡി വില്ലേഴ്സിന് തന്നെ ആയിരുന്നു. ഒരു നിമിഷത്തേക്ക് ജോഹാന്നെസ്ബര്‍ഗിലോ ഡര്‍ബനിലോ ആണോ താന്‍ നില്കുന്നത് എന്ന് അയാള്‍ സംശയിച്ചു.

ഡിവില്ലേഴ്സ് എന്ന് കളിക്കാരന് ക്രിക്കറ്റ് ആരാധകര്‍ക്ക് ഇടയിലുള്ള സ്വീകാര്യത എത്രത്തോളം ആണെന്ന് മനസിലാക്കാന്‍ ഇതിലും മികച്ച ഒരു ഉദാഹരണം ഇല്ല. ഇന്ത്യയ്ക്ക് ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ഒരു മൈതാനത്തു, ഇന്ത്യയ്ക്ക് എതിരെയുള്ള മത്സരത്തില്‍, എതിര്‍ ടീമിലെ ഒരു കളിക്കാരന് വേണ്ടി കാണികള്‍ എല്ലാവരും ഒന്നടങ്കം കൈയടിയോടെ വരവേല്‍ക്കുന്നു. ഒരു കളിക്കാരനെ സംബന്ധിച്ചു അയാളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷമായിരിക്കും അത്.

മത്സരത്തില്‍ ഇന്ത്യ ടോസ് നഷ്ടപ്പെട്ടതിന്റെ നിരാശിയില്‍ ആയിരുന്നു ഇന്ത്യന്‍ ആരാധകര്‍. എന്നാല്‍ അവരുടെ ആശങ്കയ്ക്ക് ആഘം കൂട്ടുന്ന തരത്തില്‍ ഉള്ള ഒരു തുടക്കമാണ് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാര്‍ കാഴ്ച വെയ്ച്ചത്. പരമ്പരയില്‍ ഫോം കണ്ടെത്താന്‍ കഴിയാതിരുന്ന ഹാഷിം അംല ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ കടന്ന് ആക്രമിച്ചു. മോഹിത് ശര്‍മയുടെ പന്തുകള്‍ തുടര്‍ച്ചയായി ബൗണ്ടറികള്‍ പായിച്ചു ടീമിന്റെ നയം വ്യക്തമാക്കി, അംലയും ഡി കോക്കും മികച്ച തുടക്കം നല്‍കി. എന്നാല്‍ മോഹിത് തന്നെ അംലയെ ധോണിയുടെ കൈകളില്‍ എത്തിച്ചു മടക്കടിക്കറ്റ് നല്‍കി. തുടര്‍ന്ന് ഇറങ്ങിയ ഡുപ്ലെസിയോടൊപ്പം ഡി കോക്ക് സ്‌കോര്‍ബാര്‍ഡ് ഉയര്‍ത്തി. ഒരു ഘട്ടത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് തങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയില്ല എന്ന് അവര്‍ ഉറപ്പ് വരുത്തി.

പ്രധാന ബൗളര്‍മാര്‍ക്ക് ആര്‍ക്കും ബ്രേക്ക് ത്രൂ നല്‍കാന്‍ കഴിയാത്തത് കൊണ്ട് പാര്‍ട്ട് ടൈം ബൗളറായ റൈനയെക്ക് പന്ത് കൊടുക്കാന്‍ ധോണി തീരുമാനിച്ചു. ക്യാപ്റ്റന്റെ വിശ്വാസം കാത്ത റെയ്‌ന ഡി കോക്കിനെ പുറത്താക്കി. പക്ഷേ അവിടം കൊണ്ട് ഒന്നും അവസാനിച്ചിരുന്നില്ല. വരാന്‍ പോകുന്ന വലിയ ഒരു വെടിക്കെട്ടിന്റെ സാമ്പിള്‍ ആയിരുന്നു ഡി കോക്കിന്റെ ഇന്നിംഗ്‌സ്. തന്നെ കരഘോഷങ്ങളോടെ എതിരെറ്റ മുംബൈയിലെ കാണികളുടെ നടുവിലൂടെ മൈതാനമധ്യത്തില്‍ ഡിവില്ലേഴ്സ് എത്തി. അവിടെ തന്നെ കാത്തു തന്റെ ബാല്യകാല സുഹൃത്ത് കൂടിയായി ഡുപ്ലെസി വലിയ ഒരു ഇന്നിംഗ്‌സിന് ഉള്ള അടിത്തറ ഒരുക്കി കഴിഞ്ഞിരുന്നു. തുടര്‍ന്നുള്ള ഓരോ ഓവറിലും കാണികളുടെ ആവേശം വര്‍ധിച്ചു കൊണ്ടേ ഇരുന്നു. അവരുടെ പ്രോത്സാഹനത്തിനുള്ള സമ്മാനമായി ഡിവില്ലേഴ്സ് കാണികള്‍ക്ക് ഇടയിലേക്ക് തുരുതുര സിക്‌സറുകള്‍ പായിച്ചു കൊണ്ടേ ഇരുന്നു. ഓരോ ഓവര്‍ കഴിയുമ്പോഴും ഇന്ത്യന്‍ കളിക്കാര്‍ കൂടുതല്‍ നിരാശരാകുന്നത് അല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.

ഇരുവരും ചേര്‍ന്നു ഇന്ത്യന്‍ ബൗളര്‍മാരെ മൈതാനത്തിന്റെ അഷ്ടദിക്കുകളിലേക്കും തലങ്ങും വിലങ്ങും പായിച്ചു. ഇതിനിടയില്‍ ഡുപ്ലെസി 100ഉം കടന്ന് മുന്നേറി. എന്നാല്‍ പേശിവലിവിനെ തുടര്‍ന്ന് ഡുപ്ലെസിയ്ക്ക് തന്റെ ഇന്നിംഗ്‌സ് മതിയാകേണ്ടി വന്നു. പക്ഷേ ഡിവില്ലേഴ്സ് തന്റെ താണ്ഡവം തുടര്‍ന്നു. മോഹിത് എറിഞ്ഞ 46അം ഓവറിലെ അഞ്ചാം പന്തില്‍ 2 റണ്‍സ് നേടി കൊണ്ട് തന്റെ ശതകം പൂര്‍ത്തിയാക്കി. കാണികളും കളിക്കാരും ഒരുപോലെ ഡിവില്ലേഴ്സിനെ അഭിനന്ദിച്ചു കൊണ്ട് കൈയടിച്ചു. പക്ഷേ തന്റെ ജോലി അവസാനിച്ചില്ല എന്ന് മട്ടില്‍ അടുത്ത് പന്ത് സിക്‌സര്‍ പറത്തി അദ്ദേഹം ബാറ്റിംഗ് തുടര്‍ന്നു. 47ആം ഓവറില്‍ ഭുവിയെ തുടര്‍ച്ചയായി സിക്‌സറുകള്‍ നേടിയ ഡിവില്ലേഴ്സ്, പക്ഷേ മൂന്നാം തവണ പരാജയപെട്ടു.

ഷോര്‍ട്ട് ബാളിനെ ആക്രമിച്ചു കളിക്കാനുള്ള ശ്രമത്തില്‍ തന്റെ ബാറ്റിന്റെ അരികില്‍ തൊട്ടുരുമ്മി കൊണ്ട് പന്ത് നേരെ ധോണിയുടെ കൈകളില്‍ എത്തി. ഒപ്പം മനോഹരമായ ഒരു ഇന്നിംഗ്‌സിന് പരിസമാപ്തിയും. കാണികള്‍ എഴുന്നേറ്റ് നിന്നാണ് അദേഹത്തിന്റെ ഡ്രസിങ് റൂമിലേക്കുള്ള മടക്കയാത്രില്‍ സ്വീകരിച്ചത്. അവരെ അഭിവാദ്യം ചെയ്തു കൊണ്ട് ഡിവില്ലേഴ്സ് തന്റെ ബാറ്റ് ഉയര്‍ത്തി കാട്ടി. ആ മത്സരത്തില്‍ 61 പന്തില്‍ നിന്ന് 11 സിക്‌സിന്റെയും 3 ബൗണ്ടറികളുടെയും അകമ്പടിയോടെ 119 റണ്‍സാണ് നേടിയത്. തുടര്‍ന്ന് ബെഹറീദൈനും മില്ലറും കൂടി 438 എന്ന കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചു. മല്‍സരത്തിന്റെ ഒരു ഘട്ടത്തിലും ഇന്ത്യയ്ക്ക് മേധാവിത്വം നേടാന്‍ കഴിഞ്ഞില്ല. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍ നിരയില്‍ അജിന്‍ക്യ രഹാനെയ്ക്ക് ഒഴികെ മറ്റൊരാള്‍ക്കും ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയ്ക്ക് എതിരെ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യയ്ക്ക് 214 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി. ഒപ്പം ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര നേട്ടവും.

തനിക്ക് നേരെ വരുന്ന പന്ത് ഏത് ലൈനിലും ലെങ്തിലും ആയിക്കോട്ടെ. ഫ്രണ്ട് ഫുട്ടില്‍ ആയാലും ബാക്ക് ഫുട്ടില്‍ ആയാലും ആ പന്തിനെ മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും അനായാസം തിരിച്ചു വിടാനുള്ള ഡിവില്ലേഴ്സിന്റെ സവിശേഷ കഴിവാണ്, അദ്ദേഹത്തെ ക്രിക്കറ്റിലെ ഏറ്റവും പ്രഗത്ഭനായ കളിക്കാരനായി വാഴത്തപ്പെടാന്‍ കാരണം. ക്ലാസ്സിക് ബാറ്റിംഗ് ഷോട്‌സും, ആധുനിക ക്രിക്കറ്റിന് അന്യോജ്യമായ പുത്തന്‍ റാംപ് ഷോട്ടുകളും ഒരേ സാങ്കേതിക തികവോടെ കളിക്കുന്ന മറ്റൊരു ബാറ്റ്‌സ്മാന്‍ ഉണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. അവയില്‍ പലതും ക്രിക്കറ്റ് ലോകത്തിന് പരിചയപെടുത്തിയതും അദ്ദേഹം ആണ്. മാത്രമല്ല സാഹചര്യങ്ങള്‍ക്ക് അനുസരിച്ചു തന്റെ ബാറ്റിംഗ് ശൈലിയില്‍ മാറ്റം വരുത്താനും, പിച്ചിന്റെ സ്വഭാവം അനുസരിച്ചു സ്‌കോറിങ് നിരക്കില്‍ വ്യത്യാസം വരുത്താനും അയാള്‍ക്ക് കഴിയും. അതുകൊണ്ട് ആണ് ഏകദിനത്തില്‍ അതിവേഗ 50, 100, 150 റണ്‍സുകള്‍ നേടിയ ഡിവില്ലേഴ്സ്‌ന് ടെസ്റ്റ് മത്സരം സമനില കൈവിടാതിരിക്കാന്‍ 297 പന്തുകള്‍ നേരിട്ട് 43 റണ്‍സ് നേടിയ ഇന്നിംഗ്‌സ് കളിക്കാന്‍ കഴിഞ്ഞതും.

പക്ഷെ ഈ ഇന്നിംഗ്‌സ് അദ്ദേഹം ആഗ്രഹിച്ച ഫലം കണ്ടില്ല. 3 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപ്രതീക്ഷിതമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എന്ത് കാരണം കൊണ്ടാണ് അന്ന് അദ്ദേഹം അങ്ങനെ ഒരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത് എന്ന് അറിയില്ല. എന്നാല്‍ അദേഹത്തിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമായിരുന്നു എന്ന് തുടര്‍ന്ന് നടന്ന ലീഗ് ടൂര്‍ണമെന്റുകളില്‍ തെളിയിക്കപ്പെട്ടു. ഐപിലില്‍ കളിക്കുന്ന 2 മാസങ്ങള്‍ ഇന്ത്യന്‍ ജനതയുടെ മനം നിറയ്ക്കുന്ന പ്രകടനങ്ങള്‍ ആ ബാറ്റില്‍ നിന്ന് ഒഴുക്കാറുണ്ട്. ആര്‍സിബി എന്ന ടീമിനെ ഇഷ്ടപെടാത്തവര്‍ ഉണ്ടാകാം. എന്നാല്‍ അവര്‍ക്ക് ഒരിക്കലും ഡിവില്ലേഴ്സ് ബാറ്റ് ചെയുന്നത് കാണാതിരിക്കാന്‍ കഴിയില്ല.

അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുന്നത് എല്ലാം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനായി ചെയ്തു. 3 ഫോര്‍മാറ്റിലും രാജ്യത്തെ നയിക്കുകയും പ്രസിദ്ധമായ പല വിജയങ്ങളും നേടി. ഒരു കളിക്കാരന്‍ എന്ന് നിലയില്‍ അദ്ദേഹത്തിന് ഉള്ള ഒരേയൊരു കുറവ് എന്നത് ഒരു ലോകകിരീടം നേടാന്‍ സാധിച്ചില്ല എന്നത് ആണ്. 2015 ലോകകപ്പ് എന്നത് ഡിവില്ലേഴ്സിനെ സംബന്ധിച്ചു ഏറെ ദുഃഖം നല്‍കിയ ഒന്ന് ആയിരുന്നു. ലോകകപ്പ് നേടാനുള്ള എല്ലാ സാധ്യതകളും ഡിവില്ലേഴ്സ് നയിച്ച ടീമിന് ഉണ്ടായിരുന്നു.

എന്നാല്‍ ന്യൂസിലാണ്ടിനെതിരെ നടന്ന സെമിയില്‍ കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാത്തതിനാള്‍ തോല്‍വി ഏറ്റ് വാങ്ങി. മല്‍സരത്തിലെ അവസാന ഓവറില്‍ ഗ്രാന്റ് എല്ലിയോറ്റ് എന്ന് ദക്ഷിണാഫ്രിക്കകാരനായ ന്യൂസിലന്‍ഡ് കളിക്കാരന്‍ ഡെയ്ല്‍ സ്റ്റെയ്നെ ലോങ്ങ് ഓണിനു മുകളിലൂടെ സിക്‌സര്‍ നേടി തന്റെ ടീമിനെ ഫൈനലില്‍ എത്തിച്ചു. അന്ന് മൈതാനത്തില്‍ ഡിവില്ലേഴ്സിന്റേത് ഉള്‍പ്പെടെ ഉള്ള ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ കണ്ണുനീര്‍ വീണപ്പോള്‍ കണ്ടുനിന്നവരുടെ മനസ്സിലും അത് ഒരു മുറിവായി മാറി. പക്ഷേ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ എ ബി ഡി എന്ന 3 അക്ഷരങ്ങളുടെ സ്ഥാനം വളരെ വലുതാണ്. വരും തലമുറയോട് ആവേശത്തോടെ പറയാന്‍ കഴിയുന്ന ഒരുപിടി ഇന്നിംഗ്‌സുകള്‍ തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ക്ലബ് ക്രിക്കറ്റിലേക്ക് മാത്രം ഒതുങ്ങി പോയ ആ ബാറ്റിംഗ് സൗന്ദര്യം ആസ്വദിക്കാന്‍ ഞാന്‍ അടക്കമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കും.

തുടര്‍ന്നുള്ള ജീവിതത്തില്‍ എല്ലാ നന്മകളും ആശംസിക്കുന്നു. ജന്മദിനാശംസകള്‍ എബ്രഹാം ബെഞ്ചമിന്‍ ഡിവില്ലേഴ്സ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like