ഈ വിദേശ താരത്തിന്റെ വരവ്, ചെന്നൈയ്ക്ക് വര്‍ധിക്കുക 90 ലക്ഷം ആരാധകര്‍!

Image 3
FootballISL

തന്നെ സ്വന്തമാക്കാനായത് ഐഎസ്എല്‍ ക്ലബ് ചെന്നൈയിന്‍ എഫ്‌സിയ്ക്ക് വലിയ നേട്ടമാകുമെന്ന് താജിക്കിസ്ഥാന്‍ ദേശീയ ടീം അംഗവും സൂപ്പര്‍ താരവുമായ ഫറ്റ്ഖുല്ലോ ഫറ്റ്ഖുലേവി. അടുത്ത സീസണില്‍ താജിക്സ്ഥാനില്‍ നിന്ന് ഒന്‍പത് മില്യണ്‍ ആരാധകര്‍കൂടി ചെന്നൈയ്ക്ക് ഉണ്ടാകുമെന്നാണ് ഫറ്റ്ഖുലേവി അവകാശപ്പെടുന്നത്. ചെന്നൈയിന്‍ എഫ്‌സിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് താജികിസ്ഥാന്‍ ദേശീയ ഹീറോ ഇക്കാര്യം പറയുന്നത്.

തന്റെ വരവ് താജികിസ്ഥാനിലെ ജനങ്ങള്‍ മുഴുവന്‍ ചെന്നൈയിന്‍ എഫ്‌സിയുടെ മത്സരം കാണാന്‍ ഇടയാക്കുമെന്നും അങ്ങനെയാണ് ചെന്നൈയ്ക്ക് താജികിസ്ഥാനില്‍ നിന്ന് ഇത്രയേറെ ആരാധക പിന്തുണ ചെന്നൈയ്ക്ക് ലഭിക്കുകയെന്നുമാണ് ഫറ്റ്ഖുലേവി അവകാശപ്പെടുന്നത്.

ദേശീയ ടീമിനായി കളിക്കുന്ന സമയത്ത് നിരവധി തവണ താന്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെന്നും നിരവധി ഇന്ത്യന്‍ താരങ്ങള്‍ സുഹൃത്തുക്കളാണെന്നും ഫറ്റ്ഖുലേവി പറയുന്നു. ഇന്ത്യയില്‍ ഫുട്‌ബോള്‍ വളര്‍ച്ചയുടെ ഘട്ടത്തിലാണെന്ന് പറയുന്ന ഫറ്റ്ഖുലേവി ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ അടിമുടി പ്രെഫഷണലുകളാണെന്നും നിരീക്ഷിക്കുന്നു.

താജികിസ്താന്‍ ക്ലബ്ബായ എഫ് കെ ഖുജാന്ധിനില്‍ നിന്നുമാണ് 30കാരന്‍ ചെന്നൈയിന്‍ എഫ്‌സിയിലേക്ക് വരുന്നത്. ഒരു വര്‍ഷകരാറിലാണ് ഇരകൂട്ടരും ഒപ്പു വെച്ചിരിക്കുന്നത്. താജികിസ്താന്‍ ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ഫറ്റ്ഖുല്ലോ.

ദേശീയ കുപ്പായത്തില്‍ ഇതുവരെ 68 മത്സരങ്ങളില്‍ ഇദ്ദേഹം ബൂട്ട് അണിഞ്ഞിട്ടുണ്ട്. ക്ലബ്ബ് തലത്തില്‍ തന്റെ പ്രൊഫഷണല്‍ കരിയറില്‍ ഭൂരിഭാഗവും എഫ്‌സി ഇസ്തിക്‌ളോളിനായാണ് കളിച്ചത്. എട്ട് വര്‍ഷത്തിനിടയില്‍ ടീമിനോടൊപ്പം ആറു താജിക് ടോപ് ഫ്‌ലൈറ്റ് ചാമ്പ്യന്‍ഷിപ്പുകളും അഞ്ചു താജിക് കപ്പ് കിരീടങ്ങളും നേടി. ആ കാലയളവില്‍ ഇസ്തിക്‌ളോലിനെ രണ്ടു തവണ എഎഫ്‌സി ഫൈനലിലെത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു.

താജികിസ്ഥാന്‍ ക്ലബ്ബുകള്‍ക്ക് പുറമേ ഇന്തോനേഷ്യന്‍, ഉസ്ബെക്കിസ്ഥാന്‍ ക്ലബ്ബുകള്‍ക്കായും ഇദ്ദേഹം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഖുജന്ദിന് വേണ്ടി നാലു ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് താരം നേടിയത്.