എട്ടു ജില്ലകളിൽ ഫിഫ നിലവാരത്തിൽ എട്ടു സ്റ്റേഡിയങ്ങൾ, കേരളം ഫുട്ബോൾ ഹബ്ബായി മാറും

Image 3
Football News

കേരളത്തിന്റെ ഫുട്ബോൾ പ്രേമം ഇന്ത്യക്കു പുറത്തേക്കടക്കം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ ഒരു കാലഘട്ടമാണ് ഇത്. ഇത്രയും മികച്ച പിന്തുണ കേരളത്തിൽ ഫുട്ബോളിന് ഉണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്ന കാര്യത്തിൽ കേരളം പിന്നിൽ തന്നെയാണ്. അതിന്റെ പേരിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും പരാതികളും ഉയർന്നു വരികയും ചെയ്‌തിട്ടുണ്ട്‌.

എന്നാൽ കഴിഞ്ഞ കുറച്ചു ദിവസമായി നടക്കുന്ന ഇന്റർനാഷണൽ സ്പോർട്ട്സ് സമ്മിറ്റിൽ കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് വളരെ സന്തോഷം നൽകുന്ന വാർത്തയാണ് വരുന്നത്. ആദ്യം കേരളത്തിൽ ഫുട്ബോൾ സ്റ്റേഡിയങ്ങൾ നിർമിക്കാൻ എണ്ണൂറു കോടി രൂപ അനുവദിക്കപ്പെട്ടുവെന്ന വാർത്ത പുറത്തു വന്നിരുന്നു. എന്നാൽ സർക്കാർ പ്രോജക്റ്റ് ആയതിനാൽ തന്നെ പലർക്കും അത് നടപ്പിലാക്കുമോ എന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നു.

എന്നാൽ ഇന്ന് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വന്നതിൽ മീരാൻസ് ഗ്രൂപ്പ് എന്ന കമ്പനിയാണ് ഇതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതെന്ന് വ്യക്തമായിട്ടുണ്ട്. എണ്ണൂറു കോടി രൂപ ചിലവിൽ കേരളത്തിലെ എട്ടു ജില്ലകളിൽ ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയങ്ങൾ നിർമിക്കാനുള്ള പദ്ധതിയാണ് ഇവർക്കുള്ളത്.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസർഗോഡ് എന്നീ ജില്ലകളിലാണ് സ്റ്റേഡിയങ്ങൾ വരുന്നത്. ഓരോ സ്റ്റേഡിയവും പതിനയ്യായിരം മുതൽ ഇരുപതിനായിരം വരെ കപ്പാസിറ്റിയിലാണ് ഉണ്ടാക്കുക. ഫിഫ നിലവാരത്തിൽ ഉണ്ടാക്കുന്ന ഈ സ്റ്റേഡിയങ്ങൾ മൂന്നു ഘട്ടങ്ങളായി അഞ്ചു വർഷത്തിനുള്ളിൽ പൂർത്തീകരിക്കും.

ഈ പദ്ധതി യാഥാർഥ്യമായി മാറിയാൽ അത് കേരളത്തിന്റെ ഫുട്ബോൾ സംസ്‌കാരത്തിന് വലിയൊരു മാറ്റം വരുത്തും. കേരളത്തിനുള്ളിൽ മികച്ച ആഭ്യന്തര ഇലവൻസ് ലീഗുകൾ നടത്താൻ ഇത് വഴിയൊരുക്കും. അതിനു പുറമെ കേരളത്തിൽ നിന്നും മികച്ച താരങ്ങളെ വാർത്തെടുക്കാനും ഇത് സഹായിക്കുമെന്നതിൽ സംശയമില്ല.