ടീം ഇന്ത്യ പണം വാരുന്നതിങ്ങനെ, സെഞ്ച്വറിയ്ക്കും അഞ്ച് വിക്കറ്റിനുമെല്ലാം ലക്ഷങ്ങള്‍ അധിക പ്രതിഫലം

Image 3
CricketTeam India

ക്രിക്കറ്റ് ലോകത്ത് ഏറ്റവും അധികം പണം വാരുന്ന ടീമുകളില്‍ ഒന്നാണ് ഇന്ത്യന്‍ ടീം. കടുത്ത മത്സരത്തിനൊടുവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായാല്‍ ഒരു പരമ്പര കളിച്ചാല്‍ തന്നെ ആര്‍ക്കും ജീവിത സുരക്ഷിതത്വം നേടിയെടുക്കാം. അപ്പോള്‍ സൂപ്പര്‍ താരങ്ങള്‍ കൂടിയാണെങ്കില്‍ പറയുകയും വേണ്ട. ഒരോ വര്‍ഷവും കോടികളാണ് മൈതാനത്ത് നിന്ന് ഇന്ത്യന്‍ താരങ്ങള്‍ പോക്കറ്റിലാക്കുന്നത്.

വാര്‍ഷിക പ്രതിഫലത്തിനും മാച്ച് ഫീക്കും പുറമെ ഇന്ത്യന്‍ കളിക്കാര്‍ക്ക് ലഭിക്കുന്ന അധിക സമ്മാന തുകകള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

ഇരട്ട ശതകം നേടിയാല്‍ 7 ലക്ഷം രൂപയാണ് മാച്ച് ഫീ കൂടാതെ കളിക്കാരന് അധികമായി ലഭിക്കുക. സെഞ്ച്വറിയടിച്ചാല്‍ അഞ്ച് ലക്ഷം രൂപയാണ് സമ്മാനതുക. അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ബൗളര്‍ക്ക് അഞ്ച് ലക്ഷം രൂപ ലഭിക്കും. ഇംഗ്ലണ്ടിനെതിരായ ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ അശ്വിന്‍ 8 വിക്കറ്റും സെഞ്ചുറിയും നേടിയിരുന്നു. ഇതിലൂടെ അശ്വിന് 25 ലക്ഷം രൂപ ലഭിച്ചിട്ടുണ്ടാവും എന്നാണ് ആകാശ് ചോപ്ര പറയുന്നത്.

15 ലക്ഷം രൂപയാണ് ഒരു താരത്തിന് ടെസ്റ്റ് മത്സരത്തിനുള്ള മാച്ച് ഫീ. ബോര്‍ഡര്‍ ?ഗാവസ്‌കര്‍ ട്രോഫി ജയിച്ച ഇന്ത്യന്‍ സംഘത്തിന് അഞ്ച് കോടി രൂപയാണ് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ആറ് ലക്ഷം രൂപയാണ് ഏകദിന ക്രിക്കറ്റ് കളിക്കുമ്പോള്‍ ലഭിക്കുന്ന മാച്ച് ഫീ. മൂന്ന് ലക്ഷം രൂപയാണ് ഒരു ടി20 മത്സരം കളിക്കുമ്പോള്‍ ലഭിക്കുന്ന മാച്ച് ഫീ.

ടീമില്‍ ഉള്‍പ്പെട്ടിട്ടും പ്ലേയിങ് ഇലവനില്‍ ഇടംലഭിക്കാതെ പോവുന്ന കളിക്കാര്‍ക്ക് മാച്ച് ഫീയുടെ 50 ശതമാനം ലഭിക്കും. നിലവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഒരുങ്ങുകയാണ് ഇന്ത്യന്‍ സംഘം. അതിന് ശേഷം അഞ്ച് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കും.