6-1 തോൽവി പിഎസ്‌ജിയെ ഇപ്പോഴും അലട്ടുന്ന ഒന്നാണ്, പിഎസ്‌ജി താരം റാഫിഞ്ഞ പറയുന്നു

ചാമ്പ്യൻസ്‌ലീഗെന്നു കേൾക്കുമ്പോൾ പിഎസ്‌ജി മറക്കാനാഗ്രഹിക്കുന്ന ഒരു അധ്യായമാണ് ബാഴ്സലോണക്കെതിരെ 6-1ണ് പുറത്തായ പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരം. ആദ്യപാദത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ബാഴ്സക്ക് തോൽവി രുചിക്കേണ്ടി വന്നെങ്കിലും രണ്ടാം പാദത്തിൽ ബാഴ്സ ശക്തമായി തിരിച്ചു വരികയായിരുന്നു. സെർജി റോബർട്ടോയുടെ ഇഞ്ചുറി സമയത്തെ ഗോളിൽ ബാഴ്സ നേടിയ വിജയം ഇപ്പോഴും ചാമ്പ്യൻസ്‌ലീഗ് ചരിത്രത്തിലെ അവിസ്മരണീയമായ മികച്ച തിരിച്ചു വരവുകളിലൊന്നാണ്.

ഇത്തവണത്തെ പ്രീ ക്വാർട്ടർ മത്സരങ്ങളിൽ വീണ്ടും ആ പോരാട്ടം പുനർജനിക്കപ്പെടുമ്പോൾ ഒരു മികച്ച മത്സരം തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. 2017ലെ ആ മറക്കാനാവാത്ത തോൽവി ഇപ്പോഴും പിഎസ്‌ജിക്കകത്ത് ഒരു കറുത്തപാടായി അവശേഷിക്കുന്നുണ്ടെന്നാണ് ബാഴ്സയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയ റാഫിഞ്ഞക്കു പറയാനുള്ളത്. ഫ്രഞ്ച് മാധ്യമമായ ലേ പാരിസിയനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റാഫിഞ്ഞ.

“ഏതു ക്ലബ്ബാണ് അത്തരത്തിലൊരു തിരിച്ചു വരവിൽ പരിതപിക്കാതിരിക്കുക? അതിനു മറുപടി നൽകാൻ വീണ്ടും അവസരം ലഭിച്ചതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്. ഒരു മികച്ച മത്സരം കാഴ്ചവെക്കുകയും ഈ മുള്ള് മനസ്സിൽ നിന്നും എടുത്തുകളയാനും ആഗ്രഹിക്കുന്നുണ്ട്. ഇത് ഇപ്പോഴും പാരിസിലെ ചിലരെ അലട്ടുന്ന ഒന്നാണ്.” റാഫിഞ്ഞ പറഞ്ഞു.

പാരിസിലേക്ക് ചെക്കേറിയെങ്കിലും ഇപ്പോഴും ബാഴ്സയിലെ നല്ല നിമിഷങ്ങളെ താലോലിക്കാറുണ്ടെന്നും റാഫിഞ്ഞ പറഞ്ഞു. ബാഴ്സയിൽ വളർന്നു 13 വർഷം അവിടെ കളിച്ചിട്ടുണ്ടെന്നും ഇപ്പോഴും ഞാനൊരു കറ്റാലൻ ആണെന്നും റാഫിഞ്ഞ പറഞ്ഞു. ബാഴ്സയിൽ വളർന്നു വന്നതു കൊണ്ടു തന്നെ ബാഴ്സ എപ്പോഴും തനിക്ക് സവിശേഷമായ ഒന്നാണെന്നും റാഫിഞ്ഞ അഭിപ്രായപ്പെട്ടു.

You Might Also Like