മൂന്ന് വന്‍ മരങ്ങളെ ഉപേക്ഷിക്കും, നിര്‍ണ്ണായക തീരുമാനമെടുത്ത് രാജസ്ഥാന്‍ റോയല്‍സ്
ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ കിരീടം ചൂടിയ രാജസ്ഥാന്‍ റോയല്‍സിന് പിന്നീട് കിരീട നേട്ടം ആവര്‍ത്തിക്കാനായിട്ടില്ല. മലയാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ സീസണുകളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടും കിരീടം എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് മുന്‍പ് രാജസ്ഥാന് പലപ്പോഴും അടിതെറ്റിയിട്ടുണ്ട്.
എന്നാല്‍ 2025 ഐപിഎല്ലില്‍ ശക്തമായ തിരിച്ചുവരവ് നടത്താനുള്ള ശ്രമത്തിലാണ് ടീം. ഇതിനായി ടീമില്‍ സമഗ്രമായ അഴിച്ചുപണി നടത്തി മികച്ച ഒരു ടീമിനെ കെട്ടിപ്പടുക്കാനാണ് രാജസ്ഥാന്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍, 2025 ഐപിഎല്‍ മെഗാ ലേലത്തിന് മുന്‍പ് രാജസ്ഥാന്‍ ഒഴിവാക്കാന്‍ സാധ്യതയുള്ള മൂന്ന് പ്രമുഖ താരങ്ങളെ നമുക്ക് പരിശോധിക്കാം.
- രവിചന്ദ്രന്‍ അശ്വിന്‍
അഞ്ച് കോടി രൂപയ്ക്ക് ടീമിലെത്തിച്ച വെറ്ററന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ രാജസ്ഥാന്‍ ഒഴിവാക്കിയേക്കാം. രാജസ്ഥാനു വേണ്ടി 45 മത്സരങ്ങളില്‍ നിന്ന് 35 വിക്കറ്റുകള്‍ മാത്രമാണ് അശ്വിന് നേടാനായത്. എന്നിരുന്നാലും, നിര്‍ണായക ഘട്ടങ്ങളില്‍ ബാറ്റിംഗിലൂടെ ടീമിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
- പ്രസിദ് കൃഷ്ണ
പത്ത് കോടി രൂപയ്ക്ക് രാജസ്ഥാന്‍ സ്വന്തമാക്കിയ ഇന്ത്യന്‍ പേസര്‍ പ്രസിദ് കൃഷ്ണയുടെ പ്രകടനം പരിക്കുകള്‍ മൂലം തടസ്സപ്പെട്ടു. 2022 ഐപിഎല്ലില്‍ 17 മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും തുടര്‍ന്നുണ്ടായ പരിക്കുകള്‍ അദ്ദേഹത്തിന്റെ കരിയറിനെ ബാധിച്ചു. നിരവധി നിര്‍ണായക മത്സരങ്ങളില്‍ കളിക്കാന്‍ കഴിയാതെ പോയ പ്രസിദ് കൃഷ്ണയെ രാജസ്ഥാന്‍ ഒഴിവാക്കാന്‍ സാധ്യതയുണ്ട്.
- ഷിംറോണ്‍ ഹെറ്റ്‌മെയര്‍
7.75 കോടി രൂപയ്ക്ക് രാജസ്ഥാനില്‍ എത്തിയ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 41 മത്സരങ്ങളില്‍ നിന്ന് 726 റണ്‍സ് നേടിയിട്ടുണ്ട്. മധ്യ ഓവറുകളില്‍ ടീമിന് വേണ്ടി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ ഹെറ്റ്‌മെയര്‍ക്ക് കഴിയുമെങ്കിലും അദ്ദേഹത്തിന്റെ നിലവിലെ ഫോം രാജസ്ഥാന് ആശങ്കയുണ്ടാക്കുന്നു. ‘റൈറ്റ് ടു മാച്ച്’ കാര്‍ഡ് ഉപയോഗിച്ച് ഹെറ്റ്‌മെയറെ തിരികെ ടീമിലെത്തിക്കാന്‍ രാജസ്ഥാന്‍ ശ്രമിച്ചേക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.